Connect with us

Articles

പുതിയ കാല്‍വെപ്പുമായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പുതുതായി നിര്‍മിച്ച മന്ദിര സമുച്ചയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തിരുവനന്തപുരത്ത് ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന കോണ്‍ഗ്രസ് ഘടകം ഇത്രയും ബൃഹത്തായ ഒരു വികസനപഠന ഗവേഷണ പരിശീലനകേന്ദ്രത്തിന് രൂപം നല്‍കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അല്ലാത്തവര്‍ക്കും പ്രയോജനപ്പെടുന്ന, ഭാവിയെക്കുറിച്ച് നൂതന കാഴ്പ്പാട് പകരുന്ന, ഈ സ്ഥാപനം കെ പി സി സിയുടെ ചരിത്രത്തിലെ നാഴികക്കല്ലും ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ സംബന്ധിച്ചിടത്തോളം തികച്ചും അനുകരണീയമായ ഒരു മാതൃകയുമാണ്. ഭാവിയില്‍ ഇന്ത്യയിലെ ഏറ്റവും സുസജ്ജമായ പഠന ഗവേഷണ പരിശീലന സ്ഥാപനമാക്കി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം.
ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് ഒരു ആധുനിക രാഷ്ട്രമെന്ന നിലയില്‍ കൈപിടിച്ചുയര്‍ത്തണമെന്ന അദമ്യമായ അഭിലാഷം വെച്ചുപുലര്‍ത്തിയ, യുവത്വത്തിന്റെ പ്രതീകമായ നേതാവായിരുന്നു, അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി. രാഷ്ട്രീയത്തിലെ ജീര്‍ണതകള്‍ അവസാനിപ്പിക്കുന്നതിനും സാമൂഹികനീതി ഉറപ്പ് വരുത്തുന്ന തരത്തില്‍ ജനങ്ങളില്‍ വികസനത്തിന്റെ സദ്ഫലം എത്തിച്ചുകൊടുക്കുന്ന മാധ്യമമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം മാറ്റുന്നതിനും കഠിനയത്‌നം നടത്തിയ നേതാവായിരുന്നു അദ്ദേഹം. ഇന്ത്യയിലെ യുവജനങ്ങളില്‍ അദ്ദേഹം അങ്ങേയറ്റം വിശ്വാസമര്‍പ്പിച്ചു. ശാസ്ത്ര സാങ്കേതികവിദ്യകളിലൂടെ ഒരു ആധുനിക രാഷ്ട്രമായി ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്നതിന് രാജീവ് ഗാന്ധി ദൃഢനിശ്ചയം ചെയ്തു. ദാരിദ്ര്യവും ചൂഷണവും ഇല്ലാത്ത ഒരു രാജ്യമായി ഇന്ത്യയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് അദ്ദേഹം മുന്‍ഗണന നല്‍കി. ഇന്ത്യയുടെ സര്‍വതല സ്പര്‍ശിയായ വികസനത്തിന് നിലവിലുള്ള ഭരണസമ്പ്രദായത്തിന്റെ അലകും പിടിയും മാറണമെന്ന ഉദ്ദേശ്യത്തോടെയാണ് അധികാരം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍വേണ്ടി പഞ്ചായത്തീരാജ് സംവിധാനത്തിന് അദ്ദേഹം രൂപം കൊടുത്തത്. വോട്ടവകാശപ്രായപരിധി 18 വയസ്സാക്കി യുവാക്കളെയും സംവരണത്തിലൂടെ നിശ്ചിതപ്രാതിനിധ്യം അനുവദിച്ച് വനിതകളെയും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെയും അധികാരശ്രേണിയിലേക്ക് ആനയിക്കുക എന്ന ചരിത്രം കുറിച്ച നടപടിയും ഈ അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ ഭാഗമായിരുന്നു. അങ്ങനെ ശാസ്ത്രീയമായ വികസനത്തിന് പുതിയ മുഖം നല്‍കിയ ഉള്‍ക്കാഴ്ചയുള്ള ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. രാജീവ് ഗാന്ധിയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വികസനരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉതകുന്ന ദേശീയ തലത്തിലുള്ള ഒരു മുന്‍നിര സ്ഥാപനമാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം തുടങ്ങിയതാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ്. 2005 ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 2010 മേയ് ഒമ്പതിന് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന മന്ദിരസമുച്ചയത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി എ കെ ആന്റണി നടത്തി.
ഒരു അന്തര്‍ദേശീയ വികസന പഠന ഗവേഷണ പരിശീലന കേന്ദ്രത്തിന് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും വിനോദ സഞ്ചാരകേന്ദ്രമായ നെയ്യാര്‍ ഡാമിനു സമീപമുള്ള പ്രകൃതിരമണീയമായ അഞ്ച് ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ ക്യാമ്പസില്‍ ഉണ്ട്. നാല്‍പ്പതിനായിരം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിച്ചിട്ടുള്ള കെട്ടിടത്തില്‍ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, ഫാക്കല്‍റ്റിക്കുള്ള മുറികള്‍, 1000 പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഹാള്‍, 600 പേര്‍ക്കുള്ള മറ്റൊരു ഹാള്‍, ഭക്ഷണശാല, മിനി കോണ്‍ഫറന്‍സ് ഹാളുകള്‍, ലക്ചര്‍ ഹാളുകള്‍ എന്നിവയുമുണ്ട്.
സമൂഹത്തിന്റെയും സമ്പദ്ഘടനയുടെയും മാറ്റങ്ങള്‍ക്കനുസരിച്ചുള്ള വികസനപ്രശ്‌നങ്ങളെയും വെല്ലുവിളികളെയും വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ വികസന കാഴ്ചപ്പാടുകള്‍, തന്ത്രങ്ങള്‍, നയങ്ങള്‍ എന്നിവ രൂപവത്കരിക്കുകയുമാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം, ഗവേഷണം, അധ്യാപനം, പരിശീലനം, നൈപുണ്യവികസനം, കണ്‍സള്‍ട്ടന്‍സി എന്നിവക്കും ഊന്നല്‍ നല്‍കും. കേരളത്തിലെ പ്രധാന വികസനപ്രശ്‌നങ്ങളായ സാമ്പത്തിക പിന്നാക്കാവസ്ഥ, നിക്ഷേപമുരടിപ്പ്, ദാരിദ്ര്യം, തൊഴിലില്ലായ്മ, സംസ്ഥാനത്തില്‍നിന്നു വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കുമുള്ള കുടിയേറ്റം, അടിസ്ഥാനഘടക വികസനരംഗത്തെ പ്രശ്‌നങ്ങള്‍, വര്‍ധിച്ചുവരുന്ന ആരോഗ്യ വിദ്യാഭ്യാസ പാരിസ്ഥിതികരംഗങ്ങളിലെ പ്രശ്‌നങ്ങള്‍, വികസനരംഗത്തെ പ്രാദേശിക അസന്തുലിതാവസ്ഥ, മാലിന്യനിര്‍മാര്‍ജനം, സര്‍ക്കാറിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും വികസനപദ്ധതികളുടെ രൂപവത്കരണവും നടത്തിപ്പും, സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ധനസ്ഥിതി, മദ്യപാനം സൃഷ്ടിക്കുന്ന വിപത്തുകള്‍ തുടങ്ങിയവ സംബന്ധിച്ച പഠനങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ഗണന നല്‍കും. സംസ്ഥാനത്തെ ഓരോ ജില്ലയുടെയും വികസനത്തിന് സഹായകരമായ വികസന നയരേഖകള്‍ ഓരോ പ്രദേശത്തെയും സര്‍വകലാശാലകളുടെയും ഗവേഷണസ്ഥാപനങ്ങളുടെയും മറ്റു വിദഗ്ധരുടെയും സഹകരണത്തോടെ തയ്യാറാക്കാനും ഇന്‍സ്റ്റിറ്റിയൂട്ട് ലക്ഷ്യമിടുന്നുണ്ട്.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ത്തന്നെ വികസന പഠന രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു സാധിച്ചിട്ടുണ്ട്. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ വിദേശ കുടിയേറ്റത്തെക്കുറിച്ചുള്ള ഗവേഷണ പദ്ധതിക്ക് തുടക്കം കുറിച്ചു. കേരളത്തിലെ നാല് ജില്ലകളിലെ മടങ്ങിവന്ന പ്രവാസികളെക്കുറിച്ച് സര്‍വേ നടത്തി പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. മടങ്ങിവരുന്ന പ്രവാസികളുടെ പുനരുദ്ധാരണത്തിനുള്ള റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രത്യേകിച്ച്, യു എ ഇ, കുവൈത്ത് എന്നിവിടങ്ങളിലെ ഭാരതീയപ്രവാസികളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനം, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കുടിയേറിയ തൊഴിലാളികളെക്കുറിച്ചുള്ള ഗവേഷണ പ്രോജക്ടിന്റെ ജോലി എന്നിവ പുരോഗമിക്കുന്നു. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റിന്റെ സഹകരണത്തോടെ കേരളത്തിലെ ഗ്രാമപ്പഞ്ചായത്തുകളുടെ സേവനങ്ങളെക്കുറിച്ച് 50 ഗ്രാമപഞ്ചായത്തുകളില്‍ സര്‍വേ നടത്തി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനവേളയില്‍ പ്രകാശനം ചെയ്യുന്നുണ്ട്. തൃശ്ശൂരിലെ “കില” യുമായി സഹകരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പരിശീലനത്തെക്കുറിച്ചുള്ള പഠനവും നടന്നുവരുന്നു.
ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ഒരു സുപ്രധാനചുവടുവെപ്പാണ് പുതിയ വികസനവീക്ഷണവും നയസമീപനങ്ങളും രൂപവത്കരിക്കാനായി 2001 ല്‍ നടത്തിയ ചതുര്‍ദിന “കേരള വികസന കോണ്‍ഗ്രസ്.” പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ 24 വിഷയങ്ങളെക്കുറിച്ച് 190 പ്രബന്ധനങ്ങള്‍ അവതരിപ്പിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് തയ്യാറാക്കിയ കേരളത്തിന്റെ സമഗ്രവികസനത്തിനുവേണ്ടിയുള്ള വികസനരേഖയും സമ്മേളനം ചര്‍ച്ച ചെയ്തു. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമ്പത്തിക വിദഗ്ധര്‍, സാമുഹിക സാങ്കേതികശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി. വികസന കോണ്‍ഗ്രസിനോടനുബന്ധിച്ച് തയ്യാറാക്കിയ “കേരളത്തിന്റെ സമഗ്രവികസനം – നയരൂപരേഖ”, “കേരള വികസന കോണ്‍ഗ്രസ് – പ്രബന്ധ സംഗ്രഹം” എന്നിവ പ്രസിദ്ധീകരിച്ചു. പ്രസ്തുത സമ്മേളനത്തിന്റെ നയനിര്‍ദേശങ്ങള്‍ യു ഡി എഫിന്റെ പ്രകടനപത്രിക തയ്യാറാക്കുന്നതിനും സംസ്ഥാന സര്‍ക്കാറിന്റെ നയരൂപവത്കരണത്തിനും അടിത്തറ പാകി.
ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് മുന്നോട്ടുവച്ച പല നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ 12 -ാം പദ്ധതി സംബന്ധിച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പല നിര്‍ദേശങ്ങളും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗീകരിക്കുകയുണ്ടായി. അതുപോലെ, ഇന്ത്യയുടെ 12 -ാം പദ്ധതി സമീപന രേഖയെ അടിസ്ഥാനമാക്കി ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ പല നിര്‍ദേശങ്ങളും അംഗീകരിക്കപ്പെട്ടു.
സംസ്ഥാന വികസന വിഷയങ്ങള്‍ക്കു പുറമേ ദേശീയ പ്രശ്‌നങ്ങളും പഠനവിധേയമാക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി സംസ്ഥാനത്തും പുറത്തുമുള്ള സര്‍വകലാശാലകള്‍, സാമൂഹികശാസ്ത്രരംഗത്തെ ഗവേഷണസ്ഥാപനങ്ങള്‍, വിദഗ്ധര്‍ തുടങ്ങിയവരുടെ സഹായം തേടുന്നതാണ്.

നെയ്യാര്‍ ഡാമിനടുത്ത് പുതിയ ക്യാമ്പസ് സജ്ജമാകുന്നതോടെ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി വിവിധ വിഷയങ്ങളില്‍ ഹ്രസ്വകാല പരിശീലനപരിപാടികള്‍ തുടങ്ങും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുംവേണ്ടി പദ്ധതി നടത്തിപ്പ്, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സര്‍വീസ് ഡെലിവറി, ഭരണ നടത്തിപ്പ് എന്നിവയും രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കായി വികസനപദ്ധതിരൂപവത്കരണവും നടത്തിപ്പും വനിതകള്‍ക്കുവേണ്ടി തൊഴില്‍, സ്ത്രീശാക്തീകരണം എന്നിവയും സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ തുടങ്ങാനുള്ള പരിശീലപരിപാടികള്‍ എന്നിവയും ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും കുടിയേറുന്നവര്‍ക്കും മടങ്ങിവരുന്നവര്‍ക്കും പ്രയോജനകരമായ പദ്ധതികളും ഈ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുന്നു.

എല്ലാ രാഷ്ട്രീയ സിദ്ധാന്തങ്ങളും ഒരു നവസമൂഹസൃഷ്ടി ലക്ഷ്യം വെച്ചുള്ളതാണ്. ആ സമൂഹമാകട്ടെ, വികസനത്തിലൂന്നിയാണ് ഉരുത്തിരിയുന്നതും. അങ്ങനെ, രാഷ്ട്രീയവും വികസനവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, വികസനത്തിന്റെ പുതുചക്രവാളത്തിലേക്കുള്ള വഴിത്താര വെട്ടിത്തെളിക്കുന്നത് എപ്രകാരമെന്ന് രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ അറിഞ്ഞിരിക്കണം. ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ വികസനത്തിലൂന്നിയുള്ള ഒരു നവസമൂഹസൃഷ്ടിക്കുവേണ്ടി എവ്വിധം സജ്ജരാകണമെന്നതിനെക്കുറിച്ചും ശരിക്കും ബോധവാന്മാരാകേണ്ടതുണ്ട്. അങ്ങനെ രാഷ്ട്രീയപ്രവര്‍ത്തകരെ ബോധവാന്മാരാക്കാനുള്ള പാഠ്യപദ്ധതികള്‍ക്കും ഇന്‍സ്റ്റിറ്റിയൂട്ട് രൂപം നല്‍കും. അതിലൂടെ ലക്ഷ്യബോധമുള്ള പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പരിശ്രമിക്കും.