‘ജാതീയ സംഘടനകള്‍ രാഷ്ട്രീയ സമ്മര്‍ദ ശക്തിയായി മാറുന്നു’

Posted on: September 28, 2013 8:00 pm | Last updated: September 28, 2013 at 8:00 pm

അബുദാബി: ജാതീയ സംഘടനകള്‍ മറ്റൊരു കാലത്തും ഇല്ലാത്തവിധം രാഷ്ട്രീയത്തില്‍ ഇടപെടുകയും രാഷ്ട്രീയക്കാര്‍ക്ക് മുകളില്‍ അതീവ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന ഗ്രൂപ്പായി മാറുകയും ചെയ്തിരിക്കുകയാണെന്ന് വി എസ് സുനില്‍കുമാര്‍ എം എല്‍ എ അഭിപ്രയപ്പെട്ടു.
അബുദാബി ശക്തി തിയറ്റേഴ്‌സിന്റേയും യുവകലാസാഹിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ‘കേരളീയ സമൂഹം സമകാലിക സമസ്യകള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മത സംഘടനകള്‍ കാണിച്ചിരുന്ന സുരക്ഷിതമായ അകലം ഇന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്. ഭൂഗര്‍ഭ ശുദ്ധജലത്തിന്റെ അളവ് കുറയുമ്പോള്‍ ഉപ്പ് വെള്ളം നമ്മുടെ ശുദ്ധജലത്തില്‍ കടന്നുവരുന്നതുപോലെ ജനാധിപത്യ വ്യവസ്ഥയുടെ തകര്‍ച്ചയിലൂടെ ജാതിസംഘടനകള്‍ രാഷ്ട്രീയത്തില്‍ കടന്നു കൂടിയിരിക്കുകയാണ്. ഒരു കാലത്ത് പരസ്യമായ ഇടപെടലിനു അവസരം നല്‍കാതിരുന്ന കോണ്‍ഗ്രസിലെ മന്ത്രിമാരെയും എം എല്‍ എ മാരേയും തീരുമാനിക്കുന്ന രീതിയിലേയ്ക്ക് ജാതി സംഘടനകള്‍ ശക്തി പ്രാപിച്ചിരിക്കുന്നു.
കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിനെതിരായി ബിജെപിയുടെ നേതൃത്വത്തില്‍ ഏറ്റവും തീവ്രഹൈന്ദവ വര്‍ക്ഷീയവാദിയായ നരേന്ദ്രമോഡിയെ ഇന്ത്യന്‍ ഭരണത്തിന്റെ സിരാകേന്ദ്രത്തില്‍ അവരോധിക്കുവാന്‍ കോര്‍പ്പറേറ്റുകളുടെ പിന്തുണയോടെ സംഘപരിവാരങ്ങള്‍ ശ്രമിക്കുമ്പോള്‍, കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള മുസ്ലിംലീഗ് അറബിക്കല്ല്യാണത്തിന്റേയും വിവാഹ പ്രായ പരിധിയുടേയും കാര്യത്തില്‍ മതസംഘടനകളോട് ചേര്‍ന്ന് എടുത്തിരിക്കുന്ന നിലപാട് ഹൈന്ദവ ധ്രുവീകരണത്തിനാണ് വഴിവെക്കുക. വി എസ് സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ജുനൈദ്, ജയചന്ദ്രന്‍ നായര്‍ പ്രസംഗിച്ചു.
അബുദാബി ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് എ കെ ബീരാന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാറില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം യു വാസു ആശംസകള്‍ നേര്‍ന്നു. യുവകലാസാഹിതി ജനറല്‍ സെക്രട്ടറി കുഞ്ഞികൃഷ്ണന്‍, ശക്തി തിയറ്റേഴ്‌സ് ജനറല്‍ സെക്രട്ടറി വി പി കൃഷ്ണകുമാര്‍ സംസാരിച്ചു.