Connect with us

Articles

സ്വര്‍ണ ഭ്രമവും കള്ളക്കടത്തും

Published

|

Last Updated

അനധികൃത സ്വര്‍ണക്കടത്ത് വന്‍ തോതില്‍ കൂടിയതായാണ് ഈയിടെയായി വിവിധ വിമാനത്താവളങ്ങളില്‍ നടന്ന സ്വര്‍ണ വേട്ടകളുടെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. കൊച്ചി വിമാനത്താവളത്തില്‍ രണ്ട് യുവതികളെ ഉപയോഗിച്ചു 20 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസ് ഇപ്പോള്‍ മനുഷ്യക്കടത്ത്, ഹവാല, രാഷ്ട്രീയ ബന്ധം തുടങ്ങി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കയാണ്. കഴിഞ്ഞ ജൂലൈ 18ന് മലപ്പുറം സ്വദേശിയില്‍ നിന്ന് ഷോക്‌സില്‍ പൊതിഞ്ഞു ഷൂവില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണക്കട്ടിയും ജൂലൈ 22ന് ദുബൈയില്‍ നിന്നും എമിറെയ്റ്റ് എയര്‍ലൈന്‍സില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തലശ്ശേരി സ്വദേശികളായ ദമ്പതികളില്‍ നിന്ന് നാല് കിലോ സ്വര്‍ണവും പിടികൂടിയിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് തന്നെ ജൂലൈ 11ന് കാസര്‍കോട് സ്വദേശിയില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണവും ജനുവരി 25ന് മുംബൈ സ്വദേശി ദേവാറാം ചൗധരി, അങ്കമാലി സ്വദേശി രാജു എന്നിവരില്‍ നിന്ന് സ്യൂട്ട്‌കേസില്‍ പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ നിലയില്‍ കൊണ്ടുവന്ന ആര് കോടി 59 ലക്ഷത്തിലധികം വില വരുന്ന ഇരുപത്തൊന്നര കിലോ സ്വര്‍ണവും കണ്ടെടുക്കുകയുണ്ടായി. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് നിരന്തരം സ്വര്‍ണക്കടത്ത് വേട്ട റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വിമാനത്താവളങ്ങളിലെ സ്വര്‍ണക്കടത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണ് പിടികൂടുന്നത്. ഉന്നത കള്ളക്കടത്ത് സംഘങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വര്‍ണക്കടത്തിന് നേരെ പലപ്പോഴും അധികൃതര്‍ കണ്ണടക്കുകയാണെന്നാണ് ഏറ്റവും ഒടുവില്‍ പിടികൂടിയ ഫവാസ് പ്രതിയായ സ്വര്‍ണക്കടത്തിലേതടക്കം പല കേസുകളിലെയും വിവരങ്ങള്‍ വ്യക്തമാക്കുന്നുത്. നെടുമ്പാശ്ശേരിയില്‍ ഈ മാസം 19ന് ഫയാസിന്റെ സഹായികളായ രണ്ട് സ്ത്രീകളില്‍ നിന്ന് പര്‍ദക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ 20 കിലോ സ്വര്‍ണം പിടിച്ചത് ഗ്രീന്‍ ചാനല്‍ കടന്ന ശേഷമാണ്.
സുരക്ഷിത മേഖല പരിശോധന കൂടാതെ കടക്കാന്‍ അവരെ സഹായിച്ചത് കസ്റ്റംസ് ഉദ്യേഗസ്ഥരാണെന്ന് സി ബി ഐ കണ്ടെത്തുകയുണ്ടായി. കള്ളക്കടത്തുകാര്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്ന ഈ ഉദ്യോഗസ്ഥ വര്‍ഗം വര്‍ഷങ്ങളോളം മരുഭൂവില്‍ വിയര്‍പ്പൊഴുക്കി നാട്ടില്‍ വരുമ്പോള്‍ ഭാര്യക്കോ മകള്‍ക്കോ സഹോദരിക്കോ വേണ്ടി രണ്ടോ മൂന്നോ പവന്‍ കൊണ്ടുവരുന്ന സാധാരണക്കാരനായ പ്രവാസിയെ പരിശോധനയുടെ പേരില്‍ പീഡിപ്പിക്കുകയും പരമാവധി പിഴി-യുകയും ചെയ്യുന്നു.

നികുതി ഒടുക്കാതെ യാത്രക്കാര്‍ക്ക് കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ അളവ് സംബന്ധിച്ച നിയമത്തിന്റെ അപര്യാപ്തതയാണ് സാദാ യാത്രക്കാരെ പീഡിപ്പിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സഹായമാകുന്നത്. 25 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ നിയമപ്രകാരം നികുതിയില്ലാതെ സ്ത്രീക്ക് പരമാവധി 20,000 രൂപയുടെയും പുരുഷന് 10,000 രുപയുടെയും ആഭരണങ്ങളേ നികുതി കൂടാതെ കൊണ്ടുവരാന്‍ അനുമതിയുള്ളു. സ്ത്രീക്ക് ഒരു പവനില്‍ താഴെയും പുരുഷന് അരപ്പവനില്‍ താഴെയും ആഭരണങ്ങള്‍ മാത്രം. ഈ നിയമം ആവിഷ്‌കരിക്കുന്ന കാലത്ത് പവന് 975 രൂപയായിരുന്നു വില. അന്ന് സ്ത്രീക്ക് 20 പവനും പുരുഷന് 10 പവനും കൊണ്ടുവരാമായിരുന്നു. സ്വര്‍ണ വില അക്കാലത്തെ അപേക്ഷിച്ചു 25 മടങ്ങ് വര്‍ധിച്ചിട്ടും വ്യവസ്ഥക്ക് മാറ്റം വന്നിട്ടില്ല.
ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയാണ് സര്‍ണക്കടത്ത് ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാപാര വൃത്തങ്ങള്‍ പറയുന്നത്. ഈ വര്‍ഷം മാത്രം നാല് തവണയാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രം വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷാവസാനം നാല് ശതമാനമായിരുന്നു തീരുവ. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അത് ആറ് ശതമാനവും ഏപ്രിലില്‍ എട്ട് ശതമാനവുമാക്കി. അന്ന് ധനകാര്യ മന്ത്രി പി ചിദംബരം പറഞ്ഞിരുന്നത് തീരുവ വര്‍ധന കള്ളക്കടത്തിന് ഇടയാക്കുന്നതിനാല്‍ ഇനിയും തീരുവ വര്‍ധിപ്പിക്കില്ലെന്നായിരുന്നു. എന്നാല്‍ വാക്ക് പാലിക്കാന്‍ സര്‍ക്കാറിനായില്ല. താമസിയാതെ തന്നെ ജൂണ്‍ എട്ടിന് പിന്നെയും രണ്ട് ശതമാനം കൂട്ടി പത്തിലേക്ക് ഉയര്‍ത്തി. ഈ മാസം 17ന് നാലാമതും കുത്തനെ ഉയര്‍ത്തി തീരുവ പത്തില്‍ നിന്ന് പതിനഞ്ച് ശതമാനത്തിലെത്തിച്ചു. കേന്ദ്ര നികുതിക്ക് പുറമെ കേരള സര്‍ക്കാറിന്റെ ഒരു ശതമാനം നികുതി വേറെയുമുണ്ട്.

ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് തടയാന്‍ സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ ഉയര്‍ത്തിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ വിപരീത ഫലമാണ് ഇതുളവാക്കിയത്. തീരുവ ഉയര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ച പോലെ രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി കുറഞ്ഞില്ല. ആളുകള്‍ നിയമാനുസൃത മാര്‍ഗത്തില്‍ നിന്ന് കള്ളക്കടത്തിനെ കൂടുതലായി ആശ്രയിച്ചുവെന്നു മാത്രം. ഇത് മൂലം തീരുവ ഇനത്തില്‍ സര്‍ക്കാറിന് ലഭിക്കേണ്ട സംഖ്യയില്‍ കുറവ് സംഭവിച്ചു. സാമ്പത്തികമാന്ദ്യ സമയത്ത് ഡോളറിന്റെ മൂല്യത്തിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് നിക്ഷേപകര്‍ കൂടുതലായും സ്വര്‍ണത്തിലേക്ക് തിരിഞ്ഞിരുന്നു. ഗള്‍ഫില്‍ സ്വര്‍ണം വാങ്ങിക്കുമ്പോഴുള്ള വിലവ്യത്യാസവും ഗുണനിലവാരവും ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ പ്രധാന നിക്ഷേപമാര്‍ഗവും സ്വര്‍ണമാക്കി മാറ്റി. ഇത് നിയമാനുസൃതമായി നാട്ടിലെത്തിക്കാന്‍ കൂടുതല്‍ തീരുവ ഒടുക്കേണ്ടി വരുമ്പോള്‍ അവര്‍ വളഞ്ഞ വഴി സ്വീകരിക്കുക സ്വാഭാവികം.
നികുതി വെട്ടിപ്പ് നടത്താനും മറ്റാരും അറിയാതെ സ്വത്ത് സ്വരൂപിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗവുമാണ് സ്വര്‍ണ നിക്ഷേപം. ഒരു വ്യക്തിയുടെ കൈവശം എത്ര ഭൂമിയുണ്ടെന്ന് നാട്ടുകാര്‍ക്കോ അയല്‍ക്കാര്‍ക്കോ അറിയാന്‍ സാധിച്ചേക്കും. ഭൂമി വില്‍ക്കുമ്പോള്‍ നികുതി കുറച്ചു കാട്ടി ലാഭമുണ്ടാക്കാനാകുമെങ്കിലും ഇപ്പോള്‍ ഭൂമിക്ക് സര്‍ക്കാര്‍ തലത്തില്‍ കുറഞ്ഞ വില നിശ്ചയിച്ച സാഹചര്യത്തില്‍ അത് മുമ്പത്തെ പോലെ സൗകര്യപ്രദമല്ല. എന്നാല്‍ ഒരാളുടെ കൈവശം എത്ര സ്വര്‍ണമുണ്ടെന്ന് നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും മാത്രമല്ല, സ്വന്തം വീട്ടുകാര്‍ക്ക് തന്നെയും അറിയണമെന്നില്ല. സ്വര്‍ണം വില്‍ക്കുമ്പോള്‍ നികുതി ഒടുക്കണമെന്നുമില്ല. സ്വര്‍ണം വാങ്ങുന്നത് രേഖകളില്‍ ചേര്‍ക്കാനോ വില്‍ക്കുമ്പോള്‍ നികുതി രേഖപ്പെടുത്താനോ ഫലപ്രദമായ സംവിധാനങ്ങള്‍ ഇന്നില്ല.
കള്ളക്കടത്തുകാര്‍ക്കും ഇത് കൊയ്ത്തിന് അവസരമൊരുക്കി. ഒരു കിലോയുടെ സ്വര്‍ണ ബിസ്‌കറ്റ് വെട്ടിച്ച് നാട്ടിലേക്ക് കടത്തിയാല്‍ മൂന്ന് ലക്ഷം വരെ ഒറ്റയടിക്ക് ലാഭമുണ്ടാകുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പിന്നെ അവര്‍ വെറുതെയിരിക്കുമോ? ഇപ്പോള്‍ പിടികൂടിയ സ്വര്‍ണക്കടത്തിന്റെ അനേക മടങ്ങ് മുമ്പ് അധികൃതരുടെ കണ്ണ് വെട്ടിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയും കടത്തിയിട്ടുണ്ടാകണം. അതുകൊണ്ട് ഇടക്കുണ്ടാകുന്ന വേട്ടകളിലെ നഷ്ടം അവരെ സംബന്ധിച്ചിടത്തോളം ലാഭത്തില്‍ സംഭവിക്കുന്ന കൊച്ചു കൊച്ചു നഷ്ടങ്ങളാണെന്നതിനാല്‍ സ്വര്‍ണ കള്ളക്കടത്ത് ഇതുകൊണ്ടൊന്നും അവസാനിക്കില്ല.
സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരന്റെ അമിതഭ്രമത്തിന് മാറ്റം വരാത്ത കാലത്തോളം ഒരു നിയമത്തിനും തടയാന്‍ കഴിയില്ല അനധികൃത സ്വര്‍ണക്കടത്ത്. സ്വര്‍ണ ഉപഭോഗത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയാണ് പ്രഥമ സ്ഥാനത്ത്. ലോകത്ത് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത് ഏകദേശം 4000 ടണ്‍ സ്വര്‍ണമാണ്. എന്നാല്‍, ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടുന്നത് ആഗോള തലത്തില്‍ ഉത്പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ നാലിലൊന്നാണ്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 960 ടണ്‍ സ്വര്‍ണമാണ്. 2012-13 വര്‍ഷത്തെ ഇറക്കുമതി 830 ടണ്‍ സ്വര്‍ണമാണെങ്കിലും രാജ്യത്തെ പഴയ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി പുതിയ ആഭരണങ്ങളാക്കി 1,200 ലേറെ ടണ്‍ സ്വര്‍ണം വേറെയും വിപണിലെത്തിച്ചിട്ടുണ്ട്. സാമ്പത്തികമായി ഇന്ത്യയേക്കാള്‍ എത്രയോ ഉയര്‍ന്ന അമേരിക്കന്‍ ജനത വാങ്ങുന്നത് നാം വാങ്ങുന്നതിന്റെ അഞ്ചിലൊന്ന് സ്വര്‍ണം മാത്രമാണെന്നറിയുക.