Connect with us

Editorial

തിരസ്‌കാര വോട്ട് വരുമ്പോള്‍

Published

|

Last Updated

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ക്കും ഗുണകരമായ മാറ്റങ്ങള്‍ക്കും സാധ്യതയേകുന്നതാണ് തിരസ്‌കാര വോട്ടിന് അനുമതി നല്‍കുന്ന സുപ്രീം കോടതിവിധി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ആരും തന്നെ സമ്മതിദായകനു സ്വീകാര്യനല്ലെങ്കില്‍ ആര്‍ക്കും വോട്ടില്ലെന്ന് രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്നാണ് തിരസ്‌കാര വോട്ടിന് അവകാശമുന്നയിച്ച് പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി യു സി എല്‍) സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി അംഗീകരിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഇതിനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ബട്ടണ്‍ സംവിധാനിക്കാനും അടുത്ത തിരഞ്ഞെടുപ്പില്‍ തന്നെ ഇത് നടപ്പാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചിരിക്കയാണ്. ഫലപ്രഖ്യാപനത്തില്‍ തിരസ്‌കാര വോട്ടുകളുടെ എണ്ണം വെളിപ്പെടുത്താനും വോട്ടര്‍മാരില്‍ 50 ശതമാനത്തിന് മുകളില്‍ തിരസ്‌കാരവോട്ട് രേഖപ്പെടുത്തിയാല്‍ പ്രസ്തുത മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിക്കുന്നു.

കോടതി വിധിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോജിക്കുകയും സ്വാഗതം ചെയ്യുകയുമുണ്ടായി. തിരസ്‌കാരവോട്ട് നടപ്പാക്കാന്‍ കമ്മീഷന്‍ നേരത്തെ ആലോചിച്ചതാണ്. ഇതു സംബന്ധിച്ചു നിയമനിര്‍മാണത്തിന് ശിപാര്‍ശ ചെയ്തു 2001 ഡിസംബര്‍ 10നും 2004 ജൂലൈ അഞ്ചിനും രണ്ട് തവണ കേന്ദ്രത്തിനു കത്ത് നല്‍കിയ കാര്യം കമ്മീഷന്‍ ചൂണ്ടുക്കാട്ടുന്നു.
പല വിദേശ രാജ്യങ്ങളിളും ഇപ്പോള്‍ തന്നെ നിലവിലുള്ള തിരസ്‌കാരവോട്ട് സംവിധാനം സുപ്രീം കോടതി പ്രത്യാശിക്കുന്നത് പോലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശുദ്ധീകരണത്തിന് ഉപകരിച്ചേക്കും. അഴിമതിയില്‍ മുങ്ങിക്കുളിച്ചവരും സദാചാര ബോധം തൊട്ടുതീണ്ടാത്തവരുമാണ് നിലവില്‍ രാഷ്ട്രീയ നതൃത്വങ്ങളില്‍ ഗണ്യഭാഗവും. കട്ടും മുടിച്ചും നാടിനെ കൂട്ടിച്ചോറാക്കുകയാണോ രാഷ്ട്രീയക്കാരുടെ ധര്‍മ്മമെന്ന് ചിന്തിച്ചു പോകും, സമാന കാലത്ത് പുറത്തു വന്ന അഴിമതിക്കേസുകളിലൂടെ പൊതുഖജാനാവില്‍ നിന്ന് ചോര്‍ന്ന സഹസ്രകോടികളുടെയും രാജ്യത്തെ ജനപ്രതിനിധികളിലെ ക്രമിനലുകളുടെയും കണക്ക് കേട്ടാല്‍. 2ജി ലൈസന്‍സ് കേസില്‍ 1.76 ലക്ഷം കോടി, കോമണ്‍വെല്‍ത് ഗെയിംസില്‍ 70,000 കോടിയിലെ അഴിമതി, സത്യം കമ്പ്യൂട്ടേഴ്‌സിന്റെ പേരില്‍ നടന്ന 14000 കോടിയുടെ തട്ടിപ്പ്, 900 കോടിയുടെ കാലിത്തീറ്റ കുംഭകോണം, മുദ്രപേപ്പര്‍ കംഭകോണത്തില്‍ 30,000 കോടി, കല്‍ക്കരി അഴിമതിയില്‍ 1.20 ലക്ഷം കോടി എന്നിങ്ങനെ നീളുന്നു കുംഭകോണങ്ങളിലുടെ രാജ്യത്തിന് നഷ്ടമായ ഭീമമായ തുകകളുടെ പട്ടിക. 1991 മുതലുള്ള സാമ്പത്തിക അഴിമതികളില്‍ 73 ലക്ഷം കോടി രൂപ രാജ്യത്തിന് നഷ്ടമായിട്ടുണ്ടെന്നാണ് “ഔട്ട്‌ലുക്ക്” തയ്യാറാക്കി അവതരിപ്പിച്ച കണക്കുകള്‍ കാണിക്കുന്നത്. നിലവിലെ ജനപ്രതിനിധികളില്‍ മൂന്നിലൊന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. എം പിമാരും എം എല്‍ എമാരും ഉള്‍പ്പെടെ രാജ്യത്തെ 4807 ജനപ്രതിനിധികളില്‍ 1448 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെന്നാണ് നാഷനല്‍ ഇലക്ഷന്‍ വാച്ച്” നടത്തിയ പഠനം വ്യക്തമാക്കുന്നത്. 543 എം പിമാരില്‍ 162 പേര്‍ക്കെതിരെയും 4032 എം എല്‍ എമാരില്‍ 1258 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മത്സരിക്കുന്നത് സുപ്രീം കോടതി വിലക്കിയപ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്നതിന് പകരം ക്രിമിനലുകളെ സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുക പോലുമുണ്ടായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു സ്ഥാനാര്‍ഥിക്കും വോട്ട് നല്‍കേണ്ടെന്ന് തീരുമാനിക്കാന്‍ വോട്ടര്‍ക്ക് അവാകാശം നല്‍കേണ്ടതല്ലേ.
കോടതി വിധിയോട് രാഷ്ട്രീയ പാര്‍ട്ടികള്‍ വിയോജിക്കുക സ്വാഭാവികം. വോട്ട് ചെയ്യാതിരിക്കുന്നത് ഭരണഘടനാ തത്വത്തിന്റെ ലംഘനം, ജനാധിപത്യ പ്രക്രിയയുടെ നിരാകരണം തുടങ്ങിയ ന്യായവാങ്ങളും അവര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കെങ്കിലും വോട്ട് ചെയ്യുക എന്നതല്ല ഭരണഘടനാ തത്വം; നാടിനും ജനങ്ങള്‍ക്കും ഗുണപ്രദമാകുന്ന നല്ല സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യലാണ്. അപ്പോഴാണ് തിരഞ്ഞെടുപ്പ് സാര്‍ഥകമാകുന്നത്. സ്ഥാനാര്‍ഥി പട്ടകയില്‍ വോട്ടറുടെ പ്രാതിനിധ്യ മാനദണ്ഡങ്ങള്‍ക്ക് അനുയോജ്യരായ ആരെയും കാണുന്നില്ലെങ്കില്‍ വോട്ടവകാശത്തിന്റെ വിശുദ്ധിയെ മാനിച്ച് ആര്‍ക്കും വോട്ട് ചെയ്യാതിരിക്കുന്നത് ഭരണഘടനാ തത്വത്തിന്റെ ഭാഗം തന്നെയാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെയു രാഷ്ട്രീയത്തിന്റെയും ശുദ്ധീകരണം ലക്ഷ്യമാക്കി നീതിന്യായ പീഠങ്ങള്‍ ഇത്തരം വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ അതിനെ നിരാകരിക്കാനും പുതിയ നിയമനിര്‍മാണങ്ങളിലൂടെ മറികടക്കാനും ശ്രമിക്കുന്നതിന് പകരം കോടതിയെ ഇത്തരമൊരു നിരീക്ഷണത്തിലെത്തിച്ച സാഹചര്യമെന്തെന്ന് കണ്ടെത്തി അത് പരിഹരിക്കുകയാണ് വേണ്ടത്. “ചീത്ത വഴിയിലൂടെ ജയിക്കുന്നതിലും നല്ലത്, നല്ല വഴിയിലൂടെ തോല്‍ക്കുന്നതാണെ”ന്ന് ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ പറയുകയുണ്ടായി. ഇന്ന് നല്ല വഴിയിലൂടെ മത്സരിച്ചു ജയിക്കുന്നവര്‍ എത്ര പേരുണ്ട്?