വിദേശ പങ്കാളിത്തത്തോടെ ദുബൈ രണ്ടാമത്തെ റിഫൈനറി സ്ഥാപിക്കാന്‍ ഒരുങ്ങുന്നു

Posted on: September 27, 2013 7:53 pm | Last updated: September 27, 2013 at 7:54 pm

ദുബൈ: എമിറേറ്റിന്റെ എണ്ണ ആവശ്യങ്ങള്‍ക്ക് സ്വയംപര്യാപ്തത ലക്ഷ്യമിട്ട് റിഫൈനറി സ്ഥാപിക്കാന്‍ ദുബൈ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ചൈനയുടെയും അംഗോളയുടെയും പങ്കാളിത്വത്തോടെയാവും ദുബൈ രണ്ടാമത്തെ റിഫൈനറി സ്ഥാപിക്കുക. ദുബൈ സുപ്രിം കൗണ്‍സില്‍ ഓഫ് എനര്‍ജിയും ചൈനയിലെ സൊനാങ്കോള്‍ ഗ്രൂപ്പും അങ്കോള ഓയല്‍ പ്രൊഡ്യൂസര്‍ കമ്പനിയായ ന്യൂ ബ്രൈറ്റ് ഇന്റെര്‍നാഷ്ണലുമായാണ് ഇതു സംബന്ധിച്ച ധാരണയായത്.
ആഭ്യന്തര ആവശ്യങ്ങള്‍ക്കും അന്താരാഷ്ട്ര കമ്പോളം ലക്ഷ്യമാക്കിയുമാവും ഉല്‍പ്പന്നങ്ങള്‍ റിഫൈനറി പുറത്തിറക്കുകയെന്ന് ദുബൈ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് സര്‍ക്കാര്‍ കമ്പനിയായ സിനോപക്കുമായി ചേര്‍ന്ന് ചൈനയില്‍ ഓയല്‍ കുഴിച്ചെടുക്കുകയും അങ്കോളയില്‍ വജ്ര ഖനി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് സൊനാങ്കോള്‍ ഗ്രൂപ്പ്. മൂന്നു രാജ്യങ്ങളും കൂടിച്ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാവും റിഫൈനറിയുടെ രൂപകല്‍പ്പനയും സാമ്പത്തിക ചെലവുകളും വഹിക്കുക.
റിഫൈനറിയുടെ ഉല്‍പ്പാദന ക്ഷമത എത്രയായിരിക്കുമെന്ന കാര്യം ദുബൈ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എത്ര തുകയാണ് പദ്ധതിക്ക് ചെലവ് വരിക, എവിടെ നിന്നുമാവും അസംസ്‌കൃത എണ്ണ റിഫൈനറിക്കായി എത്തിക്കുക എന്നീ കാര്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
നിലവില്‍ എമിറേറ്റിലുള്ള റിഫൈനറി ജബല്‍ അലിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം 1,20,000 ബാരല്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് എമിറേറ്റ്‌സ് നാഷ്ണല്‍ ഓയല്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ റിഫൈനറി. യു എ ഇയില്‍ മൂന്നു റിഫൈനറികള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ഷാര്‍ജ, അബുദാബി, റുവൈസ് എന്നിവിടങ്ങളിലാണിവ. റുവൈസിലെ റിഫൈനറി 1,000 കോടി യൂ എസ് ഡോളര്‍ മുടക്കി കുറച്ച് മുമ്പ് പരിഷ്‌ക്കരിച്ചിരുന്നു.
അബുദാബി നാഷ്ണല്‍ ഓയല്‍ കമ്പനി(അഡ്‌നോക്)യും അബുദാബിയിലെ റിഫൈനറി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ദിനേന ഒമ്പത് ലക്ഷം ലിറ്റര്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാവുന്ന തലത്തിലാണ് ഇത് വികസിപ്പിക്കുക. രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ സ്വയം പര്യാപ്തയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടികള്‍.
എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പെട്രോള്‍ വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അഡ്‌നോക്.