Connect with us

Wayanad

ഫാസിസത്തിനെതിരെ മതേതര കോട്ട ഉയര്‍ന്നു വരണം: സമദാനി

Published

|

Last Updated

കല്‍പറ്റ: മതേതര മൂല്യങ്ങള്‍ കടപുഴക്കിയ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഫാസിസത്തെ തടയിടാന്‍ മതേതര കോട്ടകള്‍ ഉയര്‍ന്നു വരണമെന്ന് മുസ് ലിംലീഗ് അഖിലേന്ത്യ സെക്രട്ടറി അബ്ദുസ്സമദ് സമദാനി. യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി കല്‍പറ്റയില്‍ സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ലക്ഷ്യത്തോടെയുള്ള ലീഗിന്റെ പാര്‍ലമെന്റ് കണ്‍വെന്‍ഷനുകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയല്ല. ലീഗ് ചെറിയ പാര്‍ട്ടിയാണെങ്കിലും ഇന്ത്യയുടെ രാഷ്ട്രീയ ചതിക്കുഴികള്‍ ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞവരാണ്. രാഷ്ട്രീയ ശില്‍പികളില്‍ രാഷ്ട്രീയക്കാരുടെ എക്കാലത്തെയും മാതൃകാ പുരുഷനായിരുന്നു സി എച്ച്. ഭരണാധികാരി, എഴുത്തുകാരന്‍, പത്രാധിപര്‍, സാഹിത്യകാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സിഎച്ചിനോളം ശോഭിച്ചവരുടെ എണ്ണം കുറവാണെന്നും സമദാനി പറഞ്ഞു. ജില്ലാ പ്രസിഡന്റ് യഹ് യഖാന്‍ തലക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം നടക്കുവോളം ലീഗ് അഭിപ്രായം പറയുമെന്നും വോട്ട് ബേങ്ക് കാട്ടി ലീഗിനെ ആരെങ്കിലും വിരട്ടാമെന്നത് വ്യാമോഹം മാത്രമാണെന്ന് സി എച്ച് അനുസ്മരണ പ്രഭാഷണം നടത്തിയ കെ എം ഷാജി എം എല്‍ എ അഭിപ്രായപ്പെട്ടു. മുസ് ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തിന്റെ പേരില്‍ ലീഗിനെ വിചാരണ ചെയ്യുന്ന പിണറായിമാരുടെ കുഴിമാടങ്ങള്‍ തോണ്ടിയാല്‍ പലരും പുറത്ത് വരുമെന്ന കാര്യം സഖാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. നെഞ്ചില്‍ വെടിയുണ്ടകള്‍ ഏറ്റു വാങ്ങാന്‍ പോയവര്‍ പിന്നില്‍ കൊതുക് കടിയേറ്റ് മടങ്ങിയത് നാണക്കേടാണെന്നും ഷാജി പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി പി ഇസ്മാഈല്‍ സ്വാഗതം പറഞ്ഞു. പി പി എ കരീം, കെ കെ അഹമ്മദ് ഹാജി, കെ എ മുജീബ്, കെ എം ഷബീര്‍ അഹമ്മദ്, റസാഖ് കല്‍പറ്റ, പി കെ അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Latest