സ്വര്‍ണക്കടത്തും ഉദ്യോഗസ്ഥരും

Posted on: September 27, 2013 6:00 am | Last updated: September 26, 2013 at 9:20 pm

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍ ഉള്‍പ്പെടെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതോടെ കള്ളക്കടത്തുകാരും കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധം കൂടുതല്‍ വെളിച്ചത്തായിരിക്കയാണ്. ഈ മാസം 19ന് 20 കിലോ സ്വര്‍ണവുമായി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ട് സ്ത്രീകള്‍ പിടിയിലായ കേസിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായത്. കള്ളക്കടത്ത് റാക്കറ്റിലെ മുഖ്യകണ്ണി ഫയാസിന്റെ സഹായികളായ ഈ സ്ത്രീകളെ ഗ്രീന്‍ ചാനല്‍ വഴി പുറത്തു കടക്കാന്‍ സഹായിച്ചത് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ട്.
വിദേശ രാഷ്ട്രങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരുടെ അനധികൃത കടത്ത് കണ്ടെത്താനും തടയാനും ബാധ്യസ്ഥരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉന്നത കള്ളക്കടത്ത് ലോബികള്‍ക്ക് ഒത്താശകള്‍ ചെയ്തു കൊടുക്കുന്ന സംഭവങ്ങള്‍ മുമ്പും പലപ്പോഴായി വെളിച്ചത്ത് വന്നിട്ടുണ്ട്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ വഴിയും വന്‍തോതില്‍ കള്ളക്കടത്ത് നടക്കുമ്പോള്‍ ചെറിയൊരു ശതമാനം മാത്രമാണ് പിടിക്കപ്പെടുന്നത്. കള്ളക്കടത്തുകാരില്‍ ഭൂരിഭാഗവും കസ്റ്റംസ് ഉദ്യോഗസ്ഥരുട അറിവോടെ തന്നെ രക്ഷപ്പെടുകയാണ്. ഇതുവഴി പോക്കറ്റിലെത്തുന്ന ലക്ഷങ്ങള്‍ കൊണ്ട് തൃപ്തരാകാതെ, സാധാരണക്കാരായ യാത്രക്കാരെ വിരട്ടിയും ഭീഷണിപ്പെടുത്തിയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പണം തട്ടുന്നതായും പരാതികളുയര്‍ന്നിട്ടുണ്ട്. കരിപ്പൂരില്‍ ഓരോ ഗള്‍ഫ് വിമാനം ലാന്റ് ചെയ്യുമ്പോഴും എട്ട് ലക്ഷം രൂപയാണത്രെ കസ്റ്റംസുകാര്‍ യാത്രക്കാരില്‍ നിന്ന് പിഴിഞ്ഞെടുക്കുന്നത്. പ്യൂണിനെ ഉപയോഗിച്ചുള്ള നാടകത്തിലൂടെയാണ് ഉദ്യോഗസ്ഥരുടെ പിടിച്ചു പറിയെന്നാണ് ചില മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. യാത്രക്കാരന്റെ ലഗ്ഗേജിലുള്ള സാധനങ്ങളെന്തെല്ലാമെന്ന് കസ്റ്റംസ് എക്‌റേയിലൂടെ മനസ്സിലാക്കുന്ന ഉദ്യോഗസ്ഥര്‍, ലഗ്ഗേജിന് നിയമാനുസൃത ഇളവുകളൊന്നും പിരഗണിക്കാതെ വന്‍തോതില്‍ ഡ്യൂട്ടി ചുമത്തും. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന യാത്രക്കാരനെ, ആയിരമോ ആയിരത്തഞ്ഞൂറോ കൈക്കൂലി കൊടുത്ത് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ കസ്റ്റംസ് പ്യൂണ്‍ ഉപദേശിക്കും. ഈ തുകക്കുള്ള ഇന്ത്യന്‍ കറന്‍സി ഉദ്യോഗസ്ഥര്‍ക്ക് സ്വീകാര്യമല്ല. വിദേശ നാണ്യം തന്നെ ലഭിക്കണം. ഇങ്ങനെ വാങ്ങിക്കൂട്ടുന്ന തുക ഉദ്യോഗസ്ഥരും പ്യൂണും തസ്തികകളുടെ പദവിക്കനുസൃതമായി വീതിച്ചെടുക്കുന്നു.
ഗള്‍ഫില്‍ പോകാനെത്തുന്ന യാത്രക്കാരുടെ കൈയില്‍ ഡോളറോ, ദീനാറോ, ദിര്‍ഹമോ ഉണ്ടെങ്കില്‍ ബലമായി പിടിച്ചെടുക്കുന്ന സംഭവങ്ങളും ധാരാളം. വിദേശത്ത് നിന്ന് നാട്ടിലെ ബന്ധുക്കള്‍ക്കയക്കുന്ന സാധനങ്ങള്‍ വ്യാജരേഖകള്‍ ഉപയോഗിച്ചു ഉദ്യോഗസ്ഥര്‍ തട്ടിയെടുത്ത സംഭവങ്ങളുമുണ്ട്. തൃശ്ശൂര്‍ സ്വദേശിനിയായ ഒരു സ്ത്രീക്ക് ഗള്‍ഫില്‍ നിന്നു വന്ന ഒരു ലക്ഷം രൂപയുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, മറ്റൊരു യാത്രക്കാരന്റെ പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചു തട്ടിയെടുത്ത കേസില്‍ കൊച്ചി കസ്റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചന്ദ്രശേഖരന്‍ ഇപ്പോള്‍ സി ബി ഐ അന്വേഷണം നേരിടുകയാണ്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മനുഷ്യക്കടത്തും വന്‍വിവാദമായതാണ്. സിവില്‍ പോലീസ് ഓഫീസറായിരുന്ന അജീബ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ ഈ കേസും സി ബി ഐ അന്വേഷണത്തിലാണ്. നെടുമ്പാശ്ശേരിയില്‍ മാത്രമല്ല, സംസ്ഥാനത്തെ മുന്ന് വിമാനത്താവളങ്ങളിലും നടക്കുന്നുണ്ട് മനുഷ്യക്കടത്ത്. തമിഴ്പുലികള്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് കടന്നതായി വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. ചെന്നൈയില്‍നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തി മതിയായ രേഖകളില്ലാതെയാണ് ഇവര്‍ അനധികൃതമായി കടന്നത്. ഈ ബിസിനസിന്റെ പങ്ക് ട്രാവല്‍ ഏജന്‍സികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിലെ ചിലര്‍ക്കും കൃത്യമായി എത്തുന്നുണ്ടെന്നാണ് വിവരം. വിമാനത്താവളങ്ങളില്‍ കാര്‍ഗോ ക്ലിയറന്‍സിനും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ ഒരു ഗള്‍ഫ് യത്രക്കാരനില്‍ നിന്ന് കാര്‍ഗോ ക്ലിയറന്‍സിന് കൈക്കൂലി വാങ്ങിയതിന് രണ്ട് ഹവില്‍ദാര്‍മാരെ കഴിഞ്ഞ ഡിസമ്പറില്‍ കസ്റ്റംസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
നെടുമ്പാശ്ശേരിയിലെ സ്വര്‍ണക്കടത്തിന് പിടിയിലായ ഫയാസിനും മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കെ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലേക്കും ഇതുസംബന്ധിച്ച അന്വേഷണം നിളാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളായുള്ള കേസുകളുടെ അന്വേഷണം ലക്ഷ്യം കാണാതെ ഇടക്ക് അവസാനിക്കാറാണ് പതിവ്. ഇത്തരം ബിസിനസ്സുകളില്‍ രാഷ്ട്രീയക്കാരും പങ്കാളികളായിരിക്കുമെന്നതിനാല്‍ ഭരണ തലത്തില്‍ സ്വാധീനം ചെലുത്തി കേസന്വേഷണം മരവിപ്പിക്കുന്നതായാണ് അനുഭവം. നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് അന്വേഷണം ഇപ്പോള്‍ നിലച്ച മട്ടാണ്.