ആദിവാസി ശിശുമരണം: പട്ടികജാതി, ഗോത്രവര്‍ഗ കമ്മീഷന്‍ തെളിവെടുപ്പ് നടത്തും

Posted on: September 26, 2013 6:54 am | Last updated: September 26, 2013 at 7:54 am

കല്‍പറ്റ: ജില്ലയിലെ ആദിവാസിമേഖലകളില്‍ പോഷകാഹാരക്കുറവും ശിശുമരണവും ഉണ്ടായതായ മാധ്യമ വര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ തെളിവെടുക്കും. 27 മുതല്‍ 30 വരെ ജില്ലയിലെ വിവിധ ആദിവാസി ഊരുകളിലുള്‍പ്പെടെ സന്ദര്‍ശനം നടത്തുകയും പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. 27 ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ രോഗനിര്‍ണ്ണയ ക്യാമ്പും കമ്മ്യൂണിറ്റി ഹാളില്‍ പരാതി പരിഹാര അദാലത്തും നടത്തും. 28 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ രോഗനിര്‍ണ്ണയ ക്യാമ്പും കമ്മ്യൂണിറ്റി ഹാളില്‍ പരാതി പരിഹാര അദാലത്തും നടത്തും. . 30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും തെളിവെടുപ്പ് നടത്തും.
2008 മുതല്‍ തീര്‍പ്പാകാതെ അവശേഷിക്കുന്ന പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കും. കമ്മീഷന്‍ ചെയര്‍മാന്‍ ജഡ്ജ് പി എന്‍ വിജയകുമാര്‍, കമ്മീഷന്‍ അംഗങ്ങളായ ഏഴുകോണ്‍ നാരായണന്‍, കെ കെ മനോജ് തുടങ്ങിയവര്‍ പങ്കെടുക്കും. കമ്മീഷന്‍ നടത്തുന്ന തെളിവെടുപ്പില്‍ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കും.