അരിവാള്‍ രോഗം: നിലമ്പൂരില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

Posted on: September 26, 2013 5:45 am | Last updated: September 26, 2013 at 7:45 am

നിലമ്പൂര്‍: ജില്ലയില്‍ അരിവാള്‍ രോഗം ബാധിച്ച രോഗികള്‍ക്കുള്ള ജില്ലാതല മെഡിക്കല്‍ ക്യാമ്പ് നിലമ്പൂരില്‍ നടത്തി. ജില്ലാ കളക്ടര്‍ കെ ബിജു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

ജില്ലയില്‍ അരിവാള്‍ രോഗം ബാധിച്ച 29 രോഗികളെയാണ് വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ സ്‌ക്രീനിംങ് പരിശോധനയില്‍ കെണ്ടത്തിയിരുന്നത്. ഇതില്‍ മൂന്നുപേര്‍ ഒഡീഷ സ്വദേശികളായിരുന്നു. ഇവര്‍ നാട്ടിലേക്ക് പോയതിനാല്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞില്ല.
ചുങ്കത്തറ പെരുമ്പിലാട് കോളനിയിലെ രോഗിയായ ഒരാദിവാസി രോഗബാധയെ തുടര്‍ന്ന കഴിങ്ങ മാസം മരിച്ചിരുന്നു. രണ്ട് പേര്‍ നിലവില്‍ രോഗബാധയെ തുടര്‍ന്ന് ആസ്പത്രിയില്‍ കിടത്തി ചികില്‍സയിലാണ്. ഇതിനാല്‍ അവശേഷിക്കുന്ന 23 പേരാണ് ജില്ലാതല മെഡിക്കല്‍ ക്യാമ്പില്‍ എത്തിയിരുന്നത്. ഇവര്‍ക്കെല്ലാം ചികില്‍സ തുടങ്ങി. മൂന്നാഴ്ചത്തേക്കുള്ള മരുന്നുകളും പോഷകാഹാരകിറ്റുകളും നല്‍കി.
പോഷകാഹാരങ്ങള്‍ കുടുംബശ്രീ പോലുള്ള സംഘടനകള്‍ വഴി വിതരണം ചെയ്യാനാണ് ഡെപ്യൂട്ടി ഡി എം ഒ ആര്‍ രേണുക, കോഴിക്കോട് മെഡിക്കല്‍ കോളജ് പത്തോളജി വിഭാഗം മേധാവി ഡോ.അരവിന്ദന്‍, പ്രൊജക്ട് ഓഫീസര്‍ ജെസ്സിമോള്‍, നിലമ്പൂര്‍ ട്രൈബല്‍ മൊബൈല്‍ യൂനിറ്റ് ഡോ.ഷിജിന്‍ പാലാടന്‍ സംസാരിച്ചു.