മണല്‍ വാഹനങ്ങള്‍ പിടികൂടി

Posted on: September 26, 2013 6:44 am | Last updated: September 26, 2013 at 7:45 am

നിലമ്പൂര്‍: ചാലിയാറിലെ വിവിധ കടവുകളില്‍ മോട്ടോര്‍വാഹന വകുപ്പും റവന്യൂ, പോലീസ് സംഘവും നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 30 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. മൂന്ന് ലോറികള്‍ പിടികൂടി. രണ്ടാഴ്ച മുമ്പ് മമ്പാട് പുള്ളിപ്പാടത്ത് വില്ലേജ് അസിസ്റ്റന്റിനെ ഇടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലുള്‍പ്പെട്ട ലോറിയും കലക്ടറേറ്റില്‍ നിന്ന് ഗഡുക്കളായി പിഴ ഈടാക്കാന്‍ നിര്‍ദേശിച്ച് വിട്ടുകൊടുത്ത ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. ഒരു വാഹനം പിടിച്ചെടുക്കുന്നതിനിടെ മണല്‍ തൊഴിലാളികള്‍ തടയാന്‍ ശ്രമിച്ചു. പരിശോധനക്കിടെ മമ്പാട്ട് ലോറി ഉടമകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ മമ്പാട് തോട്ടിന്റക്കരയിലെ കാമ്പ്രത്ത് സാജിദ് (33), സഹോദരന്‍ ഷമീല്‍ (26), എരഞ്ഞിക്കല്‍ ശിഹാബ് എന്നിവര്‍ക്ക് പരുക്കേറ്റു. സാജിദിനെ നിലമ്പൂര്‍ സ്വകാര്യ ആശുപത്രിയിലും ഷാമിലിനെ മഞ്ചേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശിഹാബ് നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിശോധനക്കെത്തിയ അധികൃതര്‍ക്ക് ഒറ്റുകൊടുത്ത് വാഹനം പിടിപ്പിക്കുകയായിരുന്നുവെന്നാരോപിച്ച് പന്താര്‍ ഹാരിസ്, എരഞ്ഞിക്കല്‍ ശിഹാബ് എന്നിവരടങ്ങിയ നാലംഗസംഘം മര്‍ദിക്കുകയായിരുന്നുവെന്നും മാതാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും സാജിദ് പറയുന്നു. അതേ സമയം കൂട്ടുകാരനെ മര്‍ദിക്കുന്നത് കണ്ട് ചെന്നപ്പോള്‍ സാജിദും സംഘവും തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് എരഞ്ഞിക്കല്‍ ശിഹാബ് പറയുന്നു.
പെരിന്തല്‍മണ്ണ: അനധികൃതമായി കടത്തുകയായിരുന്നന്ന കരിങ്കല്‍ ഉത്പന്നങ്ങളടക്കമുള്ള വാഹനമുള്‍പ്പെടെ 17 ലോഡ് മണലുമായി വാഹനങ്ങള്‍ പെരിന്തല്‍മണ്ണ സബ്കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പിടിച്ചെടുത്ത മണല്‍ മലപ്പുറം കലവറയിലേക്ക് കൈമാറി.