രണ്ടംഗ മോഷണ സംഘത്തെ പോലീസ് പിടികൂടി

Posted on: September 26, 2013 5:40 am | Last updated: September 26, 2013 at 7:41 am

പാലക്കാട്: രണ്ടംഗ മോഷണ സംഘത്തെ ടൗണ്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം നേമം കനല്‍ക്കരയില്‍ മുഹമ്മദ് കാസിമിന്റെ മകന്‍ സുധീര്‍(31), മുണ്ടൂര്‍ വടക്കുംപുറം വലിയപറമ്പ് വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ മുസ്തഫ(21) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് സി ഐ കെ എം ബിജുവിന്റെ നേതൃത്വത്തില്‍ പാലക്കാട് കോളജ് റോഡില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ അറസ്റ്റു ചെയ്തത്.
മുഖംമൂടി ധരിച്ച് വീടുകളില്‍ കയറി ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രീതിയാണ് സുധീര്‍ ചെയ്തുവരുന്നതെന്ന് പോലീസ് പറഞ്ഞു. 15 വര്‍ഷത്തോളമായി ഇയാള്‍ മോഷണം നടത്തിവരികയാണ്. ഇയാള്‍ക്കെതിരെ ചിറ്റൂര്‍, ആലത്തൂര്‍, ആലുവ, നേമം, കാട്ടാക്കട പോലീസ് സ്‌റ്റേഷനുകളില്‍ മോഷണകേസുണ്ട്. ഒരു വര്‍ഷത്തോളം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ച് ബാഗ്, പോക്കറ്റ് എന്നിവ കീറുന്നതില്‍ സമര്‍ത്ഥനാണ് മുസ്തഫ. ബസുകളിലും മറ്റു തിരക്കേറിയ കച്ചവടസ്ഥാപനങ്ങളിലുമാണ് ഇയാള്‍ മോഷണം നടത്തുന്നത്. മുസ്തഫക്കെതിരെ പാലക്കാട് സൗത്ത്, നോര്‍ത്ത്, കുഴല്‍മന്ദം സ്‌റ്റേഷനുകളില്‍ കേസുണ്ട്. പാലക്കാട് സി ജെ എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നോര്‍ത്ത് എസ് ഐ മുരളീധരന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അശോക് കുമാര്‍, ആര്‍ കിഷോര്‍, കെ അഹമ്മദ് കബീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.