നൂറാം വാര്‍ഷിക ജില്ലാതല ആഘോഷം പരപ്പനങ്ങാടിയില്‍

Posted on: September 26, 2013 5:30 am | Last updated: September 26, 2013 at 7:30 am

പരപ്പനങ്ങാടി: കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിനും സാമൂഹിക മാറ്റത്തിനും കാരണമായ അറബിഭാഷ പൊതുവിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ചിട്ട് നൂറുവര്‍ഷം തികയുന്നതിന്റെ ജില്ലാ തല ആഘോഷം നാളെ മുതല്‍ പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, അറബിക് സെമിനാര്‍, സാഹിത്യമേള, വിരമിക്കുന്ന അധ്യാപകരെ ആദരിക്കല്‍ അടങ്ങിയ പരിപാടികള്‍ അനുബന്ധമായി നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ ഉച്ചക്ക് രണ്ടിന് മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും. പി അബ്ദുലത്വീഫ് മദനി അധ്യക്ഷത വഹിക്കും. എക്‌സിബിഷന്‍ കേരള പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് സുവനീര്‍ പ്രകാശനം ചെയ്യും.
വിരമിച്ച അറബിക് അധ്യാപകരെ ചടങ്ങില്‍ ആദരിക്കും. മലപ്പുറം ഡി ഡി ഇ കെ സി ഗോപി, പി ടി മന്‍സൂര്‍, തിരൂര്‍ ഡി ഇ ഒ ഷൈലജ, എ മുഹമ്മദ്, റഷീദ് പരപ്പനങ്ങാടി, പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു പങ്കെടുക്കും. 28ന് രാവിലെ ഒന്‍പതിന് നടക്കുന്ന ജില്ലാ അറബിക് സെമിനാര്‍ എം പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. ശൈഖ് മുഹ്‌യുദ്ദീന്‍ മദനി അധ്യക്ഷത വഹിക്കും.