സുന്നികള്‍ക്കെതിരെയുള്ള അതിക്രമം: സമൂഹ മനഃസാക്ഷി ഉണരണം- എസ് എം എ

Posted on: September 26, 2013 12:23 am | Last updated: September 25, 2013 at 11:27 pm

കോഴിക്കോട്: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ സുന്നി പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഒരു വിഭാഗം അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ്. സര്‍ക്കാറും നിയമപാലകരും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലുണ്ടായ നിരന്തര അക്രമങ്ങള്‍ ആസൂത്രിതമാണൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മഞ്ചേരി എളങ്കൂരില്‍ ഇരു വിഭാഗം സുന്നികള്‍ക്കും തുല്യപ്രാധാന്യമുള്ള മദ്‌റസയില്‍ വിഭാഗീയത പ്രചരിപ്പിക്കുന്ന ഗാനങ്ങള്‍ വെച്ചത് അക്രമം ആസൂത്രണം ചെയ്തതിന്റെ തെളിവായി കാണണം. സുന്നി സ്ഥാപനങ്ങളെയും പള്ളി-മദ്‌റസകളെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കാതെ അധികാര സ്വാധീനവും കൈയൂക്കും കാണിച്ച് നിഷ്‌ക്രിയരാക്കാനും നിര്‍ത്തിവെപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാറും പൊതുസമൂഹവും മുന്നോട്ടുവരണം. സെക്രേട്ടറിയറ്റ് പറഞ്ഞു.
സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് പി എം എസ് തങ്ങള്‍, ഇ യഅ്ഖൂബ് ഫൈസി, പ്രൊഫ. കെ എം എ റഹീം, വി എം കോയ മാസ്റ്റര്‍, ഡോ പി എ മുഹമ്മദ്കുഞ്ഞ് സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, പി ടി സി മുഹമ്മദലി മാസ്റ്റര്‍ സംബന്ധിച്ചു.

പ്രാര്‍ഥന നടത്തുക

കോഴിക്കോട്: എളങ്കൂരില്‍ വിഘടിത ആക്രമണത്തില്‍ മരിച്ച അബുഹാജിക്കുവേണ്ടി പള്ളികളിലും മദ്‌റസകളിലും ഖുര്‍ആന്‍ പാരായണം നടത്തി പ്രാര്‍ഥന നടത്താന്‍ എസ് എം എ അഭ്യര്‍ഥിച്ചു.