ബോധവത്കരണവുമായി ജല-പരിസ്ഥിതി മന്ത്രാലയം

Posted on: September 25, 2013 7:45 pm | Last updated: September 25, 2013 at 8:57 pm

ദുബൈ: അനധികൃത കീടനാശിനി കമ്പനികള്‍ക്കെതിരെ ജല-പരിസ്ഥിതി മന്ത്രാലയം ബോധവത്കരണത്തിന് ഒരുങ്ങുന്നു. ദുബൈ ഇന്ത്യന്‍ മീഡിയാ ഫോറം സഹകരിക്കും. അലൂമിനം ഫോസ്‌ഫൈഡ് ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ക്കെതിരെ ശക്തമായ ബോധവത്ക്കരണത്തിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അസി. അണ്ടര്‍ സെക്രട്ടറി അയിശ അല്‍ അബ്ദുലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എമിറേറ്റില്‍ മൂട്ടക്കെതിരായി അലൂമിനിയം ഫോസഫൈഡ് ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് വളരെ ഗൗരവമേറിയ പ്രശ്‌നമാണ്. ഒട്ടുമിക്കപ്പോഴും ഇതിന്റെ ഇരകളാക്കപ്പെടുന്നത് ഇവ ഉപയോഗിച്ച് കീട നിയന്ത്രണത്തിന് ശ്രമിക്കുന്നവരല്ല, മറിച്ച് ഇവരുടെ അയല്‍പ്പക്കങ്ങളിലോ തൊട്ട മുറികളിലോ ജീവിക്കുന്നവരാണ്. മറ്റുള്ളവര്‍ ഒരുക്കുന്ന കെണിയില്‍ വീണ് രോഗാവസ്ഥക്കും ചിലപ്പോള്‍ മരണത്തിന് തന്നെയും നിനച്ചിരിക്കാതെ ഇരയാവുന്നത് മന്ത്രാലയത്തിന് കണ്ടുനില്‍ക്കാവുന്ന കാര്യമല്ല.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അനധികൃത കീട നിയന്ത്രണത്തിന് മുതിരുന്നതില്‍ ബഹുഭൂരിപക്ഷവും. കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ കീട നിയനന്ത്രണത്തിനായാണ് ഒട്ടുമിക്ക ഇടങ്ങളിലും അലൂമിനിയം ഫോസ്‌ഫൈഡ് ഉപയോഗിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എമിറേറ്റില്‍ ഇത്തരം നിരോധിത കീടനാശിനി വ്യാപകമായി മൂട്ട നിയന്ത്രണത്തിന് ഉപയോഗിക്കുന്നത്. കുറഞ്ഞ ചെലവില്‍ കീടനാശിനി ലഭ്യമാണെന്നതും ഇവയുടെ ഉപയോഗത്തിന് ഇടയാക്കുന്നുണ്ട്.
അംഗീകൃത കമ്പനികളുടെ നേതൃത്വത്തില്‍ എമിറേറ്റില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള കീട നിയന്ത്രണ വസ്തുക്കള്‍ ഉപയോഗിച്ച് വേണം കീട നിയന്ത്രണം സാധ്യമാക്കാനെന്നും അവര്‍ ഓര്‍മിപ്പിച്ചു. കടുത്ത ചാര നിറമോ മഞ്ഞ നിറമോ ഉള്ളതും ഗുളിക രൂപത്തില്‍ ലഭിക്കുന്നതുമാണ് അലൂമിനിയം ഫോസ്‌ഫൈഡ്. മനുഷ്യ ജീവന് കടുത്ത ഭീഷണിയായതിനാല്‍ രാജ്യത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇതിന്റെ ഉപയോഗം താമസ മേഖലയില്‍ നിരോധിച്ചതാണ്.
പ്രധാനമായും കൃഷിയിടങ്ങളില്‍ എലി ഉള്‍പ്പെടെയുള്ള കീടങ്ങള്‍ക്കെതിരായി ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടന ഈ രാസവസ്തു നിര്‍ദ്ദേശിച്ചിരിക്കുന്നത്. 8.7 മില്ലി ഗ്രാം മാത്രം അകത്തായാല്‍ പോലും എലി ഉള്‍പ്പെടെയുള്ള കീടങ്ങള്‍ നശിക്കും. വിവിധ വ്യാപാര നാമങ്ങളില്‍ ഈ മാരക വിഷം ലഭ്യമാണെന്നതാണ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ധാന്യങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണുകളിലാണ് കീടങ്ങള്‍ക്കെതിരായി ലോകത്തിന്റെ പല ഭാഗത്തും അലൂമിനിയം ഫോസ്‌ഫൈഡ് ഉപയോഗിക്കുന്നത്. ഏതെങ്കിലും പ്രത്യേക സ്ഥലത്ത് തുറന്നു വെച്ചാല്‍ തനിയെ പുകയായി പരിണമിച്ച് വ്യാപിക്കുകയും കീടങ്ങളുടെ ശ്വസന വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുമാണ് അലൂമിനിയം ഫോസഫൈഡ് ചെയ്യുന്നത്.
താമസ സ്ഥലത്ത് ഇവ ഉപയോഗിച്ചാല്‍ ശ്വാസം മുട്ടലും ചര്‍ദ്ദിയും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ഇത് പലപ്പോഴും മരണത്തിലേക്കും നയിച്ചേക്കും. ഗന്ധമില്ലെന്നതാണ് ഇതിനെ ഏറ്റവും വലിയ വില്ലനാക്കി മാറ്റുന്നത്. ശ്വസനത്തിലൂടെ ശരീരിത്തിനകത്തേക്ക് എത്തിയാലും രോഗി അത്യാസന്ന നിലയിലേക്ക് എത്തുമ്പോഴാവും അസ്വാഭാവികത അനുഭവപ്പെടുക. ആരുടേയും ശ്രദ്ധയില്‍ പെട്ടെന്ന് പെട്ടില്ലെങ്കില്‍ മരണം ഉറപ്പാണെന്ന് ചുരുക്കം.
കീടനാശിനി നിയന്ത്രണത്തിനായി മുന്‍കൈ എടുക്കാന്‍ 2009ല്‍ മന്ത്രിതല കൗണ്‍സില്‍ സേവന നമ്പര്‍ 3/87 പ്രകാരം തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ് ജലപരിസ്ഥിതി മന്ത്രാലയം ഈ ലക്ഷ്യത്തിനായി പ്രയത്‌നിക്കുന്നത്. ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് മന്ത്രാലയം കീടനാശിനിക്കെതിരായി അഹോരാത്രം പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവുമാണ് മന്ത്രാലയത്തിന്റെ പ്രഥമ കര്‍ത്തവ്യം. കീടനാശിനിയുടെ ഉപയോഗം ഔദ്യോഗികമാക്കി മാറ്റാന്‍ നിരവധി നടപടികളാണ് മന്ത്രാലയം മുന്നോട്ട് വെക്കുന്നതെന്നും ആയിശ പറഞ്ഞു. കീടനാശിനികള്‍ക്കെതിരായി നിയമ നിര്‍മാണം, കീടനാശിനി ഉപയോഗം മന്ത്രാലയം അംഗീകരിച്ച സ്ഥാപനങ്ങളിലൂടെയും മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത കീടനാശിനികള്‍ ഉപയോഗിച്ചും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഇറക്കുമതി ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കുകയും നിരീക്ഷിക്കുകയും ചെയ്യുക, കീടനാശിനികള്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക, ഉപയോഗിക്കുന്ന കീടനാശിനികളുടെ ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമിട്ട് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിതല കൗണ്‍സില്‍ നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതും അവര്‍ ഓര്‍മിപ്പിച്ചു.
1,500 കീടനാശിനികള്‍ക്കാണ് ജല-പരിസ്ഥിതി മന്ത്രാലയം അംഗീകരം നല്‍കിയിരിക്കുന്നത്. 2000ല്‍ അധികം കീടനാശിനി കമ്പനികളാണ് മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ആയിശ അല്‍ അബ്ദൂലി വെളിപ്പെടുത്തി. ഇനിയും ധാരാളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്നുണ്ട്. അവ ഉടന്‍ നിയമത്തിന്റെ പരിധിയിലേക്ക് വരണം.
അനധികൃതമായി കീടനാശിനി സൂക്ഷിക്കുകയും കീടനിയന്ത്രണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാവും. കീടനശീകരണത്തിനായി പൊതുജനം അംഗീകൃത കമ്പനികളെ സമീപിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ജല-പരിസ്ഥിതി മന്ത്രാലയം മീഡിയ കോഓഡിനേറ്റര്‍ ഷമ്മ മുഹമ്മദ് അല്‍ ഫലാസി, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് ഇന്ത്യന്‍ മീഡിയാ ഫോറത്തിനുള്ള സര്‍ട്ടിഫിക്കറ്റ് പ്രസിഡന്റ് എല്‍വിസ് ചുമ്മാറിന് കൈമാറി. ജനറല്‍ സെക്രട്ടറി റോണി എം പണിക്കര്‍, ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, വൈസ് പ്രസിഡന്റ് കെ എം അബ്ബാസ്, ജോയിന്റ് സെക്രട്ടറി ലിയോ രാധാകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ALSO READ  ലേബർ ക്യാമ്പിൽ ഐ സി എഫ് സാന്ത്വനം