ദുബൈ ടാക്‌സി പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ വര്‍ധിപ്പിച്ചു; 20 കാര്‍ നിരത്തിലിറക്കി

Posted on: September 25, 2013 7:37 pm | Last updated: September 25, 2013 at 8:59 pm

ദുബൈ: പുതുതായി 20 പരിസ്ഥിതി സൗഹൃദ ടാക്‌സികള്‍ നിരത്തിലിറക്കിയതായി ആര്‍ ടി എ ആക്ടിംഗ് സി ഇ ഒ അഹ്്മദ് മുഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു.പരിസ്ഥിതി മലിനീകരണം കുറക്കാന്‍ ലക്ഷ്യമിട്ട് ടൊയോട്ടാ ക്രാമിഹൈബ്രിഡ് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ദുബൈ ടാക്‌സി കോര്‍പ്പറേഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.സുരക്ഷിതത്വം, പാരിസ്ഥിതിക സുസ്ഥിരത, ഹരിത സമ്പദ്‌വ്യവസ്ഥക്ക് ഒരു കൈതാങ്ങ് എന്നിങ്ങനെയുള്ള മഹത്തായ കാഴ്ചപ്പാടുകള്‍ക്ക് പിന്തുണ അര്‍പ്പിക്കുന്നതിന് നിരവധി പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഉപയോഗിക്കും. പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം പരിസ്ഥിതി അവബോധം ഉണര്‍ത്തുകയും ചെയ്യും.2008 മുതല്‍ 2011 വരെ പരീക്ഷണാര്‍ഥം പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. 5,50,000 കിലോമീറ്റര്‍ വരെ യാതൊരു കേടുപാടുമില്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കാം. 33 ശതമാനം ഇന്ധനം ലാഭിക്കാം.സാധാരണ ഒരു വാഹനത്തിന് 100 കിലോമീറ്റര്‍ ഓടാന്‍ 12.5 ലിറ്റര്‍ പെട്രോള്‍ വേണമെങ്കില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 8.25 ലിറ്റര്‍ മതിയാകും. സാധാരണ വാഹനം 182 കിലോ ഹരിതഗൃഹ വാതകം പുറന്തള്ളും. പക്ഷേ, ഹൈബ്രഡ് വാഹനം 121 കിലോ മാത്രമേ പുറന്തള്ളുകയുള്ളൂ.

രാജ്യത്ത്് ഊര്‍ജ സംരക്ഷണം അനിവാര്യമായ സന്ദര്‍ഭമാണിത്. ജീവജാലങ്ങളുടെ സംരക്ഷണം പ്രധാന ഉത്തരവാദിത്തമായി കാണുന്നുവെന്നും അഹ്്മദ് മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. രാജ്യാന്തര തലത്തില്‍ ടൊയോട്ട 55 ലക്ഷം ഹൈബ്രിഡ് വാഹനങ്ങള്‍ വില്‍ക്കുന്നുവെന്ന് അല്‍ഫുത്തൈം. മോട്ടോര്‍്‌സ് കമ്പനി പ്രതിനിധി യൂസുഫ് അല്‍ റൈസി പറഞ്ഞു.
23 മോഡലുകളാണ് 80 രാജ്യങ്ങളിലായി വില്‍പ്പന നടത്തുന്നതെന്നും റൈസി പറഞ്ഞു. ആര്‍ ടി എ ഉദ്യോഗസ്ഥരായ അഹ്്മദ് മുഹമ്മദ് അല്‍ ഹമ്മാദി, മന്‍സൂര്‍ റഹ്്മ അല്‍ ഫലാസി, മുഹമ്മദ് യൂസുഫ് സാലിഹ്, മര്‍വാന്‍ ഉത്്മാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.