Connect with us

Kozhikode

ടി പി വധം: കുഞ്ഞനന്തനെതിരായ മൊഴി കളവെന്ന് പ്രതിഭാഗം സാക്ഷി

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 13-ാം പ്രതിയായ പി കെ കുഞ്ഞനന്തനെതിരെ 20-ാം സാക്ഷി വത്സന്‍ നല്‍കിയ മൊഴി കളവാണെന്ന് പ്രതിഭാഗം സാക്ഷി. പ്രതിഭാഗം പുതിയ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ തുവ്വക്കുന്നിലെ എം കെ ടൂവീലര്‍ വര്‍ക്ക്‌ഷോപ്പ് ഉടമ പ്രസാദനാണ് വിചാരണക്കോടതിയില്‍ വത്സനെതിരെ മൊഴി നല്‍കിയത്. പ്രസാദന്റെ വര്‍ക്ക്‌ഷോപ്പില്‍ നന്നാക്കാനായി നല്‍കിയ സ്‌കൂട്ടര്‍ വാങ്ങാന്‍ പോകുന്നതിനിടെ കുഞ്ഞനന്തന്റെ വീട്ടില്‍ കൊലയാളി സംഘത്തെ കണ്ടെന്നായിരുന്നു വത്സന്റെ മൊഴി. ചന്ദ്രശേഖരനെ കൊലപ്പെടുത്തണമെന്ന് അന്ന് കുഞ്ഞനന്തന്‍ ആവശ്യപ്പെട്ടത് കേട്ടുവെന്നും വത്സന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് കളവാണെന്നും വത്സന്‍ തന്റെ വര്‍ക്ക്‌ഷോപ്പില്‍ വന്നിട്ടില്ലെന്നും പ്രസാദന്‍ എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ മൊഴി നല്‍കി.
ആരുടെ നിര്‍ദേശപ്രകാരമാണ് സാക്ഷി പറയാന്‍ കോടതിയില്‍ എത്തിയതെന്ന പ്രോസിക്യൂഷന്‍ അഭിഭാഷകന്റെ ചോദ്യത്തിന് കുഞ്ഞനന്തന്റെ ഭാര്യ ശാന്തയുടെ നിര്‍ദേശപ്രകാരമാണ് കോടതിയില്‍ എത്തിയതെന്ന് പ്രസാദന്‍ മറുപടി നല്‍കി. ഒരു മാസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയുമായി ശാന്ത കടയില്‍ എത്തുന്നത്. തുടര്‍ന്ന് വത്സന്‍ വര്‍ക്ക്‌ഷോപ്പില്‍ വന്നിരുന്നോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞു. തുടര്‍ന്ന് സാക്ഷി പറയാന്‍ സന്നദ്ധനാണെന്ന് ശാന്തയോട് അറിയിക്കുകയായിരുന്നുവെന്നും പ്രസാദന്‍ പറഞ്ഞു. വത്സന്‍ പ്രദേശത്തെ ബി ജെ പ്രവര്‍ത്തകനാണെന്ന് അറിയാമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി പ്രസാദന്‍ പറഞ്ഞു.
അതേസമയം, സി പി എം നേതാവായ കുഞ്ഞനന്തനെതിരെ സാക്ഷി പറഞ്ഞാല്‍ നാട്ടില്‍ നില്‍ക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ് പ്രസാദന്‍ കളവായി മൊഴി നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വര്‍ക്ക്‌ഷോപ്പിലെ രജിസ്റ്റര്‍ പരിശോധിച്ചാല്‍ വത്സന്‍ വന്നിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഇതുകൊണ്ടാണ് ഇത്തരം രേഖകള്‍ ഹാജരാക്കാന്‍ പ്രസാദന്‍ തയ്യാറാകാത്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
മൂന്ന് പേരെയാണ് ഇന്നലെ വിസ്തരിക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രസാദന്‍ ഒഴികെയുള്ള രണ്ട് സാക്ഷികള്‍ ഹാജരായില്ല. ഒഞ്ചിയത്തെ ഗീത സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ പി എം ഭാസ്‌കരന്‍, സി പി എം ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി പി ഗോപാല കൃഷ്ണന്‍ എന്നിവരാണ് ഇന്നലെ ഹാജരാകാതിരുന്നത്. ഭാസ്‌കരന്‍ നെഞ്ച്‌വേദനയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും ഗോപാലകൃഷ്ണന്‍ കാലിന് പഴുപ്പ് ബാധിച്ച് വടകര സഹകരണ ആശുപത്രിയിലും ചികിത്സയിലാണെന്നും ഇവരെ അടുത്ത മാസം ഒന്നാം തീയതി ഹാജരാക്കാമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. മുട്ടുങ്ങല്‍, കൂത്തുപറമ്പ് ഇലക്ട്രിക്കല്‍ വിഭാഗം അസി. എന്‍ജിനിയര്‍മാരെ 27ന് വിസ്തരിക്കാമെന്ന് കോടതി പറഞ്ഞു.

---- facebook comment plugin here -----

Latest