Connect with us

Kozhikode

സിമന്റ് വില 400 കടക്കുമെന്ന് സൂചന; നിര്‍മാണ മേഖല പ്രതിസന്ധിയിലാകും

Published

|

Last Updated

കോഴിക്കോട്: സിമന്റ് വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനവ് നിര്‍മാണ മേഖലയെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ ആഴ്ച 30 രൂപ വര്‍ധനവുണ്ടായ സിമന്റിന് ഇന്ന് 35 രൂപ കൂടി വര്‍ധിക്കുമെന്നാണ് അറിയുന്നത്. ഇതോടെ ഒരു ചാക്ക് സിമന്റിന്റെ വില 400 കടക്കുമെന്നാണ് സൂചന. സിമന്റ് വിലയില്‍ അടിക്കടിയുണ്ടാകുന്ന ഈ വര്‍ധനവ് ഏറെ പ്രതിസന്ധിയിലാക്കുക നിര്‍മാണ മേഖലയെയാണ്.
കഴിഞ്ഞ മൂന്ന് മാസങ്ങളിലെ കനത്ത മഴ കാരണം പ്രതിസന്ധിയിലായിരുന്ന ഈ മേഖല കുറച്ച് ദിവസങ്ങളായി സജീവമായി വരികയായിരുന്നു. അപ്പോഴാണ് മേഖലയെ തകര്‍ക്കാന്‍ സിമന്റ് വില വര്‍ധനവ് എത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ സിമന്റ് വില ഉയര്‍ത്തേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. സിമന്റ് കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമാണ് വില വര്‍ധനവെന്നാണ് വിലയിരുത്തല്‍.
അടുത്ത മാസം ഒന്നാം തീയതിയോടെ വില വര്‍ധന 65 രൂപയില്‍ എത്തിക്കാനാണ് ബന്ധപ്പെട്ടവരുടെ നീക്കം. വില വര്‍ധിക്കുന്നതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കേണ്ടത് സര്‍ക്കാറാണെന്നുമാണ് ഇവരുടെ പക്ഷം. എന്നാല്‍ വ്യാപാരികളും സിമന്റ് കമ്പനികളും ചേര്‍ന്നുള്ള ഒത്തുകളിക്ക് നേരെ സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.
വിപണിയിലെ മിക്ക സാധനങ്ങള്‍ക്കുമുള്ള പൊള്ളുന്ന വിലക്കയറ്റം ഏറെ ദോഷകരമായി ബാധിക്കുക സാധാരണക്കാരെയാണ്. പച്ചക്കറി, പെട്രോള്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനൊപ്പം നിര്‍മാണ മേഖലയിലെ അവശ്യവസ്തുവായ സിമന്റിന്റെ വിലക്കയറ്റം കൂടിയാകുമ്പോള്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റും.
കേരളത്തില്‍ കൂടുതല്‍ പേരും നിര്‍മാണ മേഖലയില്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നവരാണ്. സിമന്റിന്റെ വിലയിലുണ്ടാകുന്ന വര്‍ധന ഈ മേഖലയെ സ്തംഭനാവസ്ഥയിലാക്കും. തൊഴിലാളികളെയും സാധാരണക്കാരായ കോണ്‍ട്രാക്ടര്‍മാരെയുമാണ് ഇത് കൂടുതല്‍ ബാധിക്കുക. നിര്‍മാണ തൊഴിലാളികളായി സംസ്ഥാനത്തെത്തിയ അന്യദേശക്കാരുടെ ജീവിതവും കഷ്ടത്തിലാകും. നിര്‍മാണ മേഖലയെ മാത്രം ആശ്രയിച്ചാണ് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനിടയിലും ഇവര്‍ സംസ്ഥാനത്ത് ജീവിക്കുന്നത്.

Latest