Connect with us

Palakkad

കരട് നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു

Published

|

Last Updated

പാലക്കാട്: സ്വകാര്യ ഹോട്ടലുടമകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഭക്ഷണ വില നിയന്ത്രിക്കാനുള്ള കരട് നിയമം അട്ടിമറിക്കാന്‍ അണിയറ നീക്കം. ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കാന്‍ തയ്യാറാക്കിയ കരട് നിയമമാണ് നിയമ വകുപ്പ് അംഗീകാരം നല്‍കിയിട്ടും ഹോട്ടലുടമകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് തുടര്‍നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. ഹോട്ടലുകളിലെ അമിത വില നിയന്ത്രിക്കണമെന്നാവശ്യം ശക്തമായതിനെ തുടര്‍ന്ന് 2012 ജൂണ്‍ 21ല്‍ സംസ്ഥാന സര്‍ക്കാര്‍ കരട് നിയമം നിയമസഭയില്‍ പാസ്സാക്കിയത്. സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകളെ മൂന്നായി തരം തിരിച്ച് ഭക്ഷണത്തിന്റ വില നിശ്ചയിക്കാനും ഇവയുടെ മേല്‍നോട്ടത്തിനായി ജില്ലകളില്‍ കലക്ടര്‍മാര്‍ ചെയര്‍മാനായി ജില്ലാ ഫുഡ് അതോറിറ്റി രൂപവത്കരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഈ കരട് നിയമം പ്രാബല്യത്തില്‍ വന്നാല്‍ അതോറിറ്റിയുടെ ലൈസന്‍സ് നേടിയുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ഭക്ഷണം വില്‍ക്കാന്‍ അനുമതി കിട്ടുകയുള്ളുവെന്ന് മാത്രമല്ല നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന വില ക്ക് ഭക്ഷണം വിറ്റാല്‍ അതോറിറ്റിക്കോ പോലീസിനോ കേസെടുക്കുകയും ചെയ്യാം. ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമെ രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കും. അമിത തുക ഈടാക്കിയതായി കണ്ടെത്തിയാല്‍ ഹോട്ടലുടമ ഇരട്ടിതുക ഉപഭോക്താവിന് തിരിച്ചുകൊടുക്കണം. ജില്ലാ സപ്ലൈ ഓഫീസര്‍ക്കും താലൂക്ക് സപ്ലൈ ഓഫീസര്‍ക്കുമായിരിക്കും ഹോട്ടലുകളെ നിരീക്ഷിക്കാനുള്ള ചുമതല. ഹോട്ടലുടമക്ക് അപ്പീല്‍ പോകാനും അവസരം നല്‍കുന്ന കരട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. പലതവണ കരടില്‍ തിരുത്തല്‍ വരുത്തിയെങ്കിലും ഹോട്ടലുടമകളുടെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്ന് തുടര്‍നടപടികള്‍ മരവിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
കരട് നിയമം അട്ടിമറിച്ചതിന് പുറമെ ഹോട്ടലുടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മാവേലി ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്താലാക്കിയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് മാവേലി ഹോട്ടലുകള്‍ക്ക് തുടക്കമായത്. സപ്ലൈകോക്ക് കീഴില്‍ 160 മാവേലി ഹോട്ടലുകളും തുറന്നിരുന്നു. പൊതുവിപണിയില്‍ നിന്ന് 40 മുതല്‍ 50 വരെ ശതമാനം വില കുറച്ചായിരുന്നു മാവേലി ഹോട്ടലുകളില്‍ വില ഈടാക്കിയിരുന്നത്. 13 ഇനം ആവശ്യസാധനങ്ങള്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി ഹോട്ടലുകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മാവേലി ഹോട്ടലുകള്‍ക്ക് നല്‍കുന്ന സബ്‌സിഡി നിര്‍ത്താലാക്കുകയാണ്. ഇതിനെ തുടര്‍ന്ന് അമിതമായ വിലക്ക് സാധനങ്ങള്‍ വാങ്ങി നടത്താനാകാതെ മാവേലി ഹോട്ടല്‍ നടത്തിപ്പുകാര്‍ അടച്ച് പുട്ടുകയും ചെയ്തു. ഇപ്പോള്‍ സംസ്ഥാനത്ത് 160 ഹോട്ടലുകളില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
മാവേലി ഹോട്ടലുകള്‍ അടച്ച് പൂട്ടിയതിനെ തുടര്‍ന്ന് സാധാരണക്കാര്‍ക്ക് ന്യായമായ വിലക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് യു ഡി എഫ് സര്‍ക്കാര്‍ തൃപ്തി ഹോട്ടല്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുടുംബശ്രീയുമായി സഹകരിച്ച് ഹോട്ടലുകള്‍ തുറക്കാനായിരുന്നു തീരുമാനം, എന്നാല്‍ ഇതിനാവശ്യമായ സാമ്പത്തിക മുതല്‍ മുടക്ക് കുടുംബശ്രീ സംഘങ്ങളെ പദ്ധതിയില്‍ നിന്നകറ്റി. പദ്ധതിയില്‍ പങ്ക് ചേരാന്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കിയെങ്കിലും ആരും തന്നെ മുന്നോട്ട് വരാത്തതിനെ തുടര്‍ന്ന് തൃപ്തി ഹോട്ടലുകള്‍ പ്രഖ്യാപനത്തില്‍മാത്രമായി തീര്‍ന്നു. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഹോട്ടലുകള്‍ തുടങ്ങി ഒരു രൂപക്ക് ഇഡ്ഢലിയും പത്ത് രൂപക്ക് ഊണും ലഭ്യമാക്കിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലാകട്ടെ ന്യായ വിലക്ക് ലഭ്യമാക്കുന്ന ഹോട്ടലുകള്‍ അടച്ച് പൂട്ടുകമാത്രമല്ല, സ്വകാര്യഹോട്ടലുകളുടെ ചൂഷണത്തിന് കൂട്ടുനില്‍ക്കുകയാണ്.