Connect with us

Kerala

സ്വകാര്യപമ്പുകളില്‍ നിന്ന് കെ എസ് ആര്‍ ടി സി ഡീസലടിച്ചു തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: സ്വകാര്യ പമ്പുകളില്‍ നിന്ന് കെ എസ് ആര്‍ ടി സി ഇന്ധനം നിറച്ച് തുടങ്ങി. സപ്ലൈകോ പമ്പുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. സര്‍വീസ് തുടങ്ങുന്നതിന് മുമ്പും ശേഷവും ഇന്ധനം നിറക്കുന്ന വിധത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, കെ എസ് ആര്‍ ടി സിക്ക് കൂടുതല്‍ സഹായം നല്‍കുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും.
പ്രതിദിനം 4.6 ലക്ഷം ലിറ്റര്‍ ഡീസലാണ് കെ എസ് ആര്‍ ടി സിക്ക് ആവശ്യമുള്ളത്. രാവിലെ നാല് മണി മുതല്‍ ഏഴ് മണിവരെയാണ് ബസുകളില്‍ ഇന്ധനം നിറക്കുന്നത്. രാത്രി ഡീസലടിക്കാനെത്തുന്നതാണ് സൗകര്യമെന്നാണ് സപ്ലൈകോ അധികൃതര്‍ കെ എസ് ആര്‍ ടി സിയെ അറിയിച്ചിരിക്കുന്നത്. ദിനംപ്രതി അഞ്ച് മുതല്‍ ആറ് വരെ ലക്ഷം രൂപ മുന്‍കൂറായി നല്‍കണമെന്നും സപ്ലൈകോ ആവശ്യപ്പെട്ടിട്ടുണ്ട്.
നിറക്കുന്ന ഇന്ധനത്തിന്റെ പണം സപ്ലൈകോക്കും സ്വകാര്യ പമ്പുകള്‍ക്കും ഇന്നു മുതല്‍ നല്‍കും. പമ്പുകളില്‍ നിന്നും അടിക്കുന്ന ഡീസലിന്റെ ബില്‍ കണ്ടക്ടര്‍ വാങ്ങുകയും ബില്‍ പമ്പധികൃതര്‍ക്ക് ഒപ്പിട്ടു നല്‍കുകയും വേണം. കണ്ടക്ടറും പമ്പധികൃതരും ബില്ലുകള്‍ ഡിപ്പോകളില്‍ നല്‍കണം. ഈ ബില്‍ ഡിപ്പോ അധികൃതര്‍ പരിശോധിച്ച് കെ എസ് ആര്‍ ടി സിയുടെ ഹെഡ് ഓഫീസില്‍ സമര്‍പ്പിക്കണം. ഇവിടെ ബില്ലുകള്‍ പരിശോധിക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ പരിശോധിച്ച ശേഷം ബില്ലുകളുടെ പണം അതാത് പമ്പുകളുടെ അക്കൗണ്ടിലേക്ക് ഇന്റര്‍നെറ്റ് ബേങ്കിംഗിലൂടെ നിക്ഷേപിക്കും. ഈ സംവിധാനം ക്രമീകരിക്കുന്നതിലുള്ള കാലതാമസമാണ് സ്വകാര്യപമ്പുകളില്‍നിന്നും സപ്ലൈകോയുടെ പമ്പുകളില്‍ നിന്നും കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ ലഭ്യമാക്കാന്‍ കാലതാമസം വരുത്തിയത്. അതേസമയം, ഓണത്തിനുശേഷം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കെ എസ് ആര്‍ ടി സിക്ക് റെക്കോര്‍ഡ് കലക്ഷനാണ് ലഭിച്ചത്. പത്ത് കോടി രൂപയാണ് രണ്ട് ദിവസം സര്‍വീസ് നടത്തിയതിലൂടെ ലഭിച്ചത്.

 

Latest