Connect with us

Palakkad

പരിസ്ഥിതിപ്രശ്‌നങ്ങളും തൊഴില്‍ തര്‍ക്കങ്ങളും വര്‍ധിക്കുന്നു: മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

പാലക്കാട്: എലപ്പുള്ളി നൊച്ചിക്കാട്ട് രാജേഷിനെ മാരിയമ്മന്‍ കുംഭോത്സവത്തിനിടെ പുതുശ്ശേരി കസബ എസ് ഐ അകാരണമായി ജീപ്പില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ എസ് ഐ യുടെ മറുപടി പരിശോധിച്ച് നടപടിയെടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ അറിയിച്ചു.
മര്‍ദ്ദനമേറ്റ് ശാരീരികാസ്വാസ്ഥ്യം മൂലം രാജേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാനായില്ലെന്നും മര്‍ദ്ദനമേറ്റ് കണ്ണിന്റെ കാഴ്ച്ച കുറഞ്ഞു വരുന്നതായും രാജേഷ് പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മാന്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി മാലിന്യ സംസ്‌കരണ യൂനിറ്റായ ഇമേജിനെതിരെ കര്‍ഷകരായ ശെല്‍വരാജ്, അര്‍ജുനന്‍, കൃഷ്ണസ്വാമി എന്നിവര്‍ പരിസരമലിനീകരണവും കൃഷിനാശവും ആരോപിച്ച് പരാതിപ്പെട്ടിരുന്നു.
ആര്‍ ഡി ഒ, മാലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരോട് പ്രസ്തുത പ്രദേശം സന്ദര്‍ശിച്ച് സംയുക്ത റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. പരിശോധിച്ചപ്പോള്‍ മഴക്കാലമായതിനാല്‍ നെല്‍പ്പാടത്തിന്റെ പകുതി ഭാഗം മഞ്ഞനിറത്തില്‍ കാണപ്പെട്ടുവെന്നും കൃഷിവകുപ്പിന്റെ അഭിപ്രായം തേടണമെന്നും ആര്‍ ഡി ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കൃഷിയിടങ്ങളില്‍നിന്ന് സ്ഫടികകുപ്പികള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്. ഇവിടെ നാല് ഇന്‍സിനറേറ്ററില്‍ മൂന്നെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിക്കുന്ന വേളയില്‍ പുകപടലമോ ചെടികളില്‍ കരിയോ കണ്ടെത്തിയിട്ടില്ലെന്നും ആര്‍ ഡി ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മഴക്കാലത്ത് നടന്ന പരിശോധനയില്‍ ചെടികളിലെ കരിയും പുകപടലങ്ങളും ശ്രദ്ധയില്‍പ്പെടില്ലെന്നാണ് പരാതിക്കാരുടെ ആരോപണം. റിപ്പോര്‍ട്ട് പഠിച്ച് നടപടിയെടുക്കാമെന്ന് കമ്മീഷന്‍ ഉറപ്പുനല്‍കി.
പട്ടിത്തറ പഞ്ചായത്തിലെ തൃത്താല-കുമ്പിടി പാതയോരത്ത് ഭാരതപ്പുഴയുടെ തീരത്ത് ഒഴിഞ്ഞ മരുന്നുകുപ്പികള്‍, ഉപയോഗിച്ച സിറിഞ്ച്, റബ്ബര്‍-പ്ലാസ്റ്റിക് ട്യൂബുകള്‍ എന്നിവ പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ചതായി ഭാരതപ്പുഴ സംരക്ഷണ സമിതി പരാതിപ്പെട്ടു. ഇത് മാലിന്യപ്രശ്‌നവും ഗുരുതരമായ ആരോഗ്യ പ്രശ്‌നവും സൃഷ്ടിക്കും.
പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ 50 ലക്ഷത്തോളം പേര്‍ കുടിവെള്ളത്തിനും കൃഷിആവശ്യങ്ങള്‍ക്കുമായി ഭാരതപ്പുഴയെയാണ് ആശ്രയിക്കുന്നത്. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലാകലക്ടര്‍മാരോട് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭാരതപ്പുഴയില്‍ ആശുപത്രി മാലിന്യങ്ങള്‍ ഉപേക്ഷിച്ച് ജലം മലിനമാക്കുന്നുവെന്ന് ഭാരതപ്പുഴ സംരക്ഷണ സമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ പി എസ് പണിക്കരാണ് പരാതി നല്‍കിയത്. ജില്ലയില്‍ പരിസ്ഥിതിപ്രശ്‌നങ്ങളും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും തൊഴില്‍ പ്രശ്‌നങ്ങളും സംബന്ധിച്ച പരാതികള്‍ വര്‍ദ്ധിച്ചുവരുന്നതായി കമ്മീഷനംഗം ആര്‍ നടരാജന്‍ നിരീക്ഷിച്ചു.
പരാതികള്‍ പരിശോധിച്ച് ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെല്ലാം ലഭിച്ചതിനുശേഷം മാത്രമേ പരാതിക്കാരനോട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കാറുള്ളു. അനാവശ്യമായി കോടതി കയറിയിറങ്ങുന്നതും മനുഷ്യാവകാശ ലംഘനമായതിനാലാണിത്. പരാതിക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിപ്പിക്കാതെ നടപടി പൂര്‍ത്തിയാക്കുമെന്നും കമ്മീഷനംഗം പറഞ്ഞു.
ജില്ലാ നിര്‍മിതി കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയില്‍ നിര്‍മിതികേന്ദ്ര, ജില്ലാകലക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു. 1993 മുതല്‍ നിര്‍മിതി കേന്ദ്രത്തില്‍ താല്‍ക്കാലികമായി ജോലിചെയ്യുന്ന 23 ജീവനക്കാരാണ് പരാതി നല്‍കിയത്.
സൈറ്റ് എഞ്ചിനീയര്‍മാര്‍ക്ക് സൂപ്പര്‍വൈസറുടെ നിരക്കിലാണ് വേതനം നല്‍കുന്നതെന്നും പരാതിക്കാര്‍ കമ്മീഷനെ ബോധിപ്പിച്ചു. 62 പരാതികള്‍ പരിഗണിച്ചു. 12 എണ്ണം തീര്‍പ്പായി. പുതുതായി ഒരു പരാതി ലഭിച്ചു. അടുത്ത സിറ്റിംഗ് ഒക്‌ടോബര്‍ 22 ന് രാവിലെ 10ന് ഗവ ഗസ്റ്റ് ഹൗസില്‍ നടക്കും.—

Latest