അര്‍ബുദ ബാധിതനായ സത്താര്‍ നാട്ടില്‍ മരണത്തിന് കീഴടങ്ങി

Posted on: September 24, 2013 7:00 pm | Last updated: September 24, 2013 at 7:40 pm

ദുബൈ: അര്‍ബുദം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് ദുരിതക്കടലില്‍ അകപ്പെട്ട തമിഴ്‌നാട് സ്വദേശി അബ്ദുല്‍ സത്താര്‍ മുഹമ്മദ് ബറക് നാട്ടില്‍ മരണത്തിന് കീഴടങ്ങി. അര്‍ബുദം ബാധിച്ച കുടല്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ഏറെക്കുറെ പൂര്‍ണ്ണമായും എടുത്തു മാറ്റിയ ഇദ്ദേഹം കഴിഞ്ഞ ഒന്നര വര്‍ഷക്കാലം ദുബൈ അല്‍ ഖൂസിലെ താമസസ്ഥലത്ത് നാട്ടില്‍ പോകാനാവാതെ യാതന അനുഭവിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു സത്താറിനെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് അയച്ചത്.

ചികിത്സക്കായി നാലു ബേങ്കുകളില്‍ നിന്നായി ക്രെഡിറ്റ് കാര്‍ഡ് ഉപോഗിച്ച് എടുത്ത വായ്പയാണ് ഇദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള യാത്ര അനന്തമായി നീളാന്‍ ഇടയാക്കിയത്. പണം തിരിച്ചടക്കാന്‍ മാര്‍ഗ്ഗമില്ലാതായതോടെ യാത്ര അനിശ്ചിതത്വത്തിലായ സത്താറിനെക്കുറിച്ച് ദുബൈയിലെ വിവിധ മാധ്യമങ്ങളില്‍ ദിവസങ്ങളോളം വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്ത കണ്ട് സത്താറിനെ സഹായിക്കാന്‍ നിരവധി പേര്‍ മുന്നോട്ട് വന്നിരുന്നു. ഇതോടൊപ്പം ബേങ്കുകളും ക്രിയാത്മകമായി പ്രതികരിച്ചതോടെയാണ് നാട്ടിലേക്കുള്ള യാത്ര സുഖമമായത്. തമിഴ്‌നാട് സ്വദേശിയായ സത്താര്‍ മധുരയിലെ മീനാക്ഷി മിഷന്‍ ക്യാന്‍സര്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയില്‍ കഴിയവേയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ മാസം 30നായിരുന്നു സത്താര്‍ വീല്‍ച്ചെയറിന്റെ സഹായത്തോടെ വിമാനമേറി നാട്ടിലേക്ക് പോയത്. നാട്ടിലേക്ക് തിരിച്ചെത്തി കണ്ണടക്കണമെന്ന ആഗ്രഹത്തിന് ആവുന്നതെല്ലാം ചെയ്ത ദുബൈയിലെ മാധ്യമ പ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളുടെ ഭാരവാഹികളോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സത്താര്‍ മധുരയിലെ ആശുപത്രിയില്‍ നിന്നും ഫോണില്‍ പ്രതികരിച്ചിരുന്നു.
ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് മൂന്നു ബേങ്കുകള്‍ തുക എഴുതിതള്ളുകയും നാലാമത്തെ ബേങ്കിലെ വായ്പ ഉദാരമതികളുടെ സഹായത്തോടെ തിരിച്ചടക്കുകയും ചെയ്താണ് സത്താറിന് നാടണയാന്‍ സഹായകമായത്. സന്നദ്ധ സംഘടനകള്‍ നല്‍കിയ സാമ്പത്തിക സഹായത്തിന്റെ ബലത്തിലായിരുന്നു മധുരയില്‍ ചികിത്സ തേടിയതും. ആറു വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം സത്താറിനെ കാണാനായതിലുള്ള സന്തോഷത്തിലായിരുന്നു കുടുംബം. ഇതിനിടെയാണ് സത്താറും പ്രതീക്ഷിച്ച മരണം കടന്നു വന്നത്.