അടുത്ത വര്‍ഷം ദുബൈയില്‍ സി ബി എസ് ഇ സ്‌കൂള്‍ ആരംഭിക്കുമെന്ന് ക്രെഡന്‍സ് മാനേജ്‌മെന്റ്

Posted on: September 24, 2013 7:22 pm | Last updated: September 24, 2013 at 7:25 pm

ദുബൈ: അടുത്ത അധ്യയന വര്‍ഷം ദുബൈയില്‍ സി ബി എസ് ഇ സ്‌കൂള്‍ ആരംഭിക്കുമെന്ന് ക്രെഡന്‍സ് മാനേജ്‌മെന്റ്. എന്‍ ആര്‍ ഐ പ്രൊമോട്ടര്‍മാരുടെ സഹകരണത്തോടെയാണ് ക്രെഡന്‍സ് ഹൈസ്‌കൂള്‍ അല്‍ ഖൈല്‍ റോഡില്‍ ആരംഭിക്കുക. ശൈഖ് സായിദ് റോഡിനോട് ചേര്‍ന്നാവും വിദ്യാലയം.
ആതുരസേവനം പോലെ വിദ്യഭ്യാസ മേഖലയിലും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പണം മുടക്കാന്‍ തയ്യാറായതെന്ന് മുഖ്യ പ്രമോട്ടറായ ഡി എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നവംമ്പറില്‍ വിദ്യാലയത്തിലേക്ക് അഡ്മിഷന്‍ ആരംഭിക്കും.

ദുബൈ സര്‍ക്കാരിന്റെ കീഴില്‍ വിദ്യാലയങ്ങളെ നിയന്ത്രിക്കുന്ന കെ എച്ച് ഡി എയുടെ അനുമതി വിദ്യാലയത്തിന് ലഭിച്ചതായും സര്‍ക്കാര്‍, ഭൂമി ഉള്‍പ്പെടെ എല്ലാവിധ സാഹയങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ഏക്കര്‍ ഭൂമിയിലാണ് അതി വിശാലമായ സൗകര്യങ്ങളോടെ വിദ്യാലയം തുടങ്ങുന്നത്. സി ബി എസ് ഇയോടൊപ്പം അതിനുതന പഠന പദ്ധതിയായ എക്‌സീഡും(എക്‌സ് എസ് ഇ ഇ ഡി) കൂട്ടിക്കലര്‍ത്തിയുള്ളതാണ് ദുബൈയില്‍ ആരംഭിക്കുന്ന വിദ്യാലയത്തിന്റെ പാഠ്യപദ്ധതിയെന്നതിനാല്‍ കുട്ടികള്‍ക്ക് പഠനം ആയാസരഹിതമായി അനുഭവപ്പെടും.

കെ ജി വണ്‍ മുതല്‍ 12ാം ക്ലാസ് വരെയാണ് ക്ലാസുകള്‍ ആരംഭിക്കുകയെന്നും കെ ജി വണ്ണില്‍ ആറു ഡിവിഷനുകളാവും ഉണ്ടാവുകയെന്നും മറ്റൊരു പ്രമോട്ടറായ നാലപ്പാട് ഗ്രൂപ്പ് എം ഡി നാലപ്പാട് അഹമ്മദ് അബ്ദുല്ല പറഞ്ഞു. അഞ്ച് കോടി ദിര്‍ഹമാണ് വിദ്യാലയത്തിനായി ചെലവഴിച്ചത്. 15,000 മുതല്‍ 29,000 വരെയാവും വാര്‍ഷിക ഫീസ്.
കുട്ടികള്‍ക്ക് മുമ്പില്‍ അധ്യാപകര്‍ ശാനസനയുടേയും നിര്‍ദ്ദേശങ്ങളുടെയും ആകെത്തുകയാവുന്ന അവസ്ഥ ഉണ്ടാവില്ല. കുട്ടികളെയും കൂടെക്കൂട്ടിയുള്ളതാവും പഠന രീതി. 5,000 ചതുരശ്ര മീറ്ററില്‍ ശീതീകരിച്ച നാടകനൃത്ത ഹാള്‍, 14,000 ചതുരശ്രയടിയുള്ള ഓഡിറ്റോറിയം, ആറു വരിയുള്ള സിന്തെറ്റിക്ക് ട്രാക്ക്, വിശാലമായ എക്‌സ്‌ക്ലൂസീവ് ലൈബ്രറി, ടെന്നിസ്, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, അത്‌ലറ്റിക് ആവശ്യങ്ങള്‍ക്കുകൂടി സൗകര്യപ്പെടുന്ന നീന്തല്‍ക്കുളം എന്നിവയും വിദ്യാലയത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ജലീല്‍ ഹോള്‍ഡിംഗ്‌സ് എം ഡി സമീര്‍ കെ മുഹമ്മദ് പങ്കെടുത്തു.