Connect with us

Kozhikode

എളങ്കൂര്‍ അക്രമം: അബുഹാജിയുടെ മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

Published

|

Last Updated

കോഴിക്കോട്/വണ്ടൂര്‍:  മലപ്പുറം ജി്‌ലയിലെ എളങ്കൂരില്‍ വിഘടിത ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുന്നി പ്രവര്‍ത്തകന്‍ എളങ്കൂര്‍ തിരുത്തിയില്‍ അബുഹാജിയുടെ മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. വൈകീട്ട് നാലരയോടെ എളങ്കൂര്‍ ബിലാല്‍ മസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. പരേതന്റെ ജനാസ സന്ദര്‍ശിക്കാന്‍ നൂറുക്കണക്കിന് ആളുകളാണ് എളങ്കൂരിലേക്ക് ഒഴുകിയെത്തിയത്. എളങ്കൂരില്‍ നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂന്നരയോടെയാണ് മയ്യിത്ത് സ്വദേശതെത്തത്തിച്ചത്. മെഡിക്കല്‍ കോളജ് മര്‍കസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഉച്ചക്ക് 12.45ഓടെയാണ് അബുഹാജിയുടെ മയ്യിത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുകിട്ടിയത്.

തിങ്കളാഴ്ച മഗ് രിബിന് ശേഷം വിഘടിത ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ തലക്ക് അടിയേറ്റാണ് അബുഹാജി മരിച്ചത്. ഇരു വിഭാഗവും സംയുക്തമായി നടത്തുന്ന എളങ്കൂര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസയുടെ പി ടി എ യോഗവുമായി ബന്ധപ്പെട്ടായിരുന്നു അക്രമം. പി ടി എ യോഗത്തിന് മുന്നോടിയായി വിഘടിത സംഘടനയുടെ ഗാനം ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിച്ചപ്പോള്‍ ഇത് നിര്‍ത്തി ഖുര്‍ആന്‍ പാരായണം ഇടണമെന്ന് സുന്നികള്‍ ആവശ്യപ്പെട്ടതാണ് വിഘടിതരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇത് ചോദിക്കാന്‍ നിങ്ങളാരെന്ന് ആക്രോഷിച്ച് അവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായി വീണ അബുഹാജി ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.