Connect with us

Kozhikode

കുഞ്ഞാലി മരക്കാര്‍ മ്യൂസിയം ഒക്‌ടോബര്‍ എട്ടിന് തുറക്കും

Published

|

Last Updated

കോഴിക്കോട്: സംരക്ഷണ ജോലികള്‍ പൂര്‍ത്തിയാക്കിയ വടകര ഇരിങ്ങല്‍ കോട്ടക്കലിലെ കുഞ്ഞാലി മരക്കാര്‍ സ്മാരക മ്യൂസിയം അടുത്ത മാസം എട്ടിന് തുറക്കും.
ഉച്ചക്ക് 2.30ന് മ്യൂസിയം വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. കെ ദാസന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. മ്യൂസിയത്തിന്റെ ഗൈഡ് എം കെ രാഘവന്‍ എം പിയും ബ്രോഷര്‍ കെ ദാസന്‍ എം എല്‍ എയും പ്രകാശനം ചെയ്യും.
സംരക്ഷണ ജോലികള്‍ക്കും നവീകരണത്തിനുമായി ഏതാനും മാസങ്ങളായി മ്യൂസിയവും അതിനോടു ചേര്‍ന്ന മരക്കാരുടെ വീടും അടച്ചിട്ടിരിക്കുകയായിരുന്നു.
ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയിലും സിമന്റടര്‍ന്ന ഭിത്തികളിലുമാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. മലബാര്‍ മേഖലയുമായി ബന്ധമുള്ള പ്രാചീന നാണയങ്ങളും മഹാശിലായുഗത്തിലെ മണ്‍കലശങ്ങളും അടക്കം വിവിധ പ്രദര്‍ശന വസ്തുക്കളോടെ മ്യൂസിയം വിപുലീകരിച്ചിട്ടുണ്ട്.
സീസണുകളില്‍ പ്രതിദിനം 200-300 പേര്‍ വരെ മ്യൂസിയം സന്ദര്‍ശിക്കാനെത്താറുണ്ട്. ഏഴിമലയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ നാവികരുടെ പരേഡും മ്യൂസിയം കോംമ്പൗണ്ടില്‍ സ്ഥാപിച്ച സ്തൂപത്തിനു മുന്നില്‍ അരങ്ങേറാറുണ്ട്. കാലത്ത് ഒമ്പത് മണി മുതല്‍ വൈകീട്ട് 4.30 വരെയാണ് മ്യൂസിയത്തിലെ സന്ദര്‍ശന സമയം.