Connect with us

Idukki

സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു; ദമ്പതികള്‍ അറസ്റ്റില്‍

Published

|

Last Updated

ഇടുക്കി: വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ അറസ്റ്റ് ചെയ്ത് സ്ഥലം ഒഴിപ്പിച്ചു. കൊച്ചി-മധുര ദേശീയപാതയില്‍ മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാമിനു സമീപം രണ്ടര ഏക്കര്‍ സ്ഥലം കൈയേറി വീട് നിര്‍മിച്ച് താമസിച്ചുവന്ന മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ മരുമകന്‍ കെ ഡി എച്ച് പി കമ്പനിവക ചൊക്കനാട് സൗത്ത് ഡിവിഷനില്‍ ആദിഭവനില്‍ ദുരൈ(45), ഭാര്യ മണിമാല (39) എന്നിവരെയാണ് ഭൂസംരക്ഷണ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
ജില്ലാ കലക്ടറുടെ നിര്‍ദേശം അനുസരിച്ച് ദേവികുളം ആര്‍ ഡി .ഒ. മധു ഗംഗാധറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ നടത്തിയത്.
കഴിഞ്ഞ ജൂലൈ പത്തിന് ഇതേസ്ഥലം ഒഴിപ്പിച്ച് ഇവിടെ നിര്‍മിച്ച വീട് സീല്‍ ചെയ്തിരുന്നു. എന്നാല്‍ ദുരൈ സീല്‍ തകര്‍ത്ത് വീണ്ടും വീട്ടില്‍കയറി താമസമാക്കി. കഴിഞ്ഞ പത്തിന് ഒഴിപ്പിക്കലിനെത്തിയ റവന്യൂ സംഘത്തെ ദേവികുളം എം എല്‍ എയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.
പതിനഞ്ചോളം തൊഴിലാളികള്‍ മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ഒഴിപ്പിക്കല്‍ നടത്തിയത്. ഈ സ്ഥലത്ത് നിര്‍മിച്ച വീട് പൂര്‍ണമായും തകര്‍ത്തു. ദേവികുളം ആര്‍ ഡി ഒയുടെയും മൂന്നാര്‍ ഡി വൈ എസ് പി. വി എന്‍ സജിയുടെയും നേതൃത്വത്തില്‍ മറയൂര്‍, മൂന്നാര്‍, ദേവികുളം, രാജാക്കാട്, വെള്ളത്തൂവല്‍ സ്റ്റേഷനുകളിലെയും കെ എ പി ക്യാമ്പിലെയും നൂറിലേറെ പോലീസുകാരുടെ കാവലിലാണ് ഒഴിപ്പിക്കല്‍ നടന്നത്.

 

Latest