Connect with us

Gulf

പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെതിരെ ദുബൈയില്‍ ബോധവത്കരണം തുടങ്ങി

Published

|

Last Updated

ദുബൈ: നിശബ്ദ കൊലയാളിയായ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ കരുതിയിരിക്കണമെന്ന് വിദഗ്ധര്‍. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ച ബോധവത്കരണ ക്യാമ്പയിനിലാണ് ഇക്കാര്യം അര്‍ബുദ രോഗ വിദഗ്ധര്‍ വ്യക്തമാക്കിയത്.
മൂത്രസഞ്ചിക്ക് മുമ്പിലുള്ള പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെയാണ് ഇത്തരം അര്‍ബുദം ബാധിക്കുന്നത്. മധ്യപൗരസ്ത്യ ദേശത്തെ ജനങ്ങള്‍ ഇതിനെ അവഗണിക്കുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. സമൂഹത്തിന്റെ താഴേത്തട്ടില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടി 26 വരെ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ തുടരും.
നേരത്തെ രോഗം കണ്ടെത്തുക എന്നതാണ് ഇതിനുള്ള പരിഹാരം. രോഗം വന്നാലും കുറേക്കാലം കാര്യമായ ലക്ഷണങ്ങളൊന്നും രോഗിയില്‍ പുറമേക്ക് കാണണമെന്നില്ലെന്നതാണ് ഈ രോഗത്തെ നിശബ്ദ കൊലയാളിയായി കാണാന്‍ വൈദ്യശാസ്ത്രത്തെ പ്രേരിപ്പിക്കുന്നത്. ഗ്ലോബല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ അവയര്‍നെസ് മാസാചരണത്തിന്റെ ഭാഗമായാണ് ഡി എച്ച് എയുടെ ആഭിമുഖ്യത്തില്‍ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അവാര്‍ഡ് ഫോര്‍ മെഡിക്കല്‍ സയന്‍സസുമായും എമിറേറ്റ്‌സ് യൂറോളജിക്കല്‍ സൊസൈറ്റിയുമായും സഹകരിച്ച് ബോധവത്കരണത്തിന് തുടക്കമിട്ടിരിക്കുന്നത്.
പുരുഷന്‍മാര്‍ക്കിടയില്‍ ശ്വാസകോശ അര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും അധികം മരണ കാരണമാകുന്ന അര്‍ബുദ ബാധയാണ് പോസ്റ്റേറ്റെന്ന് ദുബൈ ഹോസ്പിറ്റലിലെ യൂറോളജിസ്റ്റ് ഡോ. ഫരിബോര്‍സ് ബഗേരി വ്യക്തമാക്കി. വിവിധ കാരണങ്ങളാല്‍ ഗള്‍ഫ് മേഖലയില്‍ ഈ രോഗത്തിനെതിരായ ബോധവത്കരണം കുറവാണ്. താമസക്കാരില്‍ ഈ രോഗത്തിനെതിരെ പതിവായ ഒരു വൈദ്യ പരിശോധനാ രീതി ഉണ്ടാകുന്നില്ല. 40 വയസിന് മുകളിലാണ് വ്യക്തികളില്‍ ഈ രോഗത്തിന്റെ ലക്ഷണം പൊതുവെ കണ്ടുവരുന്നതെന്ന് യു എസ് ആസ്ഥാനമായുള്ള പോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഫൗണ്ടേഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനിതക ഘടനയും കുടുംബ പാരമ്പര്യവും രോഗം വരുന്നതില്‍ നിര്‍ണായകമാകാറുണ്ട്.
പതിവായുള്ള വൈദ്യ പരിശോധനയില്‍ ഡോക്ടര്‍മാര്‍ക്ക് ഈ രോഗത്തെ തിരിച്ചറിയാന്‍ സാധിക്കുമെന്നത് പരിശോധനയുടെ പ്രാധാന്യം സൂചിപ്പിക്കുന്നു. രോഗം കണ്ടെത്തുന്നതില്‍ സംഭവിക്കുന്ന കാലതാമസം രോഗത്തിന് ചികിത്സ ആരംഭിക്കുന്നതിലും കാലതാമസം ഉണ്ടാകാന്‍ ഇടയാക്കുന്നതായും അദ്ദേഹം ഓര്‍മിപ്പിച്ചു.