അസാറാം ബാപ്പുവിനെതിരെ സി ബി ഐ അന്വേഷണം: ഹരജി തള്ളി

Posted on: September 24, 2013 6:00 am | Last updated: September 23, 2013 at 11:01 pm

Asaram-354-21ന്യൂഡല്‍ഹി: അസാറാം ബാപ്പുവിനെതിരായ പീഡന കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ കെ പട്‌നായ്ക് നേതൃത്വം നല്‍കിയ ബഞ്ചാണ് ഹരജി തള്ളിയത്. നിയമമുണ്ടാക്കല്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ്, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിവേഗ വിചാരണക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന ആവശ്യവും തള്ളി. ചെന്നൈ സ്വദേശിയായ ഡി ഐ നാഥന്‍ എന്നയാളാണ് ഹരജി സമര്‍പ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ‘ഞങ്ങള്‍ നിയമം നിര്‍മിക്കുന്നവരല്ല. നിയമനിര്‍മാണ സാമാജികരോട് പരാതിപ്പെടൂ’വെന്ന് കോടതി ഹരജിക്കാരനോട് നിര്‍ദേശിച്ചു.