ദേശവിരുദ്ധ ശക്തികള്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു: പ്രധാനമന്ത്രി

Posted on: September 23, 2013 10:48 am | Last updated: September 23, 2013 at 12:49 pm

manmohan singh

ന്യൂഡല്‍ഹി: ദേശവിരുദ്ധശക്തികള്‍ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ വെല്ലുവിളിക്കുന്നു എന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്. ദേശീയ ഉദ്ഗ്രഥന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്. വര്‍ഗീയ കലാപങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുത്. സംസ്ഥാന സര്‍ക്കാറുകള്‍ വര്‍ഗീയ കലാപങ്ങളെ അടിച്ചമര്‍ത്താന്‍ ശക്തമായ നടപടികള്‍ എടുക്കണം. കലാപങ്ങളുണ്ടാക്കുന്ന സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണ്.

സ്ത്രീകളെ ബഹുമാനിക്കാന്‍ നാം പഠിക്കണം. സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു സമൂഹവും പുരോഗതി കൈവരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 40ല്‍ ഏറെ ജീവനുകള്‍ എടുത്ത മുസഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ ഉദ്ഗ്രഥന സമ്മേളനം നടക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിന് സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നത്, സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും.

കേന്ദ്രമന്ത്രിമാര്‍, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ദേശീയ-പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍, ദേശീയ കമ്മീഷനുകളുടെ ചെയര്‍മാന്‍മാര്‍, പ്രമുഖ പത്രപ്രവര്‍ത്തകര്‍, വനിതാസംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അംഗങ്ങളാണ്.