Connect with us

Malappuram

ഗ്യാസ് ഏജന്‍സികള്‍ ഉപഭോക്താക്കളെ വട്ടം കറക്കുന്നു

Published

|

Last Updated

മലപ്പുറം: സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നമ്പര്‍ ബേങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണമെന്ന നിര്‍ദേശത്തിന്റെ മറവില്‍ ഗ്യാസ് ഏജന്‍സികള്‍ ഉപഭോക്താക്കളെ വട്ടം കറക്കുന്നു.
ആധാര്‍ നമ്പര്‍ ബേങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിക്കാനായി ഗ്യാസ് ഏജന്‍സികളിലേക്ക് വിളിച്ചാല്‍ മിക്ക ഏജന്‍സികളിലും ഫോണ്‍ എടുക്കാറില്ല. ഇത് കാരണം ഉപഭോക്താക്കള്‍ ഓഫീസുകളില്‍ നേരിട്ട് എത്തി അന്വേഷിച്ചാല്‍ ഗ്യാസ് ഏജന്‍സികളുടെ വെബ് സൈറ്റില്‍ നിര്‍ദേശം ലഭിക്കുമെന്ന് പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുകയാണ്. ഉപഭോക്താക്കള്‍ക്ക് വിവരം നല്‍കുന്നതിന് ഏജന്‍സികളില്‍ ഒരു സംവിധാവും നിലവിലില്ല.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്‍ഡേന്‍ പാചക വാതക ഉപഭോക്താക്കള്‍ക്ക് നേരത്തെ ചെയ്ത റീഫില്‍ ബുക്കിംഗ് റദ്ദായിയെന്ന സന്ദേശം മൊബൈല്‍ ഫോണുകളില്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീണ്ടും പാചക വാതകം ബുക്ക് ചെയ്യാന്‍ ശ്രമിച്ച പല ഉപഭോക്താക്കള്‍ക്കും ബേങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തതിനാല്‍ ബുക്കിംഗിന് സാധിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. ബേങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാന്‍ അധികൃതര്‍ നല്‍കിയ സമയം രണ്ട് മാസം കൂടി ബാക്കിയിരിക്കെയാണ് ഈ മറുപടി.
ബുക്കിംഗ് റദ്ദായ സാഹചര്യം മുതലെടുത്ത് ചില ഏജന്‍സികളില്‍ ഇടനിലക്കാര്‍ വഴി സിലിന്‍ഡറിന് കൂടുതല്‍ തുക ഈടാക്കി കരിഞ്ചന്തയില്‍ വില്‍പ്പന സജീവമാണ്. നേരത്തെ ബുക്ക് ചെയ്ത അപേക്ഷകളില്‍ ആധാറില്ലാത്തത് നിരസിച്ചതാണ് ബുക്കിംഗ് ക്യാന്‍സലാകാന്‍ കാരണം. ഈ പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി അധികൃര്‍ പറഞ്ഞു.
ആധാര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാതെ വിദേശത്ത് കഴിയുന്ന പ്രവാസികളുടെ സ്വന്തം പരിലുള്ള ഗ്യാസ് കണക്ഷന്‍ അവരുടെ അവകാശികളുടെ പേരിലേക്ക് മാറ്റുന്നതിന് ഉപഭോക്താക്കളുടെ അടുത്ത് നിന്നും ചില ഏജന്‍സികള്‍ പണംആവശ്യപ്പെടുന്നുണ്ട്. രജിസ്‌ട്രേഷന്‍ മാറ്റാന്‍ നോട്ടറിയുടെ അഫഡവിറ്റ് നിര്‍ബന്ധമാണ്. ഇതു മുതലെടുത്ത് ഏജന്‍സികള്‍ നിര്‍ദേശിക്കുന്ന നോട്ടറികളുടെ അഫഡവിറ്റ് തന്നെ വേണമെന്ന് ചില ഏജന്‍സികള്‍ ശാഠ്യം പിടിക്കുകയാണ്. ഇത്തരത്തില്‍ അറ്റസ്റ്റ് ചെയ്യുന്നവരുടെ അടുത്ത് നിന്നും 500 രൂപ വരെ ഈടാക്കുന്നത്. സാധാരണ ശരാശരി 200 മുതല്‍ 300 രൂപ വരെയാണ് അറ്റസ്റ്റേഷനായി നോട്ടറികള്‍ ഈടാക്കുന്നത്. പത്ത് ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരത്തില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ സൗജന്യ ഗ്യാസ് വിതരണം നടത്തണമെന്നാണ് ചട്ടം.
എന്നാല്‍ സിലിന്‍ഡര്‍ വീടുകളില്‍ എത്തിക്കുന്നതിനായി ഏജന്‍സികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഇരുപത് രൂപ മുതല്‍ 40 രൂപ വരെ വാങ്ങുന്നുണ്ട്. ഇതിനായി ഡെലിവറി നോട്ടോ റെസിപ്‌റ്റോ നല്‍കാറില്ല.