ചോക്കാട് നാല്‍പ്പത് സെന്റില്‍ രണ്ടിടത്ത് കാട്ടാനകള്‍ സംരക്ഷണ ഭിത്തി തകര്‍ത്തു

Posted on: September 23, 2013 8:16 am | Last updated: September 23, 2013 at 8:16 am

കാളികാവ്: ചോക്കാട് നാല്‍പത് സെന്റില്‍ കാട്ടാനകള്‍ സംരക്ഷണ ഭിത്തി തകര്‍ത്ത് കോളനി സ്ഥലത്തേക്ക് കടന്നുകയറി. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലായി പല തവണയെത്തിയ കാട്ടാനകള്‍ തങ്ങളെ പ്രതിരോധിക്കാനായി വനവും കോളനിസ്ഥലവും വേര്‍തിരിക്കുന്ന ഭാഗത്ത് വനം വകുപ്പ് നിര്‍മിച്ച സംരക്ഷണ ഭിത്തി രണ്ടിടത്തായി തകര്‍ക്കുകയായിരുന്നു.
കോളനിയിലെ ശ്മശാനത്തോട് ചേര്‍ന്ന ഭഗത്ത് ഒരു സ്ഥലത്ത് ആറ് മീറ്റര്‍ നീളത്തിലും മറ്റൊരിടത്ത് ഏഴ് മീറ്റര്‍ നീളത്തിലും സംരക്ഷണ ഭിത്തി തകര്‍ത്തിട്ടുണ്ട്. ഭിത്തി തകര്‍ത്ത ഭാഗത്ത് എത്തിയ കാട്ടാനകള്‍ കോളനി സ്ഥലത്തും പരിസരങ്ങളിലും സൈ്വരവിഹാരം നടത്തി. മാലത്തടം എസ്റ്റേറ്റിലെത്തിയ കാട്ടാനകള്‍ തെങ്ങ്, കമുക് തുടങ്ങിയ വിളകള്‍ നശിപ്പിച്ചു.
കൊട്ടന്‍ ചോക്കാട് നെല്ലിക്കര മലവാരങ്ങളില്‍മിന്നിറങ്ങിയ കാട്ടാനകളുടെ ശല്ല്യം വര്‍ധിച്ചതോടെ കോളനിയിലെ നൂറോളം കുടുംബങ്ങളും നാല്‍പത് സെന്റിലെ നാട്ടുകാരും ഏറെ ഭീതിയിലാണ് കഴിച്ച് കൂട്ടുന്നത്.
നാല്‍പത് സെന്റില്‍ വനം വകുപ്പ് സ്ഥാപിച്ച ആനമതില്‍ എന്ന പേരില്‍ അറിയപ്പെടുന്ന സംരക്ഷണ എടുത്ത് ചാടി അടുത്തിടെ കാട്ടാനകള്‍ കാടിനിപ്പുറം എത്തിയിരുന്നു. എന്നാല്‍ ഭിത്തി തകര്‍ക്കുന്നത് ഇതാദ്യമാണ്. ഈ സാഹചര്യത്തില്‍ കാട്ടാനകളെ ചെറുക്കാന്‍ ഫലപ്രദമായ മറ്റു വഴികള്‍ തേടുകയാണ് വനം അധികൃതര്‍. അതിനിടെ കോളനിക്ക് ചുറ്റു സ്ഥാപിച്ച സംരക്ഷണ ഭിത്തിയോട് ചേര്‍ന്ന് ഔഷധ സസ്യമായ പതിമുകം വെച്ചു പിടിപ്പിക്കുന്ന പരീക്ഷണം വനം വകുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പതിനായിരത്തോളം തൈകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പതിമുകം ചെടിയിലെ മുള്ള് ആനകളെ കുറേയൊക്കെ ചെറുക്കുന്നതിനും പ്രയോജനപ്പടും. മുണ്ടക്കടവ് ഭാകത്ത് ഈ പരീക്ഷണം വിജയിച്ചിട്ടുണ്ട്.