കോഴിയവശിഷ്ടം നിക്ഷേപിച്ച സംഭവം: ആറ് പേര്‍ അറസ്റ്റില്‍

Posted on: September 23, 2013 8:15 am | Last updated: September 23, 2013 at 8:15 am

മേലാറ്റൂര്‍: പ്രദേശവാസികള്‍ക്ക് ശല്യമായ രീതിയില്‍ കോഴിയവശിഷ്ടം നിക്ഷേപിച്ച സംഭവത്തില്‍ സ്ഥലമുടമയും വാഹനതൊഴിലാളികളുമുള്‍പ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
എടയാറ്റൂര്‍ അമ്പാട്ട് മുഹമ്മദ് ഹനീഫ (35), അരീക്കോട് വെള്ളരി വാരിയന്‍കുന്നത്ത് സമിജേഷ് (30), എടയാറ്റൂര്‍ പാലത്തികില്‍ മുഹമ്മദ് അസീസ് (18), അന്യ സംസ്ഥാന തൊഴിലാളിയായ മിഥുന്‍ മണ്ഡല്‍ (25), എടയാറ്റൂര്‍ പാലക്കുണ്ടന്‍ ഷറഫുദ്ദീന്‍, ചെമ്മാണിയോട് അറങ്ങോടന്‍ സുബ്രഹ്മണ്യന്‍ (63) എന്നിവരെയാണ് മേലാറ്റൂര്‍ എസ് ഐ കെ മുഹമ്മദ് അറസ്റ്റ് ചെയ്തത്. അറങ്ങോടന്‍ സുബ്രഹമമ്യന്റെ ഉടമസ്ഥതയിലുള്ള കീഴാറ്റൂര്‍ വളയംപുറത്തുള്ള സ്ഥലത്താണ് മറ്റുപ്രതികള്‍ കോഴിമാലിന്യങ്ങള്‍ നിക്ഷേപിച്ചത്. മാസം പതിനായിരം രൂപ ഈടാക്കിയാണ് സുബ്രഹ്മണ്യന്‍ സ്ഥലം വിട്ടുനല്‍കിയിരുന്നത്.
കോഴിേക്കാട്, അരീക്കോട്, മഞ്ചേരി ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ദിവസവും രാത്രിയില്‍ ഇവര്‍ വളയപുറത്തെ കടയാണ് പതിവ്. ശരിരായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ പരിസരവാസികള്‍ ദുരിതത്തിലായിരുന്നു. ഇതേ തുടര്‍ന്ന് മാലിന്യവുമായെത്തുന്ന വാഹനങ്ങള്‍ തടയാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ മാലിന്യവുമായി ഒരു മിനിലോറിയും കൊട്ട ജീപ്പും സ്ഥലത്തെത്തി. ഇവര്‍ വരുന്ന തക്കം നോക്കിയിരുന്ന നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സ്ഥലമുടമയുള്‍പ്പെടെയുള്ള ആറു പേര്‍ക്കെതിരെ കേസെടുത്തു. ഇരുവാഹനങ്ങളും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.