Connect with us

Malappuram

കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍ : പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കി

Published

|

Last Updated

കൊണ്ടോട്ടി: ജനവാസ കേന്ദ്രങ്ങളെ കുടി ഒഴിപ്പിച്ച് കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകള്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ തീരുമാനമായി.
പുനരധിവാസത്തിന്‌യാതൊരു നടപടികളും കൈകൊള്ളാതെ നൂറുക്കണക്കിന് കുടുംബങ്ങളെയാണ് അധികൃതര്‍ കുടി ഒഴിപ്പിക്കാന്‍ ഒരുങ്ങുന്നത്. കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകളില്‍ നിന്നായിനൂറോളം ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പള്ളിക്കല്‍ പഞ്ചായത്തില്‍ നിന്ന് നേരത്തെ 137 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനും തീരുമാനമെടുത്തിരുന്നു.
കൊണ്ടോട്ടി പഞ്ചായത്തിലെ മേലങ്ങാടി, കോട്ടപ്പറമ്പ് ഭാഗങ്ങളില്‍ നിന്നു മാത്രം 80 ല്‍ അധികം കുടുംബങ്ങള്‍ ഒഴിപ്പിക്കപ്പെടും. പുറമെ കൊണ്ടോട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൊതുകുളം, ആരാധനാലയങ്ങള്‍ എന്നിവയും ഭൂമി ഏറ്റെടുക്കുന്നതോടെ ഇല്ലാതാവും. ഇതിനൊന്നും പകരം സംവിധാനമില്ലാതെയാണ് ഭൂമി ഏറ്റെടുക്കാന്‍ അധികൃതര്‍ തിടുക്കം കൂട്ടുന്നത്.
കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകളുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കണ്‍വെന്‍ഷനുകളില്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കി. കൊണ്ടോട്ടി പഞ്ചായത്തിന്റെ കീഴില്‍ ഇന്നലെ മേലങ്ങാടിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി ഫാത്തിമ ബീവി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും പ്രതിനിധികള്‍ സംബന്ധിച്ചു. എന്തു വിലകൊടുത്തും ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് യോഗം ഏകകണ്ഠനായി തീരുമാനിച്ചു. ഈ മാസം 30ന് പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ വില്ലേജ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്താനും തീരുമാനിച്ചു.