ഷാര്‍ജയിലെ കവര്‍ച്ചയും കൊലപാതകവും കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍

Posted on: September 22, 2013 6:54 pm | Last updated: September 22, 2013 at 6:54 pm

ഷാര്‍ജ: സഹോദരിയുടെ കല്യാണത്തിന് കടം വാങ്ങിയ തുക തിരിച്ചുകൊടുക്കാനാണ്, ഷാര്‍ജ അസര്‍ അല്‍ മദീന ജീവനക്കാരന്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയതെന്ന് സൂചന. മൂന്ന് മാസം മുമ്പാണ് സഹോദരിയുടെ വിവാഹം നാട്ടില്‍ നടന്നത്. പ്രതിയാണ് പണം ചെലവ് ചെയ്തത്. കുടുംബ പ്രശ്‌നങ്ങളാല്‍ പിതാവ് സഹായിച്ചിരുന്നില്ലത്രെ. എന്നാല്‍ കൊല്ലപ്പെട്ട, സൂപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് പാര്‍ട്ണര്‍ കടവത്തൂര്‍ സ്വദേശി അടിയോത്ത് അബൂബക്കര്‍ (48) സഹായിച്ചിരുന്നു.

പ്രതി; കൊളച്ചേരി പള്ളിപ്പറമ്പ് തട്ടുപറമ്പിലെ സുഹറ മന്‍സിലില്‍ അബ്ദുല്‍ ബാസിതി (21) ന്റെ മാതാവിനെ ബാസിതിന്റെ പിതാവ് ഉപേക്ഷിച്ചിരുന്നു. പത്താം ക്ലാസ് വരെയാണ് ബാസിത് പഠിച്ചത്. മാതാവിനെയും സഹോദരിയെയും സംരക്ഷിക്കാന്‍ നാട്ടില്‍ ഡ്രൈവര്‍ ജോലി ചെയ്തിരുന്നു. ചെറുപ്പം മുതല്‍ ജീവിതത്തില്‍ നിരവധി തിരിച്ചടികള്‍ നേരിട്ട മനസാണ് ബാസിത്തിന്റേതെന്നും ക്രൂരകൃത്യം ചെയ്യാന്‍ പ്രേരണയായത് ഇതായിരിക്കാമെന്നും നാട്ടുകാര്‍ പറയുന്നു.
നാട്ടില്‍ റെഡിമെയ്ഡ് കടയില്‍ ജോലി ചെയ്തിരുന്നു. നിരവധി സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഒരാഴ്ച മുമ്പ് നാട്ടില്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി.
കൊല നടന്ന ദിവസവും തലേദിവസവും ബാസിത് അവധിയായിരുന്നു. ഇതാണ് സംശയത്തിലേക്ക് നയിച്ചത്. പോലീസെത്തി ബാസിതിന്റെ തലയണക്കടിയില്‍ നിന്ന് പണം കണ്ടെടുത്തപ്പോഴാണ് സഹതാമസക്കാര്‍ ബാസിതാണ് കൊലയാളിയെന്ന് ഉറപ്പിച്ചത്. അതേവരെ ആര്‍ക്കും സംശയമില്ലായിരുന്നു.
അബൂബക്കറിന്റെ മുറിയുടെ വ്യാജ താക്കോല്‍ ഉണ്ടാക്കി അബൂബക്കറിന് മുമ്പ് മുറിയില്‍ കയറി ഒളിച്ചിരുന്ന് കവര്‍ച്ചയും കൊലയും നടത്തുകയായിരുന്നുവത്രെ.