സിറിയന്‍ അഭയാര്‍ഥികളെ ഇറ്റാലിയന്‍ നാവികസേന തടഞ്ഞു

Posted on: September 22, 2013 12:03 am | Last updated: September 22, 2013 at 12:03 am
SHARE

ദമസ്‌കസ്: വിമത പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് സിറിയയില്‍ നിന്ന് പലയാനം ചെയ്ത 299 അഭയാര്‍ഥികളെ ഇറ്റാലിയന്‍ നാവിക സേന തടഞ്ഞു. സിസിലി തീരത്ത് വെച്ചാണ് ബോട്ടിലെത്തിയ അഭയാര്‍ഥി സംഘത്തെ ഇറ്റാലിയന്‍ തീരദേശ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. അഭയാര്‍ഥികളില്‍ ഏറ്റുവും കൂടുതല്‍ സ്ത്രീകളും കുട്ടികളുമായിരുന്നു. ബോട്ടില്‍ ഒരു സ്ത്രീയെ മരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല.
ഈജിപഷ്യന്‍ തീരത്ത് നിന്ന് തെക്കന്‍ ഇറ്റലിയിലെ തീരം ലക്ഷ്യംവെച്ച് കഴിഞ്ഞയാഴ്ചയാണ് അഭയാര്‍ഥികള്‍ യാത്ര ആരംഭിച്ചത്. അഭയാര്‍ഥികള്‍ക്ക് ഇറ്റലിയില്‍ തന്നെ താത്കാലിക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. സിറിയയില്‍ പ്രക്ഷോഭം രൂക്ഷമായതോടെ 21,870 സിറിയന്‍ അഭയാര്‍ഥികള്‍ ഇറ്റലിയിലെത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സാ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, പ്രക്ഷോഭം ശക്തമായ സിറിയയിലെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഹമയില്‍ സിറിയന്‍ സൈന്യം 15 ഗ്രാമീണരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ നിരീക്ഷണ വിഭാഗം വക്താക്കള്‍ പറഞ്ഞു. ശൈഖ് ഹദീദ് ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച വിമത ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ 16 സൈനികരും 10 സിറിയന്‍ പ്രതിരോധ വിഭാഗത്തിലെ അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് സൈന്യത്തിന്റെ ആക്രമണമെന്ന് സന്നദ്ധ സംഘടനകള്‍ പറഞ്ഞു. ശൈഖ് ഹദീദ് ഗ്രാമത്തില്‍ നിന്ന് രണ്ട് മൈല്‍ അകലെ ദക്ഷിണ ശൈഖ് ഹദീദിലും ആക്രമണമുണ്ടായിരുന്നു.