Connect with us

Education

മഅ്ദിന്‍ അക്കാദമിയുടെ സംരംഭങ്ങള്‍ക്ക് കേംബ്രിഡ്ജ് സര്‍വകലാശാലയുടെ സഹകരണം

Published

|

Last Updated

ലണ്ടന്‍: വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളില്‍ മഅ്ദിന്‍ അക്കാദമിയുടെ സംരംഭങ്ങള്‍ക്ക് ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വിവിധ വകുപ്പുകള്‍ സഹകരണം നല്‍കും. വിദ്യാഭ്യാസ വിനിമയ പദ്ധതിയുടെ ഭാഗമായി കേംബ്രിഡ്ജ് സന്ദര്‍ശിച്ച മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
മഅ്ദിന്‍ അക്കാദമിക്കു കീഴിലെ മാനുസ്‌ക്രിപ്റ്റ്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ മോഡ്‌ലിന്‍ കോളജില്‍ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമിക് മാനുസ്‌ക്രിപ്റ്റ്‌സ് കോണ്‍ഫറന്‍സിലാണ് ധാരണയായത്. കേംബ്രിഡ്ജ് ഫാക്കല്‍റ്റി ഓഫ് ഏഷ്യന്‍ ആന്‍ഡ് മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസിനു കീഴിലെ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്, ഇസ്‌ലാമിക് മാനുസ്‌ക്രിപ്റ്റ്‌സ് അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
പുരാരേഖകളുടെ ശേഖരണം, സംരക്ഷണം, പരിശീലനം എന്നിവയിലും പൈതൃക സംരക്ഷണ രംഗത്തും ഒന്നിച്ചു പ്രവര്‍ത്തിക്കാനും അന്താരാഷ്ട്ര തലത്തിലെ വിവധ ഏജന്‍സികളുടെ സഹകരണം ലഭ്യമാക്കുന്നതിനും ഇതു വഴി കഴിയും. കേംബ്രിഡ്ജും മഅ്ദിന്‍ അക്കാദമിയും സംയുക്തമായി മാനു സ്‌ക്രിപ്റ്റ്‌സ് ട്രെയിനിംഗ് വര്‍ക്‌ഷോപ്പുകള്‍ നടത്തുന്നതിനും, ഈ രംഗത്ത് മികവു തെളിയിക്കുന്നവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ പരിശീലനം നല്‍കുന്നതിനും തീരുമാനമായി.
ചര്‍ച്ചകളില്‍ മാനുസ്‌ക്രിപ്റ്റ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ്‌സന്‍ മക്‌ലേന്‍, അസി. ഡയറക്ടര്‍ ചാര്‍ലി വാകര്‍ ആര്‍നോട്ട്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ജോണ്‍ എ. എലിറ്റ്‌സ്, കാലിഫോര്‍ണിയ സര്‍വകലാശാല യിലെ ഡേവിഡ് ജി ഹിര്‍ഷ്, സ്‌പെയിന്‍ അസ്സഗ്‌റ കള്‍ചറല്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ പ്രഫ. അബ്ദുസ്സമദ് അന്റോണിയോ റൊമിറോ റൊമെന്‍, തെസോറസ് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ മാനു സ്‌ക്രിപ്റ്റ്‌സ് ഡയറക്ടര്‍ ജോണ്‍ മംഫോഡ് സംബന്ധിച്ചു.