Connect with us

National

മുബൈ ആക്രമണം: പാക് ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ത്യയില്‍

Published

|

Last Updated

അമൃത്‌സര്‍: 2008ലെ മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ സാക്ഷികളുടെ മൊഴി എടുക്കുന്നതിനും തെളിവു ശേഖരിക്കുന്നതിനുമായി പാക്കിസ്ഥാനില്‍ നിന്നുള്ള എട്ടംഗ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ത്യയിലെത്തി.
വാഗാ അതിര്‍ത്തി വഴി ഏഴ് ദിവസത്തെ വിസാ കാലാവധിയിലാണ് പാക് സംഘം എത്തിയത്.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ മുഹമ്മദ് അസര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലെത്തിയത്. ഈ മാസം ഏഴിന് കമ്മീഷന്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഗണേഷ് ചതുര്‍ഥി ആഘോഷങ്ങളെ തുടര്‍ന്നാണ് പാക് സംഘത്തിന്റെ വരവ് വൈകിയത്. ഏഴ് ദിവസം കൊണ്ട് കേസിലെ സാക്ഷികളില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുക്കും. പോലീസുകാരില്‍ നിന്നും കേസ് പരിഗണിച്ച അതിവേഗ ജഡ്ജി എം എല്‍ തഹിലിയാനിയില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിക്കും.
നേരത്തെയും പാക്കിസ്ഥാന്‍ കോടതിക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സാക്ഷി മൊഴികളുടെ അഭാവത്തില്‍ അത് തള്ളിയ സാഹചര്യത്തിലാണ് കമ്മീഷന്‍ വീണ്ടുമെത്തിയത്. 2012ലാണ് കമ്മീഷന്‍ നേരത്തെ ഇന്ത്യയിലെത്തിയത്. മുംബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യയില്‍ അറസ്റ്റിലായ ഏക പ്രതി അജ്മല്‍ കസബിനെ ഇന്ത്യ കഴിഞ്ഞ വര്‍ഷം തൂക്കിലേറ്റിയിരുന്നു.കേസുമായി ബന്ധപ്പെട്ട് ലശ്കര്‍ ഇ ത്വയ്യിബ കമാന്‍ഡര്‍ സകീഉര്‍റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെയുള്ള ഏഴ് പാക് സ്വദേശികളുടെ വിചാരണ പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ നടന്നുവരികയാണ്.