ഇനി ഭാഷകളുടെ സംഗമ ഭൂവില്‍

Posted on: September 21, 2013 11:55 pm | Last updated: September 21, 2013 at 11:55 pm

മണ്ണാര്‍ക്കാട്: അടുത്ത വര്‍ഷം ഭാഷകളുടെ സംഗമ ഭൂമിയായ കാസര്‍കോഡില്‍ വീണ്ടും കാണാമെന്ന പ്രതീക്ഷയുമായാണ് മണ്ണാര്‍ക്കാട്ട് നിന്ന് പ്രതിഭകള്‍ വിടവാങ്ങിയത്.
അടുത്ത വര്‍ഷത്തെ സംസ്ഥാന സാഹിത്യോത്സവിന് വേദിയാകുന്നത് കാസര്‍കോഡ് ജില്ലയാണ്. ഇന്നലെ നടന്ന സമാപന സംഗമത്തില്‍ ജില്ലാ പ്രതിനിധികള്‍ പ്രസ്ഥാനിക പതാക ഏറ്റ് വാങ്ങി. ഇതിന് മുമ്പ് 1997ല്‍ തൃക്കരിപ്പൂരിലും 2006ല്‍ സഅദിയ്യ ക്യാമ്പസിലുമാണ് ജില്ലയില്‍ സംസ്ഥാന സാഹിത്യോത്സവ് അരങ്ങേറിയത്. ഇനിയുള്ള നാളുകള്‍ കാസര്‍കോട്ടുകാര്‍ക്ക് ധാര്‍മിക കേരളത്തിന്റെ വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് വിരുന്നൊരുക്കാനുള്ളതാകും.
വടക്കന്‍ കേരളത്തിന്റെ പെരുമയില്‍ ഇരുപത്തിയൊന്നാമത് സാഹിത്യോത്സവിന് അരങ്ങുണരുമ്പോള്‍ പുതിയ വിജയികള്‍ പിറവിയെടുക്കുമെന്ന പ്രതീക്ഷയിലാണ് കലാകേരളം. ഇത്തവണ 170 പോയിന്റ് നേടി അഞ്ചാം സ്ഥാനത്തായ കാസര്‍കോഡിന് വലിയൊരു മുന്നേറ്റത്തിന് കൂടിയുള്ള അവസരമാകും ലഭിക്കുക.