ഇശലുകളില്‍ മധുര സ്വരം തീര്‍ത്തു….. വി ടി നഈം കലാപ്രതിഭ

    Posted on: September 21, 2013 11:45 pm | Last updated: September 21, 2013 at 11:45 pm

    HSS Bakthiganam Nheem VT malappuramമണ്ണാര്‍ക്കാട്: ഇശലുകളില്‍ മധുര സ്വരം തീര്‍ത്തപ്പോള്‍ മലപ്പുറം ജില്ലയിലെ വി ടി നഈമിനെ തേടിയെത്തിയത് സംസ്ഥാന സാഹിത്യോത്സവിന്റെ കലാപ്രതിഭാ പട്ടം.
    ഹയര്‍സെക്കന്‍ഡറി വിഭാഗം മദ്ഹ് ഗാനം, അറബി ഗാനം, ഭക്തിഗാനം എന്നീ മൂന്നിനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് മലപ്പുറം വേങ്ങര കുറ്റൂര്‍ സ്വദേശി നഈം സംസ്ഥാന സാഹിത്യോത്സവിന്റെ കലാപ്രതിഭാ പട്ടം ചൂടിയത്. മലപ്പുറം മഅ്ദിന്‍ അക്കാദമി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സാഹിത്യോത്സവില്‍ സീനിയര്‍ മാപ്പിളപ്പാട്ട് ,സംഘഗാനം എന്നിവയില്‍ നഈമിനായിരുന്നു ഒന്നാം സ്ഥാനം.
    തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ഈ വര്‍ഷം മലപ്പുറം ജില്ലസാഹിത്യോല്‍സവിന്റെ കലാപ്രതിഭാ പട്ടം നേടിയാണ് നഈം സംസ്ഥാന സാഹിത്യോല്‍സവിനായി മണ്ണാര്‍ക്കാട്ടേക്കെത്തിയത്. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ പ്രാര്‍ഥനയും അധ്യാപകരുടെ പ്രോത്സാഹനവും നഈമിന് പിന്തുണ പകരുന്നു. പിതാവായ വി ടി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ തന്നെയാണ് കലാരംഗത്ത് നഈമിന്റെ ഗുരു.