Connect with us

National

ജമ്മു കാശ്മീര്‍ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു

Published

|

Last Updated

*** പ്രധാനമന്ത്രിയുടെ ഓഫീസിന് പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് കൈമാറി

*** സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ഉമര്‍ അബ്ദുല്ല സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ കരസേനാ മുന്‍ മേധാവി ജനറല്‍ വി കെ സിംഗ് ശ്രമിച്ചുവെന്ന റിപ്പോര്‍ട്ട് വിവാദമാകുന്നു. കരസേനയിലെ രഹസ്യ സേവനത്തിനുള്ള ഫണ്ട്, സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ വി കെ സിംഗ് ഉപയോഗിച്ചതായുള്ള റിപ്പോര്‍ട്ട്, സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ട് ഉന്നതതലത്തില്‍ പരിശോധിച്ചു വരികയാണെന്നും അതിനു ശേഷമേ നടപടി സ്വീകരിക്കാനാകൂവെന്നും പ്രതിരോധ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.

ജനറല്‍ വി കെ സിംഗ് കരസേനാ മേധാവിയായിരിക്കെ, 2010 മെയില്‍ മിലിട്ടറി ഇന്റലിജന്‍സിന് കീഴില്‍ ടെക്‌നിക്കല്‍ സര്‍വീസസ് ഡിവിഷന്‍ (ടി എസ് ഡി) എന്ന പ്രത്യേക വിഭാഗം രൂപവത്കരിച്ചിരുന്നു. ടി എസ് ഡി വഴി ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ രഹസ്യ ഫണ്ട് തിരിമറി നടത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുന്നതിനായി ജമ്മു കാശ്മീരിലെ കൃഷി മന്ത്രി ഗുലാം ഹസന്‍ മീറിന് 1.19 കോടി രൂപ നല്‍കിയതായി വാര്‍ത്ത പുറത്തുവിട്ട “ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം” പറയുന്നു. എന്നാല്‍, ഇക്കാര്യം മീര്‍ നിഷേധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗിനെ പിന്‍ഗാമിയാക്കാതിരിക്കാനും രഹസ്യ ഫണ്ടില്‍ നിന്ന് പണം ചെലവഴിച്ചിട്ടുണ്ട്.
ബിക്രം സിംഗിനെ കരസേനാ മേധാവിയാക്കാതിരിക്കാന്‍ സര്‍ക്കാറിതര സന്നദ്ധ സംഘടനയായ ജമ്മു കാശ്മീര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് ഓര്‍ഗനൈസേഷന് 2.38 കോടി രൂപ നല്‍കിയതായാണ് ആരോപണം. ബിക്രം സിംഗിനെ കരസേനാ മേധാവിയാക്കരുതെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹരജി നല്‍കിയ “യെസ് കാശ്മീര്‍” എന്ന സന്നദ്ധ സംഘടനയുമായി ബന്ധമുള്ള സംഘടനയാണിത്.
ടി എസ് ഡിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ജനറല്‍ ബിക്രം സിംഗ് കരസേനാ മേധാവിയായ ശേഷം രൂപവത്കരിച്ച സമിതിയാണ് റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്. ലഫ്റ്റനന്റ് ജനറല്‍ വിനോദ് ഭാട്ടിയയാണ് സമിതി അധ്യക്ഷന്‍. കഴിഞ്ഞ മാര്‍ച്ചിലാണ് പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മക്ക് സൈന്യത്തിന്റെ യഥാര്‍ഥ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കിയത്.
സഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ വി കെ സിംഗ് തയ്യാറായിട്ടില്ല. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വി കെ സിംഗ് നിയമോപദേശം തേടിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിക്കൊപ്പം വി കെ സിംഗ് വേദി പങ്കിട്ട സാഹചര്യത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള വാഗ്വാദങ്ങള്‍ക്ക് വിവാദം ഇടയാക്കി. അന്വേഷണ റിപ്പോര്‍ട്ടിനെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി കാണുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി പറഞ്ഞു. ബി ജെ പി വേദിയില്‍ വന്നതോടെ വി കെ സിംഗിനെ വേട്ടയാടുകയാണെന്നാണ് ബി ജെ പി പ്രതികരിച്ചത്.
ജനന തീയതിയെ ചൊല്ലിയുണ്ടായ വിവാദത്തിനൊടുവിലാണ് വി കെ സിംഗിന് കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കേണ്ടി വന്നത്. കേന്ദ്രത്തിനെതിരെ അദ്ദേഹം നടത്തിയ നിയമപോരാട്ടവും ഏറെ വിവാദമായിരുന്നു.