ജില്ലയില്‍ 85 ശതമാനം പേര്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്തു

Posted on: September 21, 2013 12:11 am | Last updated: September 21, 2013 at 12:11 am
SHARE

കണ്ണൂര്‍: ജില്ലയില്‍ ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തവര്‍ മൊത്തം ജനസംഖ്യയുടെ 85 ശതമാനം പിന്നിട്ടു. പാചകവാതകം ഉള്‍പ്പെെടയുളള ആവശ്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെയാണ് പേര് നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. അക്ഷയ ജില്ലാ കേന്ദ്രം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
ജില്ലയില്‍ പ്രധാനമായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ആധാര്‍ രജിസ്‌ട്രേഷന്‍ നടപ്പാക്കിവരുന്നത്. ജില്ലയിലെ 200 ഓളം അക്ഷയ കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട 48 കേന്ദ്രങ്ങളില്‍ ആധാര്‍ രജിസ്‌ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പാചകവാതകം, പെന്‍ഷന്‍, വെല്‍ഫയര്‍ ഫണ്ടുകള്‍ മുതലായ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നതിനാല്‍ അപേക്ഷകരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. തുടക്കത്തില്‍ എന്‍ പി ആര്‍ ഏജന്‍സിയായിരുന്നു ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തിവന്നത്. ജില്ലയില്‍ 17 ലക്ഷത്തിലധികം പേര്‍ ഇതുവഴി ആധാര്‍ അപേക്ഷ നല്‍കിയിരുന്നു. പിന്നീട് അക്ഷയ, കെല്‍ട്രോണ്‍ എന്നിവക്ക് ചുമതല കൈമാറി. നിലവില്‍ അക്ഷയ വഴി 8 ലക്ഷത്തിലധികം പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അപേക്ഷകരുടെ ബാഹുല്യം നിയന്ത്രിക്കാന്‍ ജില്ലാ അക്ഷയ കേന്ദ്രം ഈ മാസം മുതല്‍ 12 വരെ ജില്ലാ ആസ്ഥാനത്തും സയന്‍സ് പാര്‍ക്കിലുമായി ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. രണ്ടായിരത്തിലധികം പേരാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടൊപ്പം ആധാര്‍ തെറ്റുതിരുത്തല്‍, ഇ-ആധാര്‍, സ്റ്റാറ്റസ് പരിശോധന എന്നിവക്ക് പ്രത്യേക ഹെല്‍പ് ഡെസ്‌കുകളും ഏര്‍പ്പെടുത്തിയിരുന്നു.