Connect with us

Articles

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അന്തര്‍ധാര

Published

|

Last Updated

നരേന്ദ്ര മോഡിയെ ബി ജെ പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധി. രണ്ട് പേരുടെയും സാധ്യത സംശയസ്ഥാനത്താണ്. 2014ലേക്ക് ഉറ്റുനോക്കുന്ന രാഷ്ട്രീയ നിരീക്ഷകരെ അസ്വസ്ഥരാക്കുന്നത് ഇവരില്‍ ആര് പ്രധാനമന്ത്രിയാകും എന്നതല്ല ഈ മഹാരാജ്യത്തെ അതിന്റെ പ്രഖ്യാപിത ലക്ഷ്യമായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആദര്‍ശങ്ങളിലേക്ക് ആരാണടുപ്പിക്കുക എന്നതാണ്.
വ്യക്തിപൂജ, വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിച്ച് വോട്ട് ബേങ്കുകള്‍ നിര്‍മിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇന്ന് ഇന്ത്യയിലെ ഒരു രാഷ്ട്രീയ കക്ഷിയും മറ്റൊന്നിനേക്കാള്‍ ഭേദമല്ല. കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ആര്‍ എസ് എസ് ശാഖകള്‍ സജീവമായിരുന്നിട്ടും കേരളത്തിലെ ഒരു പഞ്ചായത്തില്‍ പോലും ശ്രദ്ധേയമായ ഒരു തിരഞ്ഞെടുപ്പ് വിജയം ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ക്ക് ലഭിക്കാതെ പോന്നത് കേരളം അത്രകണ്ടങ്ങ് സെക്കുലര്‍ ആയതുകൊണ്ടൊന്നുമല്ല; പിന്നെയോ ഇവിടുത്തെ മുഖ്യധാരാ കക്ഷികള്‍ തീവ്ര ഹിന്ദുത്വവും മൃദുഹിന്ദുത്വവും ഒക്കെ തരാതരം പോലെ പറഞ്ഞു വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി പയറ്റുന്ന അതേ അടവുകള്‍ പ്രയോഗിക്കുന്നതുകൊണ്ട് മാത്രമാണ്. ഈ ഏര്‍പ്പാടില്‍ ചിലപ്പോഴൊക്കെ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തിപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. പുറമെ കാണുന്നതുപോലെ നേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കമൊന്നുമല്ല പിന്നെയോ ഇവിടുത്തെ പ്രമുഖ ജാതിമത സമുദായങ്ങള്‍ക്ക് പണ്ടെങ്ങോ നഷ്ടമായ തന്‍പ്രമാണിത്തം വീണ്ടെടുക്കാനുള്ള പരിശ്രമമാണ്.

ജാതീയമായ അടിയൊഴുക്കുകള്‍ കേരള രാഷ്ട്രീയത്തെ മലിനമാക്കിത്തുടങ്ങിയത് 1960 മുതല്‍ക്കായിരുന്നു. പട്ടം താണു പിള്ള മുഖ്യമന്ത്രി, ആര്‍ ശങ്കര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി, പി ടി ചാക്കോ ആഭ്യന്തരമന്ത്രി. സി കെ ഗോവിന്ദന്‍ നായര്‍, കെ പി സി സി പ്രസിഡന്റ് ആയിരുന്നു. അന്നും ഇന്നത്തെ പോലെ ജാതീയമായ സമവാക്യങ്ങളെ ചൊല്ലിയുള്ള തമ്മില്‍ത്തല്ല് മാധ്യമ ചര്‍ച്ചകള്‍ക്കു ഹരം പകര്‍ന്നിരുന്നു. ഒപ്പം നിറുത്തി തിരഞ്ഞെടുപ്പ് ജയിച്ചെങ്കിലും, ലീഗിനു മന്ത്രിസ്ഥാനം നല്‍കാതെ സ്പീക്കര്‍ സ്ഥാനം മാത്രം നല്‍കി കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിന് മുന്നില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അവരുടെ ആദര്‍ശ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു. പക്ഷേ, അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. മായ്ച്ചാലും മായാത്ത ജാതിക്കുശുമ്പ് പല നേതാക്കളും പരസ്യമായിത്തന്നെ പ്രകടിപ്പിച്ചു തുടങ്ങി. പേട്ടയില്‍ ഒരു സ്വീകരണയോഗത്തില്‍ ആര്‍ ശങ്കര്‍ പറഞ്ഞു. “”ഞാനൊരു ഈഴവ സ്ത്രീയുടെ വയറ്റില്‍ പിറന്നതുകൊണ്ടു മാത്രമാണ് മുഖ്യമന്ത്രിയാകാതെ പോയത്.”” ഈഴവ വികാരം തനിക്കനുകൂലമായി ജ്വലിപ്പിച്ചു നിറുത്തുകയെന്നതായിരുന്നു അദ്ദേഹം ലക്ഷ്യമാക്കിയത്. പട്ടം നായന്മാരുടെ മന്ത്രിയും ശങ്കര്‍ ഈഴവരുടെ മന്ത്രിയും പി ടി ചാക്കോ കത്തോലിക്കരുടെ മന്ത്രിയും ആണെന്ന ധാരണ പ്രബലമായി. ഇതുമറ്റു സമുദായങ്ങളെ പ്രകോപിപ്പിച്ചു. താനൊരു മുസ്‌ലിം സ്ത്രീയുടെ വയറ്റില്‍ ജനിച്ചുപോയതുകൊണ്ടു മാത്രം ആണ് താന്‍ ഇപ്പോഴത്തെ മന്ത്രിസഭയില്‍ ഇല്ലാതെ പോയത് എന്ന് പത്തനംതിട്ടയിലെ ഒരു യോഗത്തില്‍ പി കെ കുഞ്ഞ് എം എല്‍ എ ആര്‍ ശങ്കറിന്റെ പ്രസ്താവനക്കു തിരിച്ചടി നല്‍കി. പി എസ് പി എന്ന ചെറിയ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞു സാഹിബ്. പി എസ് പി സംസ്ഥാന കമ്മിറ്റി കുഞ്ഞിന്റെ പേരില്‍ നടപടി സ്വീകരിച്ചു.
സീതി സാഹിബിന്റെ നിര്യാണം ലീഗിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി. കെ പി സി സി പ്രസിഡന്റ് സി കെ ഗോവിന്ദന്‍ നായരുടെ വിരോധം ലീഗിനോട് അയിത്തം കല്‍പ്പിച്ചു. പുതിയ സ്പീക്കര്‍ വര്‍ഗീയ വേഴ്ചയില്ലാത്ത മുസ്‌ലിം ആയിരിക്കണമെന്ന എ ഐ സി സി നിര്‍ദേശം വന്നു. ഒടുവില്‍ ലീഗുകാരനായ സി എച്ച് മുഹമ്മദ് കോയക്ക് സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ലീഗ് അംഗത്വം ഉപേക്ഷിക്കേണ്ടിവന്നു. കോണ്‍ഗ്രസുകാര്‍ സി എച്ചിന്റെ തൊപ്പി ഊരിച്ചു എന്നായി പ്രതിപക്ഷ ആക്ഷേപം. അധികം വൈകാതെ തന്നെ ലീഗിനെ പുകച്ചു പുറത്താക്കി. കോണ്‍ഗ്രസും പി എസ് പിയും തമ്മിലായി പോര്. കേന്ദ്രത്തിലെ സ്വാധീനം പ്രയോഗിച്ച് പട്ടം താണുപ്പിള്ളയെ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു. പി എസ് പിയെ ശിഥിലമാക്കുക എന്ന തന്ത്രം അതോടെ ഫലപ്രദമായി.

കോണ്‍ഗ്രസ് അതിന്റെ ബാഹ്യശത്രുക്കളെ ഒക്കെ ഒതുക്കി സ്വന്തം പാളയത്തില്‍ പട തുടങ്ങി. അടുത്ത മത്സരം ആര്‍ ശങ്കറെന്ന ഈഴവനും പി ടി ചാക്കോ എന്ന കത്തോലിക്കനും തമ്മിലായിരുന്നു. കോണ്‍ഗ്രസിലെ ഈഴവ പക്ഷം ആര്‍ ശങ്കറുമായും കത്തോലിക്കാ പക്ഷം പി ടി ചാക്കോയുമായും താദാത്മ്യപ്പെട്ടുകഴിഞ്ഞിരുന്നു. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ സൃഷ്ടിച്ച് അതു പ്രതിപക്ഷത്തിന് ചോര്‍ത്തിക്കൊടുത്ത് പൊതു ചര്‍ച്ചയാക്കുന്ന രീതി മന്ത്രിമാരല്ലാത്ത കോണ്‍ഗ്രസുകാര്‍ കൈമെയ് മറന്ന് ഏറ്റെടുത്ത കാലമായിരുന്നു അത്. മന്ത്രിസഭയും പാര്‍ട്ടി സംഘടനയും തമ്മില്‍ യാതൊരു പരസ്പര ബന്ധവും ഇല്ലെന്നു വന്നു. സംഘടനയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടവരാണ് മന്ത്രിമാരെന്നും അവര്‍ സംഘടനക്ക് അതീതമായി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും കെ പി സി സി പ്രസിഡന്റ് തുറന്നടിച്ചു.

ആരോപണപ്രത്യാരോപണങ്ങളും കൂടെ നില്‍ക്കുന്നവരുടെ കാലുവാരലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ മാത്രം അനുഭവം ആയിരുന്നില്ല. ഇന്ത്യ ഒട്ടുക്കും അതായിരുന്നു അവസ്ഥ. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് 1963ലെ കാമരാജ് പദ്ധതി എ ഐ സി സി അംഗീകരിച്ചു നടപ്പിലാക്കിയത്. മന്ത്രിമാര്‍ സ്ഥാനം രാജി വെച്ചു സംഘടനാ പ്രവര്‍ത്തനത്തിറങ്ങണമെന്നായിരുന്നു കാമരാജ് പദ്ധതിയുടെ സാരം. ഇതിന്റെ ഫലമായി വര്‍ഷങ്ങളായി മന്ത്രിസ്ഥാനത്തിരുന്നു മുരടിച്ച പല കേന്ദ്ര, സംസ്ഥാന മന്ത്രിമാരേയും ആ സ്ഥാനത്തുനിന്നും ഇറക്കിടവിടാന്‍ കഴിഞ്ഞു. കേരളത്തില്‍ ഇങ്ങനെ ഒരു അഴിച്ചു പണി വേണ്ടതില്ലെന്നായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം.
പട്ടത്തിന്റെ ഗവര്‍ണര്‍ പദവും സി കെ ഗോവിന്ദന്‍ നായരുടെ നിര്യാണവും ആയപ്പോള്‍ ആര്‍ ശങ്കര്‍, പി ടി ചാക്കോ എന്നീ അതികായകന്മാര്‍ ഒരുമിച്ചു പൊയ്‌ക്കൊള്ളും എന്നു കരുതിയവര്‍ക്കു തെറ്റി. ചാക്കോയും ശങ്കറും തമ്മിലുള്ള പോര് മറ നീക്കി പുറത്തുവന്നു. ഒരു സ്ത്രീയെ ഒപ്പം ഇരുത്തി സ്വയം കാറോടിച്ചു പോയ ആഭ്യന്തരമന്ത്രി തൃശൂര്‍ ടൗണില്‍ ഒരു പിടി വണ്ടിക്കാരനെ ഇടിച്ചിട്ട സംഭവം ഒരു കാട്ടുതീയുടെ പ്രതീതി സൃഷ്ടിച്ചു. ചാക്കോവിരോധികള്‍ ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ച് അദ്ദേഹത്തെ കുടുക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം ഇതോടെ മറ്റൊരു വഴിത്തിരിവില്‍ പ്രവേശിക്കുകയായിരുന്നു. ചാക്കോക്ക് രാജി വെച്ചൊഴിയേണ്ടിവന്നു. ചാക്കോ അനുകൂലികള്‍ ആക്രമണത്തിന്റെ കുന്തമുന മുഖ്യമന്ത്രി ശങ്കറെ ലക്ഷ്യമാക്കി കൂര്‍പ്പിച്ചുകൊണ്ടിരുന്നു. ഒപ്പം ചാക്കോയും മന്നത്തു പത്മനാഭനും ഒത്തുചേര്‍ന്നു ഒരു നായര്‍ നസ്രാണി ഐക്യത്തിന്റെ തിരക്കഥ ചമച്ചു. മുസ്‌ലിംകള്‍, ഈഴവര്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ അട്ടിമറിച്ച് സംരക്ഷണം സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാക്കുക എന്നതായിരുന്നു ആ തിരക്കഥയുടെ സാരാംശം. വിമോചന സമരാനന്തര കാലാവസ്ഥയില്‍ പെരുന്നയിലെ സ്വന്തം ആസ്ഥാനത്ത് ക്ഷീണിതനായിക്കഴിഞ്ഞിരുന്ന ആ നായര്‍ സിംഹം സട കുടഞ്ഞെഴുന്നേറ്റു. വീണ്ടും പഴയതു പോലെ ഒന്നു ഗര്‍ജിച്ചുനോക്കി. മുഖ്യമന്ത്രി ആര്‍ ശങ്കറാകട്ടെ മുറിവേറ്റ സിംഹത്തെ വീണ്ടും മുറിപ്പെടുത്താനുള്ള തയാറെടുപ്പിലായിരുന്നു. ചാക്കോയുടെ മന്ത്രിസഭയില്‍ നിന്നുള്ള പിന്‍മാറ്റത്തെ മന്തുകാലന്റെ മന്തുള്ള കാല്‍ പോയതു പോലെയേ ഉള്ളൂ എന്നു പരിഹസിച്ചു. ശങ്കറിന് മന്തുകാലന്റെ തൊഴി ഏല്‍ക്കേണ്ടിവരും എന്നായിരുന്നു പി ടിചാക്കോയുടെ പ്രതികരണം. ചാക്കോ ക്യാമ്പിലെ വിശ്വസ്ത ലഫ്റ്റനന്റായിരുന്ന ആര്‍ ബാലകൃഷ്ണ പിള്ള തന്റെ ഫ്യൂഡല്‍ പ്രതാപം വിളിച്ചറിയിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍ നടത്തി നസ്രാണി ഭൂ ഉടമകളുടെയും നായര്‍ പ്രമാണിമാരുടെയും കൈയടി വാങ്ങി. അദ്ദേഹം ശങ്കറെക്കുറിച്ച് പറഞ്ഞു: “”എച്ചിലു തിന്ന് വാലും ചുരുട്ടി പണ്ടു പാദസേവ ചെയ്തവര്‍ക്കാണ് ഇപ്പോള്‍ സ്ഥാനമാനങ്ങള്‍.””

എന്തായാലും പി ടി ചാക്കോയുടെ ഗ്രഹനില മോശമായിരുന്നു. മരണം വരേയും അച്ചടക്കം ഉള്ള കോണ്‍ഗ്രസുകാരനായി തുടര്‍ന്ന ചാക്കോയുടെ അനുയായികള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കാവേശം പകര്‍ന്നുകൊണ്ട് ഒരു പുതിയ പാര്‍ട്ടി രൂപവത്കരിച്ചു. അതായിരുന്നു കേരളാ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ ഒരു പോലെ പുതിയ പാര്‍ട്ടിയുടെ പിറവിയെ വളരെ നിസ്സാരമായിക്കണ്ടു. പുകഞ്ഞ കൊള്ളി പുറത്ത് എന്നായിരുന്നു കാമരാജിന്റെ പ്രതികരണം. “”ആത്മഹത്യ നമ്മുടെ നാട്ടില്‍ സാധാരണയാണ്. ബുദ്ധിമാന്മാര്‍ അത് ചെയ്യാറില്ലെന്നേയുള്ളൂ. ഇപ്പോള്‍ അത് നടന്നിരിക്കുന്നു.””ആര്‍ ശങ്കര്‍ പറഞ്ഞു.

പി എസ് പിക്കാരനായിരുന്ന പി കെ കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ ഇടതുപക്ഷവും ലീഗും വിഘടിത കോണ്‍ഗ്രസ് എം എല്‍ എമാരും അനുകൂലിച്ച് പാസാക്കുകയും ശങ്കര്‍ രാജി വെക്കുകയും ചെയ്തു.
കേരള രാഷ്ട്രീയത്തില്‍ ഒറ്റ കക്ഷിയുടെ കുത്തക ഭരണം സാധ്യമല്ലെന്നു തെളിയിച്ചതായിരുന്നു 1965ലെ പൊതു തിരഞ്ഞെടുപ്പ്. ആര്‍ക്കുമാര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ പോയ ആ തിരഞ്ഞെടുപ്പോടെ കൂട്ടുകക്ഷി ഭരണം ഒരനിവാര്യതയാകുകയായിരുന്നു. ഇതോടെ പാര്‍ട്ടികള്‍ക്ക് എത്ര ചെറുതായിരുന്നാലും ഭരണത്തില്‍ പങ്കാളിത്തവും കാര്യനേട്ടവും ഉണ്ടാക്കാമെന്നു വന്നു. കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും മാത്രമല്ല, എസ് പിയും ആര്‍ എസ് പിയും കേരളാ കോണ്‍ഗ്രസും എല്ലാം പല കഷണങ്ങളായി. ഒന്നിച്ച് ഒറ്റ പാര്‍ട്ടിയായി പോകുന്നതിലും ലാഭം തരാതരം പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറിയും മറിഞ്ഞും നിന്ന് വേണ്ടതൊക്കെ നേടിയെടുക്കുന്നതിന്റെ സുഖം രാഷ്ട്രീയക്കാര്‍ മനസ്സിലാക്കി. ജനങ്ങള്‍ എന്ന ആനയുടെ പുറത്ത് ഈ പാപ്പാന്മാര്‍ അമര്‍ന്നിരുന്നു.

1967ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം, മന്നം ഉള്‍പ്പെടെയുള്ള എല്ലാ സമുദായപ്രമാണിമാരേയും സ്വാധീനവലയത്തിലാക്കി. മെത്രാന്മാര്‍ ഒന്നടങ്കം കോണ്‍ഗ്രസ് അനുകൂല പ്രസ്താവനകള്‍ ഇറക്കി. വരാന്‍ പോകുന്ന കമ്യൂണിസ്റ്റ് വിപത്ത് മുന്നില്‍ക്കണ്ട് എങ്ങനേയും കോണ്‍ഗ്രസ് പാളയത്തിലെ കാണാതെ പോയ ആടുകളെ തേടി കത്തോലിക്കാ സഭയിലെ നല്ല ഇടയന്മാര്‍ വിശ്വാസികള്‍ക്കിടയില്‍ പാഞ്ഞുനടന്നു പ്രചാരണം നടത്തി. അതുകൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗബലം കേവലം ഒമ്പത് സീറ്റുകളിലൊതുങ്ങി. കേരളാ കോണ്‍ഗ്രസിന് ലഭിച്ചു അഞ്ച് സീറ്റുകള്‍. ഇതോടെ കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ നായക പരിവേഷത്തോടെ കെ കരുണാകരന്റെ ഭാഗ്യനക്ഷത്രം ഉദിച്ചുയര്‍ന്നു. തുടര്‍ന്നങ്ങോട്ടുള്ള കേരള രാഷ്ട്രീയ ചരിത്രം കരുണാകരനും കരുണാകരവിരുദ്ധരും എന്ന നിലയിലേക്കു വഴിമാറി. ഇതിന്റെ ഫലമായിരുന്നു എ ഗ്രൂപ്പും ഐ ഗ്രൂപ്പും. ഈ രണ്ട് ചേരികളിലായി കേരളത്തിലെ നേതൃദാഹികളായ ചെറുപ്പക്കാര്‍ അന്യോന്യം അങ്കം വെട്ടി. ഐ ഗ്രൂപ്പിന് മൂത്ത കോണ്‍ഗ്രസ് എന്നും എ ഗ്രൂപ്പിന് യൂത്ത് കോണ്‍ഗ്രസെന്നും മറ്റൊരു വിശേഷണവും നല്‍കപ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍, മുഖ്യമന്ത്രി ഇ എം എസ്. എ വിഭാഗത്തെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: “”കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ അകാലത്തില്‍ വാര്‍ധക്യം ബാധിച്ച യുവാക്കളാണ്.”” അധികാര സ്ഥാനങ്ങളില്‍ എത്താനുള്ള അമിതാവേശം, എത്തിക്കഴിഞ്ഞാല്‍ അവിടെ അള്ളിപ്പിടിച്ചിരിക്കാനുള്ള പിടിവാശി ഇതൊക്കെയാണ് വാര്‍ധ്യക്യത്തിന്റെ ലക്ഷണമായി ഇ എം എസ് കണ്ടത്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് തേടുമ്പോഴും പൊതു ജനങ്ങളെ അഭിമുഖീകരിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും ഒഴികെ മറ്റെല്ലാ സമയങ്ങളിലും കോണ്‍ഗ്രസുകാരെ എ ഐ ഗ്രൂപ്പുകളുടെ പ്രേതം വേട്ടയാടുന്നു. ഇന്നത്തെ ഈ കേരള മാതൃക നാളെ ഇന്ത്യക്കാകെ മാതൃകയാകുമോ? എന്നതാണ് ഇപ്പോഴത്തെ സംശയം.

Latest