ഗോതമ്പും ഇലവര്‍ഗങ്ങളും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ അകറ്റുന്നുവെന്ന് പഠനം

Posted on: September 20, 2013 11:41 pm | Last updated: September 20, 2013 at 11:41 pm

കൊച്ചി: ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദം കഴിഞ്ഞാല്‍ ലോകത്തേറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ തടയാന്‍ ഭക്ഷണരീതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍കൊണ്ട് കഴിയുമെന്ന് പഠന റിപ്പോര്‍ട്ട്. പുരുഷ അര്‍ബുദ രോഗികളില്‍ ആറിലൊരാളുടെ മരണകാരണം പ്രോസ്‌റ്റേറ്റ് ക്യാന്‍സറാണ്. പ്രായാധിക്യമുള്ളവരിലാണ് രോഗം കൂടുതല്‍ കണ്ടെത്തിയിട്ടുള്ളതെങ്കിലും ചുവന്ന മാംസവും നെയ്യും പരമാവധി കുറച്ചു കൊണ്ടുള്ള ആഹാരക്രമം പ്രോസ്‌റ്റേറ്റ് ക്യാന്‍സറില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കും.
‘ആഗോള കൊലയാളികളായ ഇത്തരം രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ആരോഗ്യകരമായ ഭക്ഷണ രീതി അത്യന്താപേക്ഷിതമാണ്. മാംസവും എണ്ണയും പാല്‍, തൈര് പോലുള്ള ക്ഷീരോത്പന്നങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കിയുള്ള ഭക്ഷണ രീതിയാണ് അഭികാമ്യം’ സണ്‍ റൈസ് ആശുപത്രിയിലെ ഡോ. സഞ്ചയ് ഭട്ട് പറയുന്നു.
വറുത്ത അരിയുടെ പലഹാരങ്ങളെ രുചിയില്‍ തോല്‍പ്പിക്കാനാകില്ലെങ്കിലും അവ ആരോഗ്യകരമായ പ്രഭാത ഭക്ഷണമല്ല. പ്രോസ്‌റ്റേറ്റ് ക്യാന്‍സറില്‍ നിന്ന് രക്ഷ നേടുന്നതിന് ഗോതമ്പ് പോലുള്ള നാരടങ്ങിയ ധാന്യങ്ങള്‍ വര്‍ധിപ്പിക്കാവുന്നതാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് കൂടിയായ ജോണ്‍ വൈറ്റ് നടത്തിയ പഠനമനുസരിച്ച് ചീര പോലുള്ള ഇല വര്‍ഗങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ തടയാന്‍ സഹായകരമാണ്.
അതേസമയം മധുരമുള്ള മിഠായി, സോഡ, ശീതള പാനീയങ്ങള്‍, സ്റ്റാര്‍ച്ചടങ്ങിയ വെള്ളയരി, ബ്രെഡ് എന്നിവയെല്ലാം അപകടകരമാണ്. ചുവന്ന മാംസങ്ങളും ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ക്യാന്‍സറിന് കാരണമായേക്കാവുന്ന സംയുക്തങ്ങളെ ഇവ ഉള്‍ക്കൊള്ളുന്നു എന്നതാണ് കാരണം. ചൂടാക്കും തോറും ഇവ മൂലമുള്ള രോഗസാധ്യതയും വര്‍ധിക്കുന്നു.
മാംസളമായ ഭക്ഷണ രീതി ശീലമാക്കിയ പുരുഷന്മാരിലാണ് അധികവും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കണ്ടെത്തിയിട്ടുള്ളത്. സസ്യങ്ങളില്‍ നിന്നുള്ള കൊഴുപ്പാണ് ജന്തുക്കളില്‍ നിന്നുള്ള കൊഴുപ്പിനേക്കാള്‍ മികച്ചത്. ഇതിനായി ആഹാരം പാകം ചെയ്യുമ്പോള്‍ വെണ്ണക്കു പകരം ഒലീവെണ്ണ ഉപയോഗിക്കാം. ഡോ. ഭട്ടിന്റെ അഭിപ്രായത്തില്‍’ ഭക്ഷണത്തില്‍ വിറ്റാമിനുകളും മിനറലുകളുമടങ്ങിയ പച്ചക്കറികളും പഴ വര്‍ഗങ്ങളും വര്‍ധിപ്പിക്കുന്നതിലൂടെ ആരോഗ്യത്തിന് വലിയ ഗുണമുണ്ടാകും. സോയാബീനില്‍ നിന്നുണ്ടാക്കുന്ന ‘ടൊഫു’ കഴിക്കുന്നത് പ്രോസേറ്റേറ്റ് ക്യാന്‍സറില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കും’ ഗ്രീന്‍ ടീ കുടിക്കുന്ന പുരുഷന്മാര്‍ക്ക് പ്രോസ്‌റ്റേറ്റ് അര്‍ബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നതായി ഭട്ട് പറയുന്നു.
പ്രോസ്‌റ്റേറ്റ് അര്‍ബുദത്തെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. കൂടുതലായി ലൈംഗിക ബന്ധത്തിലേര്‍പെടുന്നത്, വന്ധ്യംകരണം, സ്വയംഭോഗം, വലുതായ മൂത്ര സഞ്ചി എന്നിവയെല്ലാം രോഗത്തിന് കാരണമാകുമെന്നാണ് ഊഹാപോഹങ്ങള്‍. ഇവയെല്ലാം തന്നെ വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറയുന്നു.