Connect with us

Malappuram

അരീക്കോട് പവര്‍ഗ്രിഡ് യൂനിറ്റ് കമ്മീഷന്‍ ചെയ്യുന്നത് അനന്തമായി നീളുമെന്ന് സൂചന

Published

|

Last Updated

അരീക്കോട്: കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വിതരണത്തിനായി അരീക്കോട് സ്ഥാപിച്ച പവര്‍ഗ്രിഡ് യൂനിറ്റ് കമ്മീഷന്‍ ചെയ്യുന്നത് അനന്തമായി നീളുമെന്ന് സൂചന.
വര്‍ഷങ്ങള്‍ക്ക് മുമ്പേ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണെങ്കിലും കമ്മീഷന്‍ ചെയ്യാന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്ന ന്യായം പറഞ്ഞ് ഭീമന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ബുധനാഴ്ച രാത്രി കടത്തിക്കൊണ്ടു പോയി. മറ്റു സംസ്ഥാനങ്ങളിലുള്ള പവര്‍ഗ്രിഡ് യൂണിറ്റുകളിലേക്കാണ് ട്രാന്‍സ്‌ഫോര്‍മറുകള്‍ കൊണ്ടുപോകുന്നതെന്നാണ് ലോറി ജീവനക്കാര്‍ പറയുന്നത്. കൊണ്ടുപോകുന്നതിനിടെ അരീക്കോട് പൂക്കോട്ടുചോല സംസ്ഥാന പാതയില്‍ വൈദ്യുതി ലൈനില്‍ തട്ടി പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മധുരയിലേക്ക് സാമഗ്രികളുമായി പോവുകയായിരുന്ന ലോറിയാണ് വൈദ്യുതി ലൈനില്‍ തട്ടി യാത്ര തടസ്സപ്പെട്ടത്. ഉടന്‍ തന്നെ കമ്മീഷന്‍ ചെയ്യും എന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് ഭീമന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉള്‍പ്പെടെയുള്ള യന്ത്ര സാമഗ്രികള്‍ കടത്തിക്കൊണ്ടു പോയത്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ഇത് തിരിച്ചടിയാകും. മൈസൂര്‍ കൈഗയ് ആണവ നിലയിത്തില്‍ നിന്ന് കൊണ്ടുവരുന്ന 400 കെവി വൈദ്യുതി അരീക്കോട് 220 കെവി സബ്‌സ്റ്റേഷന്‍ വഴി വഴി മലബാറിലെ വിവിധ മേഖലകളില്‍ വൈദ്യുതി എത്തിക്കുന്നതിനുദ്ദേശിച്ചാണ് പദ്ധതി ആരംഭിച്ചത്.
2007 ല്‍ കമ്മീഷന്‍ ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ലൈന്‍ കടന്നു പോകുന്ന മൈസൂരില്‍ പ്രാദേശികമായുണ്ടായ എതിര്‍പ്പുകളായിരുന്നു പദ്ധതി നീണ്ടു പോകാന്‍ ഇടയാക്കിയത്. എന്നാല്‍ വനം വകുപ്പിന്റെ സഹകരണത്തോടെ 213 കിലോമീറ്റര്‍ ദൂരം വനത്തിനുള്ളിലൂടെ പവവര്‍ ഹൈവേ സ്ഥാപിച്ച് പ്രശ്‌നം പരിഹരിച്ചതാണ്. മലബാറിലെ വൈദ്യുത ക്ഷാമത്തിന് പരിഹാരം കാണുന്നതിന് വേണ്ടി കേന്ദ്രപൂളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ 400 കോടി ചെലവഴിച്ചാണ് പവര്‍ഗ്രിഡ് കേര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അരീക്കോട് യൂനിറ്റ് ആരംഭിച്ചത്.