സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് തുടങ്ങി

Posted on: September 20, 2013 9:54 am | Last updated: September 20, 2013 at 9:54 am

താമരശ്ശേരി: കൂടത്തായി, താമരശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അവധിക്കാല ക്യാമ്പുകള്‍ക്ക് തുടക്കമായി. വിദ്യാര്‍ഥികള്‍ക്കിടയിലെ കുറ്റവാസനകള്‍ക്ക് തടയിടാനായി ആരംഭിച്ച സ്റ്റുഡന്റ്‌സ് കേഡറ്റ് പദ്ധതി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
ശിക്ഷാ നിയമം, ഗതാഗത നിയമം, ഗതാഗത പരിശീലനം, വനപരിപാലനം, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലാണ് വിദഗ്ധര്‍ ക്ലാസെടുക്കുന്നത്. താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെ മൂന്ന് ദിവസത്തെ ക്യാമ്പ് വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എന്‍ കെ കാര്‍ത്യായനി അധ്യക്ഷത വഹിച്ചു. താമരശ്ശേരി സി ഐ. പി ബിജുരാജ്, അധ്യാപകരായ രാധാകൃഷ്ണന്‍, കെ സി ടോമി, എസ് പി സി കമ്യൂണിറ്റി ഓഫീസര്‍ ടി എം സുരേഷ് ബാബു സംസാരിച്ചു. വ്യക്തിത്വ വികസനം എന്ന വിഷയത്തില്‍ കെ എം മൊയ്തീന്‍കുഞ്ഞി, ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രധാന വകുപ്പുകള്‍ സംബന്ധിച്ച് സീനിയര്‍ സി പി ഒ സുധാകരന്‍ എന്നിവര്‍ ക്ലാസെടുത്തു. ഇന്നും നാളെയും എക്‌സൈസ്, ഫോറസ്റ്റ്, ട്രാഫിക് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ ക്ലാസെടുക്കും.
കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അവധിക്കാല ക്യമ്പ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷാജി ജോസ് അധ്യക്ഷത വഹിച്ചു.
താമരശ്ശേരി സി ഐ. പി ബിജുരാജ്, സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ ചക്കാനിക്കുന്നേല്‍, ഇ ഡി ഷൈലജ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി എന്‍ രാഗേഷ് സംസാരിച്ചു. ക്യാമ്പ് ശനിയാഴ്ച സമാപിക്കും.