സാന്ത്വന സ്പര്‍ശമേകി ‘ഡോക്ടര്‍മാര്‍ വീട്ടിലേക്ക്’ പദ്ധതി തുടങ്ങി

Posted on: September 20, 2013 9:40 am | Last updated: September 20, 2013 at 9:40 am

വടകര: സ്‌നേഹവും സാന്ത്വനവും മധുരവുമേകി സൗഹൃദം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ‘ഡോക്ടര്‍മാര്‍ വീട്ടിലേക്ക്’ പദ്ധതിക്ക് തുടക്കമായി. ഡോക്ടര്‍മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ട്രസ്റ്റ് ഭാരവാഹികളും അടങ്ങുന്ന സംഘം വടകരയിലെയും പരിസരത്തെയും വീടുകളില്‍ എത്തി രോഗികളുമായി കൂടിക്കാഴ്ച നടത്തുന്നതാണ് പദ്ധതി.
വടകര പുതിയ സ്റ്റാന്‍ഡിന് സമീപം സെറിബ്രല്‍ പാള്‍സി രോഗം മൂലം വിഷമത നേരിടുന്ന കവി അഖില്‍ രാജിന്റെ വീട്ടിലാണ് ഡോക്ടര്‍മാരുടെ സംഘം ആദ്യം എത്തിയത്. നിരവധി കവിതകള്‍ എഴുതിയ അഖില്‍ രാജിന് യാത്ര ചെയ്യുന്നതും ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ട്രസ്റ്റ് ഭാരവാഹികള്‍ ഇതിന് സമ്മതം നല്‍കി. അഖില്‍ രാജ് ഉള്‍പ്പെടെ യാത്രക്ക് താത്പര്യമുള്ള രോഗികളെയുമായി വയനാട്ടിലേക്കൊരു യാത്ര അടുത്ത ദിവസം തന്നെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രസ്റ്റ് ഭാരവാഹികള്‍.
ഇരിങ്ങല്‍ പാച്ചാക്കരയില്‍ ശരീരം ശോഷിക്കുന്ന അപൂര്‍വരോഗത്തെ തുടര്‍ന്ന് കഷ്ടത അനുഭവിക്കുന്ന യുവാക്കളായ അതുലിന്റെയും അരുണിന്റെയും വീട്ടിലേക്കായിരുന്നു ഡോക്ടര്‍മാരുടെ അടുത്ത സന്ദര്‍ശനം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. പി കെ ബാലകൃഷ്ണന്‍ ഇരുവരുടെയും പ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞു. ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ഇരുവര്‍ക്കും സദാസമയം ലഭിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ പറഞ്ഞു. വായനയില്‍ താത്പര്യമുള്ള ഇവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ നല്‍കാനും നടപടിയെടുക്കും. അതിനിടെ ഗായകന്‍ പ്രേംകുമാറും സാംസ്‌കാരിക പ്രവര്‍ത്തകന്‍ മണലില്‍ മോഹനനും പാടിയ പാട്ടുകള്‍ വേദന മറന്ന് ഇരുവരും ആസ്വദിച്ചു.
നിര്‍ധന രോഗികള്‍ക്ക് വീട്ടിലെത്തി സാന്ത്വനമേകുന്നതോടൊപ്പം അവരുടെ ചികിത്സക്ക് ആവശ്യമായ സഹായം എത്തിക്കാനും ട്രസ്റ്റ് ലക്ഷ്യമിടുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങിന് ട്രസ്റ്റ് പ്രസിഡന്റ് ഡോ. വി പിഗിരീഷ് ബാബു, ഹരീന്ദ്രന്‍ കരിമ്പനപ്പാലം, എം കെ ഹുസൈന്‍, ടി വി രാജേഷ് നേതൃത്വം നല്‍കി.
ട്രസ്റ്റിന്റെ സഹായം ആവശ്യമുള്ള രോഗികളുടെ ബന്ധുക്കള്‍ 9847231256, 9447337796 നമ്പറുകളില്‍ ബന്ധപ്പെടണം.