നഗരസഭാ അധികൃതര്‍ പൂട്ടിച്ച ക്വാര്‍ട്ടേഴ്‌സ് തുറന്നു

Posted on: September 20, 2013 9:38 am | Last updated: September 20, 2013 at 9:38 am

വടകര: നഗരസഭാ അധികൃതര്‍ അടച്ചുപൂട്ടിച്ച കെട്ടിടം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. മേപ്പയില്‍ പച്ചക്കറി മുക്കില്‍ ബിജുകുമാറിന്റെ ഉമടസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്ടേഴ്‌സാണ് തുറന്നത്.
ക്വാര്‍ട്ടേഴ്‌സിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് നഗരസഭാ ഉദ്യോഗസ്ഥരും മുനിസിപ്പല്‍ കൗണ്‍സിലറും പരിശോധന നടത്തുകയും വസ്തുതകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സ് അടച്ചുപൂട്ടാന്‍ നഗരസഭാ അധികൃതര്‍ ഉടമയോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന് ശേഷം മാസങ്ങളോളം അടഞ്ഞുകിടന്ന ക്വാര്‍ട്ടേഴ്‌സില്‍ ഈയടുത്ത ദിവസം മുതല്‍ വാടകക്ക് നല്‍കി ആളുകള്‍ താമസം തുടങ്ങിയിരിക്കയാണ്.
മലിനജലവും മറ്റും ഒഴുകി പോകാന്‍ സൗകര്യം ഒരുക്കാതെയും ശാസ്ത്രീയമായ സെപ്റ്റിക് ടാങ്കും സ്ഥാപിക്കാതെയുമാണ് വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചത്. ക്വാര്‍ട്ടേഴ്‌സ് തുറന്നതിനെ തുടര്‍ന്ന് മേപ്പയില്‍ സ്വദേശി പാലക്കുനിയില്‍ സത്യന്‍ വടകര നഗരസഭയില്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ ക്വാര്‍ട്ടേഴ്‌സുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നഗരസഭാ ആരോഗ്യ വിഭാഗം അനുവാദം നല്‍കിയിട്ടില്ലെന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.