Connect with us

Kerala

പമ്പുകള്‍ സപ്ലൈകോക്ക്: തീരുമാനം പെട്രോളിയം മന്ത്രാലയത്തിന് വിട്ടു

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ പമ്പുകള്‍ സിവില്‍ സപ്ലൈസിന് വാടകക്ക് നല്‍കുന്നതില്‍ തീരുമാനമെടുക്കുന്നത് എണ്ണക്കമ്പനികള്‍ പെട്രോളിയം മന്ത്രാലയത്തിന് വിട്ടു. ഇക്കാര്യമുന്നയിച്ച് എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു. കെ എസ് ആര്‍ ടി സിയുടെ ഡീസല്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയില്‍ സര്‍ക്കാറിന് അനുകൂല മറുപടി നല്‍കിയിട്ടില്ലെന്നാണ് എണ്ണക്കമ്പനികളുടെ പ്രതിനിധികള്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. നയപരമായ നടപടിയാണ് വേണ്ടത്. വിഷയത്തില്‍ ഉചിതമായ തീരുമാനം വേണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ മുംബൈയിലെ ഓഫീസുകളിലേക്ക് കത്ത് നല്‍കിയിരുന്നു. ഇതനുസരിച്ച് മൂന്ന് എണ്ണ കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ മുംബൈയില്‍ യോഗം ചേര്‍ന്നു. കാര്യങ്ങള്‍ വിശദമായ പരിശോധിച്ചെങ്കിലും കെ എസ് ആര്‍ ടി സിക്ക് അനൂകൂലമായി എണ്ണക്കമ്പനികള്‍ക്ക് തീരുമാനമെടുക്കാനാകില്ലെന്ന വിലയിരുത്തലാണുണ്ടായത്.
തുടര്‍ന്നാണ് തീരുമാനം പെട്രോളിയം മന്ത്രാലയത്തിന് വിടാന്‍ ധാരണയിലെത്തിയത്. ഇതുസംബന്ധിച്ച കത്തും മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. സബ്‌സിഡി നിരക്കില്‍ സിവില്‍ സപ്ലൈസിന് ഡീസല്‍ വന്‍തോതില്‍ നല്‍കുന്നതിന് പരിമിതികളുണ്ടെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. കെ എസ് ആര്‍ ടി സിക്കു വേണ്ടിക്കൂടി വാങ്ങുമ്പോള്‍ സിവില്‍ സപ്ലൈസ് വന്‍കിട ഉപഭോക്താവ് ആയി മാറില്ലേ എന്ന സംശയവും ഇവര്‍ പ്രകടിപ്പിക്കുന്നു. ഇപ്പോഴത്തെ നിലയില്‍ കേന്ദ്ര സര്‍ക്കാറില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി അനുകൂല തീരുമാനമുണ്ടാക്കുകയാണ് വേണ്ടതെന്നാണ് പൊതു വിലയിരുത്തല്‍.
അതേസമയം, ഡീസല്‍ പ്രതിസന്ധി രൂക്ഷമായതോടെ കെ എസ് ആര്‍ ടി സി വീണ്ടും ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു. ഇന്നല മാത്രം 1,184 സര്‍വീസുകളാണ് റദ്ദാക്കിയത്. ആകെ 5,601 സര്‍വീസുകള്‍ ഉള്ളതില്‍ 4,509 സര്‍വീസുകള്‍ മാത്രമാണ് ഇന്നലെ നടത്തിയത്. 320 ജന്റം സര്‍വീസുകളില്‍ 228 എണ്ണം മാത്രമാണ് സര്‍വീസ് നടത്തിയത്. കഴിഞ്ഞ ദിവസം 4,600 ഓളം ഷെഡ്യൂളുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്.
ഷെഡ്യൂളുകളൊന്നും വെട്ടിക്കുറച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് അവകാശപ്പെടുമ്പോഴാണ് സര്‍വീസ് നടത്തുന്ന ബസുകള്‍ അപ്രത്യക്ഷമാകുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ 196 ഷെഡ്യൂളുകളാണ് ഇന്നലെ പ്രധാനമായും വെട്ടിക്കുറച്ചത്. ഇവിടെ 1,175 ഷെഡ്യൂളുകളാണ് ആകെയുള്ളത്. ഇതില്‍ 979 ഷെഡ്യൂളുകള്‍ മാത്രമായിരുന്നു ഇന്നലെ സര്‍വീസ് നടത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളായി 4,700 മുതല്‍ 4,900 വരെ ഷെഡ്യൂളുകളാണ് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നത്.
കെ എസ് ആര്‍ ടി സിയുടെ പമ്പുകള്‍ സിവില്‍ സപ്ലൈസ് വകുപ്പിന് വാടകക്ക് നല്‍കുന്നത് വരെ സര്‍വീസുകളില്‍ കുറവുവരുത്തി പ്രതിസന്ധിയുടെ ആക്കം കുറക്കാനാണ് നീക്കം. ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നത് വരെ ഈ നിലയില്‍ മുന്നോട്ടു പോകാനാണ് ഉദ്യോഗസ്ഥതലത്തിലെ ധാരണ.

Latest