Connect with us

Articles

ദേശീയപാതാ വികസനം അട്ടിമറിക്കുന്നതാര് ?

Published

|

Last Updated

കേരളത്തിലെ ദേശീയ പാതയുടെ വീതി എത്ര മീറ്ററായിരിക്കണമെന്ന സംവാദം ഇനിയും അവസാനിക്കുന്നില്ല. സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ മുപ്പത് മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കുന്നതില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് എതിര്‍പ്പില്ലെന്ന് ബന്ധപ്പെട്ട മന്ത്രി ഓസാകാര്‍ ഫെര്‍ണാണ്ടസ് കേരളത്തില്‍ വന്ന് പ്രഖ്യാപിച്ചതുമുതല്‍ പ്രശ്‌നം വീണ്ടും സജീവമായി. പ്രഖ്യാപനം മാത്രമല്ല, അതിന് പിന്നാലെ കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനം കൂടി വന്നതോടെ കേരളത്തിലെ “റോഡ് വികസനം” സ്വപ്‌നം കണ്ട് നടന്ന ബി ഒ ടി ലോബികള്‍ക്ക് സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുന്നു. 45 മീറ്ററില്‍ കുറഞ്ഞ പാതാ വികസനം അസാധ്യമാണെന്നും കേരളം അത് അംഗീകരിക്കില്ലെന്നും എന്‍ എച്ച് എ ഐ വക്താക്കള്‍ തുറന്നടിച്ചു. സംസ്ഥാന ഗതാഗത വകുപ്പിന്റെ വക്താക്കളും 45 മീറ്റര്‍ വീതിയില്‍ മാത്രമേ റോഡ് വികസിപ്പിക്കൂവെന്ന് വ്യക്തമാക്കിയതോടെ പ്രശ്‌നം വീണ്ടും സങ്കീര്‍ണമായിരിക്കുകയാണ്.
ഈ ആദ്യ പാദ സംവാദമാകട്ടെ, ഒളിഞ്ഞിരുന്ന ഒരു വിരോധാഭാസം കൂടി പുറത്തുകൊണ്ടു വന്നു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാലമത്രയും പറഞ്ഞിരുന്നത് ദേശീയ പാതയുടെ വീതിയെത്രയെന്ന് തീരുമാനിക്കുന്നത് കേന്ദ്ര സര്‍ക്കാറാണ്, അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായമാണ് എന്നാണല്ലോ. എന്നാല്‍, കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വന്നതോടെ ആ വാദം പൊളിഞ്ഞുപോയി. കേന്ദ്രമല്ല, സംസ്ഥാനത്തെ ബി ഒ ടി ലോബികളുടെ പ്രത്യേക താത്പര്യമാണ് 45 മീറ്റര്‍ വീതി എന്ന വാദത്തില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് വ്യക്തമാകുകയാണിതിലൂടെ. ഈ സാഹചര്യത്തില്‍, ഒരിക്കല്‍ കൂടി ദേശീയ പാതാ വികസനം യഥാര്‍ഥത്തില്‍ അട്ടിമറിക്കുന്നതാരാണ് എന്ന് കൃത്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
ദേശീയ പാതയില്‍ ഒറ്റവരിപ്പാതയുടെ വീതി 3.5 മീറ്റര്‍ ആയിരിക്കുമെന്നും നാല് വരിപ്പാതയാണ് നിര്‍മിക്കുന്നതെങ്കില്‍ 14 മീറ്റര്‍ മതിയാകുമെന്നും ഹൈവേ അതോറിറ്റി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ബാക്കി ഭൂമി ജനങ്ങളെ ഒഴിപ്പിച്ച് ബലമായി പിടിച്ചെടുക്കുന്നത് വഴി നീളെ ടോള്‍ പിരിക്കുന്നതിനുള്ള ചുങ്കപ്പാതകള്‍ പണിയാനും ഇരുവശങ്ങളിലുമായി വന്‍കിട ഷോപ്പിംഗ് മാളുകള്‍ പണിത് കമ്പനികള്‍ക്ക് വന്‍ ലാഭം കൊയ്യാനുമാണെന്ന് സമാനമായ റോഡുകളില്‍ സഞ്ചരിച്ചിട്ടുള്ള ഏവര്‍ക്കും അറിവുള്ളതാണ്.
ദേശീയ പാതയുടെ വികസനച്ചുമതല സ്വകാര്യ കമ്പനികള്‍ക്കു കൈമാറിയതു മുതലാണ് ഈ നിക്ഷിപ്ത താത്പര്യം വികസിച്ചു വന്നത്. റോഡ് വികസനത്തേക്കാള്‍ അതിലൂടെ ലഭിക്കുന്ന അനുബന്ധ ലാഭവിഹിതവും പുതിയ കച്ചവട സാധ്യതകളുമാണ് നിര്‍മാണ കമ്പനികള്‍ നോട്ടമിടുന്നത്. ജനങ്ങള്‍ക്ക് മാന്യമായി സഞ്ചരിക്കാനുള്ള പൊതുവഴി ആവശ്യമായ രീതിയില്‍ വികസിപ്പിക്കുക എന്ന ക്ഷേമ സങ്കല്‍പ്പം മാറ്റി റോഡിന്റെ സ്വകാര്യവത്കരണമെന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചത് വന്‍കിട കമ്പനികളുടെ നിക്ഷേപം ഈ രംഗത്ത് കൊണ്ടുവരാനാണ്. പക്ഷേ, അതിന്റെ ദുരിതങ്ങള്‍ ഇന്നുള്ളതിന്റെ പതിന്മടങ്ങായി ജനങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് പ്രശ്‌നം പഠിച്ചവര്‍ക്കൊക്കെ പറയാനാകും.
ദേശീയ പാതയുടെ വികസനമാണ് ലക്ഷ്യമെങ്കില്‍ എത്രയോ വര്‍ഷം മുമ്പ് തന്നെ കേരളത്തിലെ 90 ശതമാനം പ്രദേശത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമായിരുന്നു. ഇന്നുമത് വൈകിയിട്ടില്ല. 38 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദേശീയ പാതാ വികസനത്തിന് വേണ്ടി സര്‍ക്കാര്‍ സ്ഥലമെടുക്കുന്നത്. 30. 2 മീറ്റര്‍ വീതിയില്‍ ജനങ്ങള്‍ സന്തോഷപൂര്‍വം സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തു. അന്ന് ദേശീയ പാതയുടെ വീതി ഏഴ് മീറ്ററാണ്. ഇന്നും ഏഴ് മീറ്ററാണ് മിക്കയിടത്തും. പാതയിരട്ടിപ്പിച്ചാല്‍ വീതി 14 മീറ്ററാകും. ആറ് വരിയാണ് നിര്‍മിക്കുന്നതെങ്കില്‍ 22 മീറ്ററില്‍ പണി പൂര്‍ത്തിയാക്കാം. അതിനുള്ള ഭൂമി സംസ്ഥാന സര്‍ക്കാറിന്റെ കൈവശമുണ്ടല്ലോ. എന്നിട്ടും കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി ദേശീയ പാതാ വികസനം വഴിമുട്ടി നില്‍ക്കുന്നതിന് ആരാണ് ഉത്തരവാദി? ഭൂമി വിട്ടുകൊടുത്ത ജനങ്ങളോ? ആജീവനാന്ത വാഹന നികുതി നല്‍കുന്ന യാത്രക്കാരോ?
അപ്പോള്‍ റോഡ് വികസനം സര്‍ക്കാര്‍ മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ചെലവില്‍ ദേശീയ പാതയുടെ വികസനമോ അറ്റകുറ്റപ്പണിയോ യഥാസമയം നടത്താതെ സ്വകാര്യ കമ്പനികള്‍ക്കു മൂലധനമിറക്കി കൊള്ളയടിക്കാന്‍, അവസരം തുറന്നു കൊടുക്കാന്‍, അധികാരികള്‍ കാത്തു നിന്നതുപോലെയാണ് കഥയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ വികസിച്ചു വരുന്നത്.
റോഡപകടങ്ങളും യാത്രാ ദുരിതങ്ങളും ചൂണ്ടിക്കാട്ടിയാണ് 45 മീറ്റര്‍ വീതിയില്‍ വികസനം വേണമെന്ന് അധികാരികള്‍ വാദിക്കുന്നത്. കേരളത്തിലെ റോഡുകള്‍ ചെറുതാണ്. വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ എല്ലാ റോഡുകളിലും വികസനം അനിവാര്യമാണ്. പക്ഷേ, അത് മറ്റ് സംസ്ഥാനങ്ങളില്‍ വികസിപ്പിക്കുന്ന മാതൃകയില്‍ കേരളത്തില്‍ നടപ്പില്ലായെന്ന് ഇവിടുത്തെ പരിതസ്ഥിതിയും ജനസാന്ദ്രതയും പരിഗണിക്കുമ്പോള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍, ദേശീയ പാതയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിഷ്‌കര്‍ഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് വികസനം സാധ്യമാക്കാന്‍ ആവശ്യമായ ഭൂമി ഇതിനകം ലഭ്യമായിരിക്കെ, അതുപയോഗിക്കാതെ ലക്ഷക്കണക്കിന് ആളുകളെയും കച്ചവടക്കാരെയും കുടിയൊഴിപ്പിക്കണമെന്ന നിര്‍ബന്ധ ബുദ്ധി കാട്ടുന്ന സര്‍ക്കാര്‍ നിലപാടാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ബി ഒ ടി റോഡുകള്‍ സ്ഥാപിച്ചാല്‍ റോഡപകടങ്ങള്‍ ഇല്ലാതാകുകയില്ലെന്ന കാര്യം മറക്കരുത്.
പാലിയേക്കരയില്‍ സ്ഥാപിച്ച റോഡിന്റെ ടോള്‍ ബൂത്തില്‍ അടിക്കടി ടോള്‍ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടികള്‍ തുടരുകയാണ്. ജനരോഷം ഇതിനകം ടോള്‍ ബൂത്തുകള്‍ക്കെതിരെ ഉയര്‍ന്നു കഴിഞ്ഞു. എന്നിട്ടും ടോള്‍ പിരിവില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാന്‍ തയ്യാറല്ല. റോഡ് നിര്‍മാണച്ചെലവിന്റെ 40 ശതമാനം ഗ്രാന്റ് എന്ന വ്യാജേന ഖജനാവില്‍ നിന്ന് ബി ഒ ടി കമ്പനികള്‍ക്ക് വന്‍തുക കൈമാറാന്‍ മേലധികാരികള്‍ സന്നദ്ധരായി നില്‍ക്കുകയാണ്. അതായത് ജനങ്ങളുടെ ചെലവില്‍ തന്നെയാണ് റോഡ് വികസനം നടത്തുന്നത് എന്നര്‍ഥം. അതിനുശേഷം, ജനങ്ങളില്‍ നിന്ന് ചുങ്കം പിരിക്കുന്നതിനുള്ള അധികാരം കമ്പനികള്‍ക്കു നല്‍കുകയും ചെയ്യും. എന്തൊരു അനീതിയാണിത് !
കേരളത്തിലെ റോഡുകള്‍ വിശേഷിച്ചും ദേശീയ പാത മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തുലോം വ്യത്യസ്തമാണ്. നദീതട സംസ്‌കാരങ്ങളെ അനുസ്മരിപ്പിക്കുന്നതു പോലെ, ഇവിടുത്തെ പാതകളുടെ പാര്‍ശ്വങ്ങളില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയും ജീവിത വ്യവഹാരങ്ങള്‍ അനുനിമിഷം സംഭവിക്കുകയും ചെയ്യുന്ന സ്ഥലമാണിത്. ഒരു ജീവിത സംസ്‌കൃതി തന്നെ പാതയോരങ്ങളില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. അതൊന്നും ഒരൊറ്റ രാത്രി കൊണ്ട് പറിച്ചെറിയാനാകില്ല. മറ്റെവിടെയും ജനങ്ങള്‍ക്ക് പോകാനില്ല. വീടുകളും ചരിത്രസ്മാരകങ്ങളും ആരാധനാലയങ്ങളും വ്യാപാരസ്ഥാപനങ്ങളും വിദ്യാലയങ്ങളുമൊക്കെ പാതയോരങ്ങളിലാണ്. ദേശീയ പാത തന്നെ ഒരു ലൈഫ് ലൈനാണ്. അതൊക്കെ ഇടിച്ചു നിരത്തി നാല് മീറ്റര്‍ വീതിയില്‍ കെട്ടി ഉയര്‍ത്തിയ മതിലുകള്‍ക്കകത്ത് റോഡ് നിര്‍മിച്ചാല്‍ കേരളം തന്നെ രണ്ടാകും. റോഡ് മുറിച്ചു കടക്കണമെങ്കില്‍ കിലോ മീറ്ററുകള്‍ താണ്ടണമെന്ന സ്ഥിതിയും അഭികാമ്യമല്ല.
കേരളത്തിലെ യാത്രാ രംഗത്തെ പ്രതിസന്ധികള്‍ക്കു പരിഹാരമായി വീതിയുള്ള റോഡുകള്‍ നിര്‍മിക്കാന്‍ ലഭ്യമായ സ്ഥലം വിനിയോഗിക്കുമെന്നാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിക്കേണ്ടത്. റോഡുകള്‍ ജനങ്ങള്‍ക്കു വേണ്ടിയാണ്. അല്ലാതെ ജനങ്ങളുടെ നെഞ്ചില്‍ കൂടി പാത പണിയാന്‍ നോക്കരുത്. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്താന്‍ ബിസിനസ് ക്ലാസ് ആളുകള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അവര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാകുന്നതാണ്. മോണോ റെയില്‍, വിമാനം, കപ്പല്‍ മാര്‍ഗം, സമാന്തര റോഡുകള്‍, റെയില്‍വേ, ജലനൗകകള്‍, അങ്ങനെയെന്തെല്ലാം മാര്‍ഗങ്ങള്‍! പക്ഷേ, അതൊന്നും പരിഗണിക്കാതെ പതിറ്റാണ്ടുകളായി മനുഷ്യര്‍ സഞ്ചരിക്കുന്ന ദേശീയപാതയെ, മനുഷ്യ ജീവിത പാതയെ ചവിട്ടിത്തകര്‍ക്കുന്ന സ്വകാര്യ ചുങ്കപ്പാത എന്ന ജനവിരുദ്ധ ആശയം ഉപേക്ഷിക്കാന്‍ അധികാരികള്‍ തയ്യാറായേ തീരൂ.
കേരളത്തിലെ പാതകളെ വില്‍പ്പനക്കു വെച്ചാല്‍ കവര്‍ന്നെടുക്കപ്പെടുന്നത് പാതയോടൊപ്പം മലയാളിയുടെ ജീവിതം തന്നെയായിരിക്കുമെന്ന് തിരിച്ചറിയാന്‍ വൈകരുത്.

 

smshajar@gmail.com

Latest