മരുസാഗര്‍ എക്‌സ്പ്രസിലെ ഭക്ഷ്യവിഷബാധ: വിതരണം ചെയ്തത് അഴുകിയ ഭക്ഷണം; ലാബ് റിപ്പോര്‍ട്ട് പുറത്ത്

Posted on: September 20, 2013 1:08 am | Last updated: September 20, 2013 at 1:08 am

കാസര്‍കോട്: നിരവധി യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ മരുസാഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍നിന്നും വിതരണം ചെയ്ത ഭക്ഷണം അഴുകിയതും ഉപയോഗശൂന്യവുമാണെന്ന് ലാബ് പരിശോധനാ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 24 പാന്‍ട്രികാര്‍ ജീവനനക്കാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.
കഴിഞ്ഞ മാസം 16നാണ് കേസിനാസ്പദമായ സംഭവം. അജ്മീറില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മരുസാഗര്‍ എക്‌സ്പ്രസിലെ 35 ഓളെ യാത്രക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 16ന് അജ്മീറില്‍നിന്നും പുറപ്പെട്ട ട്രെയിനില്‍നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. 17ന് രാത്രി 11 മണിയോടെ ട്രെയിന്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പലരുടെയും നില ഗുരുതരമായത്. ഇതോടെ അവശനിലയിലായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 35 ഓളം യാത്രക്കാരെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലിറക്കി ആര്‍ പി എഫും റെയില്‍വെ പോലീസും നാട്ടുകാരും ചേര്‍ന്ന് കാസര്‍കോട്ടെ വിവിധ ആശുപത്രികളിലെത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും റെയില്‍വെ സ്റ്റേഷനിലെത്തി ഭക്ഷ്യവിഷബാധയേറ്റവരെ പരിശോധിച്ചിരുന്നു. ട്രെയിനിലെ പാന്‍ട്രികാറില്‍നിന്നും വിതരണം ചെയ്ത എഗ്ഗ് ബിരിയാണി, ചപ്പാത്തി, തൈര്, വെജിറ്റബിള്‍ ബിരിയാണി എന്നിവയില്‍നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നായിരുന്നു പരാതിയുണ്ടായിരുന്നത്. ഇത് ശരിവെക്കുന്ന തരത്തിലാണ് പാന്‍ട്രികാറില്‍ പരിശോധന നടത്തിയവര്‍ക്ക് ഭക്ഷണം കണ്ടപ്പോള്‍ മനസിലായത്. അഴുകിയ ഭക്ഷണത്തില്‍നിന്നും രൂക്ഷഗന്ധമായിരുന്നു. സംഭവത്തില്‍ മരുസാഗര്‍ എക്്രപ്രസിലെ പാന്‍ട്രികാര്‍ മാനേജര്‍, നടത്തിപ്പുകാരന്‍, ജീവനക്കാരന്‍ എന്നിവര്‍ക്കെതിരെ റെയില്‍വെ പോലീസ് കേസെടുക്കുകയും പാന്‍ട്രികാറില്‍നിന്നും ശേഖരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ കോഴിക്കോട്ടെ ലാബില്‍ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു.
ഈ പരിശോധനാ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം കാസര്‍കോട് റെയില്‍വെ പോലീസിനു ലഭിച്ചത്. എഗ്ഗ് ബിരിയാണി, വെജിറ്റബിള്‍ ബിരിയാണി, ചപ്പാത്തി, തൈര് എന്നിവ പഴകിയതും അഴുകിയതുമാണെന്നും ഇതില്‍ കൂടിയാണ് വിഷബാധയുണ്ടായതെന്നുമാണ് പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് റെയില്‍വെ പോലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 24 പാന്‍ട്രികാര്‍ ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി തലശ്ശേരി സെഷന്‍സ് കോടതിയെ സമീപിച്ചത്.