ചെലവ് ചുരുങ്ങാന്‍

Posted on: September 20, 2013 6:07 am | Last updated: September 20, 2013 at 1:09 am

siraj copyസാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയേതര ചെലവ് ചുരുക്കല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ വകുപ്പുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ധന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സാധാരണ ഉദ്യോഗസ്ഥര്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ വിമാന യാത്ര നടത്തരുതെന്നും വിദേശയാത്ര നടത്തുന്ന പ്രതിനിധി സംഘാംഗങ്ങളുടെ എണ്ണം പരമാവധി കുറക്കണമെന്നും നിര്‍ദേശമുണ്ട്.
നികുതിയിനത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്ന 10.6 ലക്ഷം കോടി വരുമാനം ലക്ഷ്യം കാണില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി വെട്ടിക്കുറക്കണമെന്ന് റിസര്‍വ് ബേങ്കും ആസുത്രണ കമ്മീഷനും ആവശപ്പെട്ടതിനെ തുടര്‍ന്നാണ് പദ്ധതിയേതര ചെലവില്‍ 10 ശതമാനം കുറവ് വരുത്തുന്നത്. സബസിഡികള്‍ വെട്ടിക്കുറക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു വന്നിരുന്നെങ്കിലും പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ അത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന ആശങ്ക മൂലം വേണ്ടെന്ന് വെക്കുകയായിരുന്നു.
അഴിമതിയും ധൂര്‍ത്തുമാണ് സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങള്‍. നേതാക്കള്‍ ലളിതജീവിതം നയിക്കണമെന്നുദ്‌ഘോഷിച്ച ഗാന്ധിജിയുടെ അനുചരന്മാരെന്നഭിമാനിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദവും ആഢംബര ജീവതത്തില്‍ മത്സരിക്കുകയാണ്. വിദേശ യാത്രകള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സുഖവാസത്തിനും ഔദ്യോഗിക വിരുന്നിനും മറ്റുമായി ശതകോടികളാണ ഇവര്‍ തുലച്ചു കളയുന്നത്. മുന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ വിദേശ യാത്രാ ചിലവ് വിവാദമായതാണ.് 23 രാജ്യങ്ങളിലായി അവര്‍ നടത്തിയ 13 വിദേശയാത്രകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവിട്ടത് 233 കോടി രൂപയാണ്. 2011 ഡിസമ്പര്‍ 11ന് പ്രതിഭാപാട്ടീല്‍ പങ്കെടുത്ത സൈനിക അവലോകന ചടങ്ങിന് പൊടി പൊടിച്ചത് 23.24 കോടിയായിരുന്നു. 2004 മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെയായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ വിദേശ യാത്രകളുടെ ചെലവ് 642 കോടി വരും. ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിന്റെ വിദേശയത്രാ ചെലവ് 10 കോടിയാണ്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സബ്‌സിഡികള്‍ നിര്‍ത്തലാക്കണമെന്ന് അടിക്കടി സര്‍ക്കാറിനെ ഉപദേശിക്കുന്ന ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ 234 ലക്ഷം ചെലവിട്ട് 42 വിദേശയാത്രകള്‍ നടത്തുകയുണ്ടായി.
പാര്‍ലിമെന്ററി സമിതികളുടെ ആഭിമുഖ്യത്തില്‍ എം പിമാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഔദ്യോഗിക പര്യടനമെന്ന പേരില്‍ ടൂറുകള്‍ നടത്താറുണ്ട്. ഇത്തരം യാത്രകളില്‍ അവര്‍ക്ക് താമസിക്കാന്‍ രാജ്യത്തെമ്പാടും ഗസ്റ്റ് ഹൗസുകളും മറ്റു ഔദ്യോഗിക മന്ദിരങ്ങളുമുണ്ടെങ്കിലും സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തന്നെ വേണം അവര്‍ക്ക് അന്തിയുറങ്ങാന്‍. ഇതുവഴി കോടി കളുടെ ബാധ്യതയാണ് സര്‍ക്കാറിന് വന്നുചേ രുന്നത്.
സര്‍ക്കാറുകള്‍ മാറുമ്പോള്‍ മന്ത്രി മന്ദിരങ്ങള്‍ മോഡി പിടിപ്പിക്കാനും പുതിയ വാഹനങ്ങള്‍ വാങ്ങിക്കൂട്ടാനും ഔദ്യോഗിക വിരുന്നുകള്‍ക്കുമെല്ലാം വിനിയോഗിക്കുന്നത് കോടികളാണ്. 120 കോടി ജനസംഖ്യയില്‍ 20 ശതമാനത്തിലേറെ പട്ടിണിപ്പാവങ്ങളും അവശേഷിക്കുന്നവരില്‍ 60 ശതമാനം 22.50 രുപ പ്രതിദിന വരുമാനക്കാരുമായ ഒരു രാജ്യത്തെ ജനസേവകരെന്നവകാശപ്പെടുന്ന മന്ത്രിമാരുടെയും എം പിമാരുടെയും ഈ ധൂര്‍ത്തിന് എന്ത് ന്യായീകരണമുണ്ട്? അടുത്ത കാലത്തൊന്നും അനുഭവിച്ചിട്ടില്ലാത്ത വിധം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഭരണ രംഗത്തെ ഇത്തരം ധൂര്‍ത്തുകള്‍ക്ക് കടിഞ്ഞാണിട്ടേ തീരൂ. എന്നാല്‍ ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചതു കൊണ്ടായില്ല, അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാ റിനുണ്ടാകണം. ഇതിന് മുമ്പും പലപ്പോഴും ചെലവ് ചുരുക്കല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിരന്നെങ്കിലും മന്ത്രിമാരുടെ എതിര്‍പ്പ് മൂലം താമസംവിനാ പിന്‍വലിക്കേണ്ടി വരികയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം നവമ്പറില്‍ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം പ്രഖ്യാപിച്ച ചെലവ് ചുരുക്കല്‍ പദ്ധതി, മന്ത്രിമാര്‍ എക്‌സിക്യൂട്ടിവ് ക്ലാസുകളിലെ വിമാനയാത്ര ഇക്കോണമി ക്ലാസിലേക്ക് മാറണമെന്ന നിര്‍ദേശത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്കകം പിന്‍വലിച്ചത്. പുതിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് എത്ര നാളത്തെ ആയുസ്സുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.